Malayalam
കുറുവച്ചന്റെ കഥവെച്ച് മോഹന്‍ലാലിനെ നായകനായി ചിത്രം ചെയ്യണമെന്നുണ്ടായിരുന്നു; പക്ഷേ എന്തോ ഭാഗ്യക്കേട് കൊണ്ട് അത് നടന്നില്ല; തുറന്ന് പറഞ്ഞ് സംവിധായകന് ഷാജി കൈലാസ്
കുറുവച്ചന്റെ കഥവെച്ച് മോഹന്‍ലാലിനെ നായകനായി ചിത്രം ചെയ്യണമെന്നുണ്ടായിരുന്നു; പക്ഷേ എന്തോ ഭാഗ്യക്കേട് കൊണ്ട് അത് നടന്നില്ല; തുറന്ന് പറഞ്ഞ് സംവിധായകന് ഷാജി കൈലാസ്
ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായി പുറത്തെത്തിയ ചിത്രമാണ് കടുവ. ഇപ്പോഴിതാ കടുവയുടെ സ്ക്രിപ്റ്റിന് വേണ്ടി കുരുവിനാക്കുന്നേല്‍ കുറുവച്ചന്റെ വീട്ടില്‍ പോയിട്ടില്ലെന്ന് ഷാജി കൈലാസ്. കുറുവച്ചന്റെ കഥവെച്ച് വ്യാഘ്രം എന്ന സിനിമ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. അതില്‍ മോഹന്‍ലാലിനെയാണ് നായകനായി കണ്ടിരുന്നത്. പക്ഷേ ആ സിനിമ നടന്നില്ലെന്നും അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞു.
എഫ്.ഐ.ആര് എന്ന സിനിമക്ക് ലൊക്കേഷന്‍ നോക്കാനാണ് കുറുവാച്ചന്റെ വീട്ടില്‍ പോയത്. അതായിരുന്നു അദ്ദേഹവുമായുള്ള ആദ്യത്തെ കൂടിക്കാഴ്ച. പിന്നെ കണ്ടിട്ടില്ല. അന്ന് ആ വീട് കണ്ടതിന് ശേഷം അദ്ദേഹം തന്നെ ഞങ്ങളെ കുറച്ച് ലോക്കേഷന്‍ കാണിച്ചു. അല്ലാതെ സിനിമ ചെയ്യണം എന്ന് പറഞ്ഞ് പോയിട്ടില്ല. മൂന്നോ നാലോ മണിക്കൂര്‍ അദ്ദേഹത്തിനൊപ്പം സഞ്ചരിച്ചപ്പോള്‍ ഒരു ക്യാരക്റ്റര്‍ എനിക്ക് കിട്ടി. അത് രണ്‍ജി പണിക്കരുമായി ഷെയര്‍ ചെയ്തു.
ഈ കഥാപാത്രത്തെ പറ്റി രണ്ജിക്ക് നേരത്തെ അറിയാമായിരുന്നു. അങ്ങനെ ഒരു ചര്‍ച്ച നടക്കുകയും മോഹന്‍ലാലിനെ നായകനാക്കി വ്യാഘ്രം എന്ന പേരില്‍ സിനിമ ആക്കാം എന്ന് വിചാരിക്കുകയും ചെയ്തു. അങ്ങനെ ആന്റണി പെരുമ്പാവൂരുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി വ്യാഘ്രം എന്ന ടൈറ്റില്‍ ഇട്ട് പോവുകയായിരുന്നു.
പക്ഷേ എന്തോ ഭാഗ്യക്കേട് കൊണ്ട് അത് നടന്നില്ല. അത് എന്താണെന്ന് ഇപ്പോഴും എനിക്ക് മനസിലായിട്ടില്ല, ഡ്രോപ്പായി ഫോളോ അപ്പ് ചെയ്തു പോവാന്‍ സാധിച്ചില്ല. രണ്ജിയും പിന്നെ അത് വിട്ടു. പിന്നെ ജിനു കടുവയുടെ സ്ക്രിപ്റ്റുമായി വരുമ്പോഴും പണ്ട് രണ്‍ജി ഇങ്ങനെ ഒരു കഥയെ പറ്റി പറഞ്ഞ കാര്യം താന്‍ പറഞ്ഞു.
അത് എടുക്കുന്നില്ല എന്ന് അറിഞ്ഞതുകൊണ്ടാണ് താന്‍ ആ കഥാപാത്രത്തില്‍ നിന്നും കുറച്ച് എടുത്ത് ഒരു സ്ക്രിപ്റ്റ് എഴുതിയതെന്ന് ജിനു പറഞ്ഞു. എന്നാല്‍ മുഴവനുമില്ല, ആ കഥാപാത്രത്തിന്റെ കുറച്ച് സ്വാധീനമുണ്ട്. അതുപോലത്തെ കുറച്ച് കഥാപാത്രം ഉണ്ട്. അതെല്ലാം കൂടെ അടിച്ചു കലക്കി കൊണ്ടു വന്നതാണെന്നാണ് ജിനു പറഞ്ഞതെന്നും,’ ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു.
