Connect with us

സ്വതന്ത്രമായി പാട്ട് ചെയ്തിരുന്ന സമയത്താണ് സിനിമയിലേക്ക് വിളിക്കുന്നത്; ഇത്തരം പാട്ടുകളെ ഭൂമിയിൽ രേഖപ്പെടുത്തുക എന്നതാണ് ലക്ഷ്യം; നഞ്ചിയമ്മ മലയാള സിനിമയിൽ കൊണ്ടുവന്നത് വിപ്ലവകരമായ മാറ്റം; പാലാപള്ളി തിരുപ്പള്ളി താരം അതുൽ നറുകര !

News

സ്വതന്ത്രമായി പാട്ട് ചെയ്തിരുന്ന സമയത്താണ് സിനിമയിലേക്ക് വിളിക്കുന്നത്; ഇത്തരം പാട്ടുകളെ ഭൂമിയിൽ രേഖപ്പെടുത്തുക എന്നതാണ് ലക്ഷ്യം; നഞ്ചിയമ്മ മലയാള സിനിമയിൽ കൊണ്ടുവന്നത് വിപ്ലവകരമായ മാറ്റം; പാലാപള്ളി തിരുപ്പള്ളി താരം അതുൽ നറുകര !

സ്വതന്ത്രമായി പാട്ട് ചെയ്തിരുന്ന സമയത്താണ് സിനിമയിലേക്ക് വിളിക്കുന്നത്; ഇത്തരം പാട്ടുകളെ ഭൂമിയിൽ രേഖപ്പെടുത്തുക എന്നതാണ് ലക്ഷ്യം; നഞ്ചിയമ്മ മലയാള സിനിമയിൽ കൊണ്ടുവന്നത് വിപ്ലവകരമായ മാറ്റം; പാലാപള്ളി തിരുപ്പള്ളി താരം അതുൽ നറുകര !

ഇപ്പോൾ ചർച്ചചെയ്യപ്പെടുന്ന സിനിമയാണ് പൃഥ്വിരാജ് വ്യത്യസ്ത വേഷത്തിൽ എത്തിയ കടുവ. കുറെകാലങ്ങൾക്ക് ശേഷമാണ് പൃഥ്വിയെ ഇത്തരത്തിൽ ഒരു കഥാപാത്രമായി മലയാളികൾ കാണുന്നത്. സിനിമയിലെ ഡയലോഗ് ഉണ്ടാക്കിയ പൊല്ലാപ്പൊക്കെ മാപ്പപേക്ഷയോടെ അവസാനിച്ചിരുന്നു.

ആവോ ധാമാനോ…പാലാപള്ളി തിരുപ്പള്ളി… എന്ന കടുവ ടൈറ്റിൽ സോങ് സോഷ്യൽ മീഡിയ അടക്കി വാഴുകയാണിപ്പോൾ. തീയേറ്ററുകളിൽ ഈ പാട്ട് കേട്ട് എഴുന്നേറ്റ് നിന്ന് തുള്ളത്താവരായി ആരും തന്നെയുണ്ടാകാൻ സാധ്യതയില്ല. അത്രത്തോളം എനർജിയാണ് ഈ പാട്ട് കേൾക്കുന്നവന് നൽകുന്നത്. നാടൻപാട്ടിന്റെ നൈർമല്യവും തനിമയും ഒട്ടും ചോരാതെയാണ് സോൾ ഓഫ് ഫോക്ക് എന്ന ബാൻഡ് ഈ പാട്ടൊരുക്കിയിരിക്കുന്നത്.

കേട്ടിട്ടും, കേട്ടിട്ടും മതിവരാത്ത ഈ പാട്ട് പാടിയിരിക്കുന്നത് സോൾ ഓഫ് ഫോക്കിന്റെ അമരക്കാരനായ അതുൽ നറുകരയാണ്. പാലാപള്ളിയിലേക്കുള്ള അതുലിന്റെ വരവിനെ കുറിച്ച് ഒരു മീഡിയയിൽ പറഞ്ഞ താരത്തിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

“വേദികളിലൊക്കെ പാരമ്പര്യമായി പാടി വരുകയായിരുന്നു ഞങ്ങൾ. അങ്ങനെയിരിക്കെ സോഷ്യൽ മീഡിയയിലൂടെ നമ്മുടെ ഒരു പാട്ട് കണ്ടിട്ട് സന്തോഷ് ശിവൻ സാറാണ് കോൺടാക്ട് ചെയ്യുന്നത്. എംടി സാറിന്റെ ചെറുകഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന ആന്തോളജിയിലെ ഒരു ചിത്രമായ അഭയം തേടിയിലേക്ക് സന്തോഷ് സാർ പാട്ട് പാടാൻ അവസരം തന്നു. ഇതിന്റെ സംഗീത സംവിധാനമൊരുക്കിയത് ജേക്സ് ബിജോയ് ആയിരുന്നു. ഇതായിരുന്നു പുഴുവിലേക്കും പിന്നീട് കടുവയിലേക്കുമുള്ള വഴി തുറന്നത്.

ഞങ്ങളുടെ ഒരു പാട്ട് ജേക്സ് സാറിന് കാണിച്ചു കൊടുത്തിരുന്നു. അദ്ദേഹത്തിന് ആ പാട്ട് ഇഷ്ടപ്പെടുകയും ചെയ്തു. അങ്ങനെയാണ് കടുവ ചെയ്യുന്നത്. വളരെ യാദൃശ്ചികമായിട്ടായിരുന്നു ഇത്. ഇത്തരത്തിൽ പാട്ട് ആളുകൾ ഏറ്റെടുക്കുമെന്നോ ജനശ്രദ്ധ നേടുമെന്നോ നമ്മൾ ഒരിക്കലും കരുതിയിരുന്നില്ല. ഇപ്പോൾ പുറത്തേക്കൊക്കെ ഇറങ്ങുമ്പോൾ ആളുകൾ മനസിലാക്കുന്നുണ്ട്. സിനിമയിലെ ഒരു പ്രൊമോ വീഡിയോയുടെ ഭാഗമായി അതിൽ അഭിനയിക്കാൻ പറ്റിയതും വലിയ ഭാഗ്യമായി.

ഏകദേശം ഒരു കോടി വ്യൂവേഴ്സിന് അടുത്ത് എത്താൻ പോവുകയാണ് പാട്ട്. നമ്മളെ സംബന്ധിച്ചിടത്തോളം ഇതൊരു സ്വപ്നമാണ്. ഒരു സ്വപ്നത്തിൽ നിന്ന് എഴുന്നേറ്റ പോലെയെന്നൊക്കെ വേണമെങ്കിൽ പറയാം. നമ്മൾ പുതിയ ആളുകളാണെന്ന തരത്തിലുള്ള രീതിയിൽ ആരും പെരുമാറിയിരുന്നില്ല. എല്ലാവരും നല്ല സപ്പോർട്ട് ആയിരുന്നു. നമ്മുക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന ഒരു കാര്യവും ഉണ്ടായിട്ടില്ല.

പുഴുവിനും കടുവയ്ക്കും രണ്ട് ഓഡിയൻസാണ് വരുന്നത്. അതൊരു ചലഞ്ചായിരുന്നു. കാരണം രണ്ട് ഓഡിയൻസിനും നമ്മളെ കേട്ടാൽ ഇഷ്ടമാകുമോ എന്നതായിരുന്നു ചിന്ത. പുഴുവിലേത് നമ്മുടെ ആത്മാവിനെ തൊട്ടുണർത്തുന്ന പോലത്തെ പാട്ടായിരുന്നു. പക്ഷേ കടുവയിലേത് ഒരു അടിച്ചുപൊളി പാട്ടാണ്. രണ്ട് പാട്ടുകളും രണ്ട് രീതിയിലുള്ളതാണ്.

പാലാപ്പള്ളി എന്ന് പറയുന്നത് വടകര ഭാഗത്തുള്ള പുലയ സമുദായത്തിലെ മരണവുമായി ബന്ധപ്പെട്ട പാട്ടാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇത്തരം പാട്ടുകളെ ഭൂമിയിൽ രേഖപ്പെടുത്തുക എന്നതാണ് ലക്ഷ്യം. വടകരയ്ക്ക് അടുത്തുള്ള നാണു പാട്ടുപുര, കബനി നാടൻ കലാസംഘം, ബിജു ആവിള എന്നീ മൂന്നു പേരാണ് നമ്മുക്ക് ഈ പാട്ട് കൈമാറിയിട്ടുള്ളത്. അങ്ങനെയാണ് ഈ പാട്ടിലേക്ക് എത്തുന്നത്. ആ കമ്മ്യൂണിറ്റിയോടും അവിടുത്തെ ആളുകളോടും ചോദിച്ചതിന് ശേഷമാണ് ഈ പാട്ട് ചെയ്യുന്നത്. അതുപോലെ ഈ നാണു പാട്ടുപുരയ്ക്ക് ഇപ്പോൾ ഏകദേശം 70 ൽ കൂടുതൽ പ്രായമുണ്ടായിരിക്കും.

ചെറുപ്പം മുതൽ നാടൻ കലാ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാളാണ് അദ്ദേഹം. പക്ഷേ ഈ ഒരു പാട്ട് പുറത്തു വന്നതിന് ശേഷമാണ് അദ്ദേഹത്തെ എല്ലാവരും വിളിക്കുന്നത്. കുറച്ചു മനുഷ്യരെ രേഖപ്പെടുത്തുക എന്നത് വലിയ ആഗ്രഹമായിരുന്നു. ഒരിക്കലും ഒരു ചിത്രത്തിലോ പുസ്തകത്തിലോ പേരില്ലാതെ, വിക്കിപീഡിയയിലോ ഗൂഗിളിലോ പോലും പേരില്ലാത്ത ഒരു മനുഷ്യന് ഒരു അഡ്രസ് കിട്ടിയല്ലോ, ഒരു പാട്ടിലൂടെ. അതിനൊക്കെ അപ്പുറത്ത് ആ ഒരാളെ എനിക്ക് രേഖപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. അതിന് ഒപ്പം ആ കമ്മ്യൂണിറ്റിയേയും. ഞാൻ വളരെ ആത്മാർഥമായിട്ടാണ് ഈ വർക്ക് ചെയ്തത്. അതുകൊണ്ട് മോശമായി ഒരു അനുഭവം വരുമെന്ന് എനിക്ക് തോന്നുന്നില്ല.

സ്വതന്ത്രമായി കുറേ പാട്ടുകൾ ചെയ്യണമെന്നാണ് ആഗ്രഹം. എപ്പോഴും നമ്മൾ സിനിമ കാത്തിരുന്നിട്ട് കാര്യമില്ലല്ലോ. സ്വതന്ത്രമായി പാട്ട് ചെയ്തിരുന്ന സമയത്താണ് സിനിമയിലേക്ക് വിളിക്കുന്നത്. കടുവ തുടങ്ങുന്നതിന് ആറേഴ് മാസം മുന്നേ പാട്ടുകളൊക്കെ റെഡിയായിരുന്നു. ഷൂട്ട് ചെയ്തത് സിനിമയുടെ ചിത്രീകരണം കഴിഞ്ഞതിന് ശേഷമായിരുന്നു. ഇപ്പോൾ ആളുകൾ തിരിച്ചറിയുന്നുണ്ടെന്നതിൽ സന്തോഷം. കൊമേഷ്യൽ സിനിമകളിലൊക്കെ ഇത്തരത്തിലുള്ള പാട്ടുകളും പറ്റുമെന്ന് കാണിച്ചു തന്നിട്ടുള്ള ആളാണ് ജേക്സ് ബിജോയ് സാർ. നമ്മുക്ക് ഒരു അവസരം തരുന്നത് ജേക്സ് ബിജോയ് സാറാണെന്ന് ആത്മാർഥമായി പറയാം.

സോൾ ഓഫ് ഫോക് എന്ന നമ്മുടെ ടീമിന്റെ ലക്ഷ്യം എന്ന് പറയുന്നത് ഇത്തരത്തിലുള്ള തനത് പാട്ടുകളും തനത് പറച്ചിലുകളുമൊക്കെ രേഖപ്പെടുത്തി പോകണമെന്നാണ്. നാടൻ പാട്ടുകളോടുള്ള ഇഷ്ടം കാരണമാണ് ഞാൻ ഫോക്‌ലോർ തന്നെ പഠനത്തിന് തെരഞ്ഞെടുക്കാൻ കാരണം. എംഎ ഫോക്‌ലോറിൽ 2018-19 വർഷത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്കും കരസ്ഥമാക്കിയിരുന്നു.

ആ വർഷം തന്നെ കേരള സ്റ്റേറ്റ് ഫോക്‌ലോർ അക്കാദമി അവാർഡും ലഭിച്ചത് ഇരട്ടി മധുരമായി. 2019 ൽ കലാഭവൻ മണിയോടൊപ്പം പുരസ്കാരം ലഭിച്ചിരുന്നു. നാടൻ പാട്ടുകളെ ജനകീയമാക്കുന്നതിൽ വലിയൊരു പങ്കുവഹിച്ചത് കലാഭവൻ മണിയെന്ന വലിയ മനുഷ്യനാണ്. പാലാപ്പള്ളി കേട്ടപ്പോൾ ചിലർക്കൊക്കെ അദ്ദേഹത്തിന്റെ ആ ടോണും വൈബ്രേഷനും ഒക്കെ തോന്നുന്നതു കൊണ്ടാകാം മണിച്ചേട്ടനോട് സാമ്യമുണ്ടെന്ന് പറയുന്നത്.

അദ്ദേഹമാണല്ലോ നാടൻപാട്ടിനെ ഇത്രകണ്ട് ഉഷാറാക്കിയത്. പുതിയ കാലത്ത് ഇലക്ട്രോണിക് മെഷീൻ പോലെയുള്ള കാര്യങ്ങൾ അതായത് ഡിജെയൊക്കെ അരങ്ങ് ഭരിക്കുന്ന കാലത്ത് നാട്ടുപറച്ചിലുകൾക്കും നാട്ടുപാട്ടുകൾക്കും വ്യക്തമായ ഒരു ഇടം കൊടുക്കണമെന്നുള്ള ആഗ്രഹത്തിന്റെ പുറത്താണ് സോൾ ഓഫ് ഫോക്ക് എന്ന നമ്മുടെ ടീം രൂപീകരിക്കുന്നത്.

നഞ്ചിയമ്മയ്ക്ക് ഒരുപക്ഷേ അത്ര പിച്ചിലൊന്നും പാടാൻ കഴിയില്ലായിരിക്കാം, ഒരു ദിവസം 15-ൽ കൂടുതൽ പാട്ടുകളും റെക്കോർഡ് ചെയ്യാനും കഴിയില്ലായിരിക്കാം ചിലപ്പോൾ ജീവിതത്തിൽ ആ ഒരൊറ്റ പാട്ട് മാത്രമേ ആ സ്ത്രീയ്ക്ക് പാടാൻ കഴിയുകയുണ്ടാവുകയുള്ളൂ. അതിനൊക്കെ അപ്പുറത്ത് ആ സ്ത്രീ ഏറ്റെടുക്കുന്ന വലിയ ഒരു കാര്യമുണ്ട്. ഈ നാട്ടു പാട്ടുകളെയൊക്കെ മുന്നോട്ട് കൊണ്ടുവരുന്നു എന്നതാണ് അത്. വലിയൊരു വിപ്ലവകരമായ മാറ്റമാണ് അവർ മലയാള സിനിമയിൽ കൊണ്ടുവന്നത്.

ഇത്തരത്തിലുള്ള കുറേ മനുഷ്യരെ രേഖപ്പെടുത്തി പോകണം. എപ്പോഴും പാട്ടു പഠിച്ചവർ മാത്രമല്ല അതിന്റെയൊക്കെ അപ്പുറത്ത് ഭംഗിയായിട്ട്, ചെറുപ്പം മുതലേ പാട്ട് പഠിക്കുന്നവരും സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും ഒരു വരുമാന മാർഗം എന്നതിലുപരി ജീവിതത്തിന്റെ ഭാഗമായി തന്നെ കൊണ്ടു നടക്കുന്നവരാണ്. എന്റെ അഭിപ്രായത്തിൽ അവാർഡ് 150 ശതമാനം നഞ്ചിയമ്മയ്ക്ക് കൊടുത്തത് നന്നായി.

about kaduva

More in News

Trending

Recent

To Top