അരശുംമൂട്ടില്‍ അപ്പുക്കുട്ടനും തൈപ്പറമ്പില്‍ അശോകനും ; ചാനല്‍ ചര്‍ച്ചയില്‍ കൊമ്പ് കോര്‍ത്ത് ബൈജു കൊട്ടാരക്കരയും രാഹുല്‍ ഈശ്വറും !
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ കൊമ്പ് കോര്‍ത്ത് സംവിധായകന്‍ ബൈജു കൊട്ടാരക്കരയും രാഹുല്‍ ഈശ്വറും. ഒരു പ്രമുഖ മാധ്യമ നടത്തിയ പ്രൈം ടൈം ചര്‍ച്ചയിലാണ് രാഹുല്‍ ഈശ്വറും ബൈജു കൊട്ടാരക്കരയും പരസ്പരം പോരടിച്ചത്.
രാഹുല്‍ ഈശ്വര്‍ ദിലീപ് അനുകൂലിയും ബൈജു കൊട്ടാരക്കര അതിജീവിതയ്ക്ക് ഒപ്പം നില്‍ക്കുന്നയാളുമാണ്. ക്രൈംബ്രാഞ്ച് കോടതിയില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച.
അന്വേഷണ സംഘം സമര്‍പ്പിച്ച അധിക കുറ്റപത്രത്തില്‍ വ്യക്തത ഇല്ലെന്ന് ചര്‍ച്ചയില്‍ ബൈജു കൊട്ടാരക്കര പറഞ്ഞു. ദിലീപിന്റെ വക്കീലന്മാരെ ചോദ്യം ചെയ്യാത്തും മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതും അടക്കമുളള കാര്യങ്ങളില്‍ വ്യക്തത ഇല്ല. രാഹുല്‍ ഈശ്വര്‍ ദിലീപിനെ വെളുപ്പിച്ച് കുളിപ്പിച്ച് കിടത്തുകയാണ് എന്നും ഇനി ഒരു പാലഭിഷേകം കൂടി നടത്തിയാല്‍ മതിയെന്നും ബൈജു കൊട്ടാരക്കര പരിഹസിച്ചു.
നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനാണ് ഗൂഢാലോചന തിയറിയെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ”ദിലീപ് വിരോധികള്‍ അരശുംമൂട്ടില്‍ അപ്പുക്കുട്ടനാണ്. ദിലീപേട്ടനാണ് തൈപ്പറമ്പില്‍ അശോകന്‍. നേരിട്ട് പരാജയപ്പെടുമ്പോള്‍ അവര്‍ പറയും കാവിലെ പാട്ട് മത്സരത്തിന് കാണാമെന്ന്. ബാലചന്ദ്ര കുമാറിന്റെ ലാപ്‌ടോപും ഫോണും എവിടെ എന്ന് ചോദിച്ചാല്‍ പറയും പോലീസിനോട് പറഞ്ഞിട്ടുണ്ട് എന്ന്”.
‘പോലീസ് പറയുന്നത് ലാപ്‌ടോപും ഫോണും ബാലചന്ദ്ര കുമാറിന്റെ കയ്യില്‍ ഇല്ലെന്നും ദിലീപിന്റെ ബന്ധുവിന്റെ കയ്യില്‍ കൊടുത്തിട്ടുണ്ട് എന്നുമാണ്. പോലീസുമായി ചേര്‍ന്ന് ഒത്തുകളിക്കുകയാണ്. നമ്പി നാരായണന് ശേഷം ഏറ്റവും പീഡിപ്പിക്കപ്പെട്ട ദിലീപ് അഗ്നിശുദ്ധി വരുത്തി തിരിച്ച് വരും”. കേരളത്തിന്റെ മുന്‍പിലേക്ക് നിഷ്‌കളങ്കനും നിരപരാധിയുമായ ദിലീപിനേയും കാവ്യാ മാധവനേയും കുടുംബത്തേയും വേട്ടയാടിയതിന് പോലീസിലെ ചില പുഴുക്കുത്തുകള്‍ ക്ഷമ പറയുന്ന അവസ്ഥ വരുമെന്നും രാഹുല്‍ പറഞ്ഞു.
‘ദിലീപ് എത്ര അഗ്നിശുദ്ധി വരുത്തി വന്നാലും ശരി, അതിജീവിതയുടെയും കേരളത്തിലെ സ്ത്രീകളുടേയും കണ്ണീരില്‍ വെന്ത് വെണ്ണീറാകും. അതാണ് സംഭവിക്കാന്‍ പോകുന്നത്” എന്ന് ബൈജു കൊട്ടാരക്കര പറഞ്ഞു. അത് സംഭവിക്കാന്‍ പോകുന്നത് പള്‍സര്‍ സുനിക്കാണെന്ന് രാഹുല്‍ മറുപടി നല്‍കി. ദിലീപിനെ വല്ലാതങ്ങ് ന്യായീകരിച്ച് വെളുപ്പിക്കാതെ കുറച്ചൊക്കെ ബാക്കി വെയ്ക്ക് എന്ന് ബൈജു കൊട്ടാരക്കര തിരിച്ചടിച്ചു.
മേടിക്കുന്ന കാശിന് രാഹുല്‍ ഈശ്വര്‍ നന്നായി പണിയെടുക്കുന്നുണ്ട് എന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. അത് നിങ്ങള്‍ കൂലിക്ക് പോകുന്നത് കൊണ്ട് തോന്നുന്നതാണെന്ന് രാഹുല്‍ മറുപടി പറഞ്ഞു. കുറേ കാലമായി ഇരുന്ന് ചെലക്കുന്നുണ്ടല്ലോ രാഹുലേ, വായിട്ട് അലക്കുന്നുണ്ടല്ലോ, ഈ കേരള സമൂഹത്തിന് മുന്നില്‍ അവഹേളിതനായി നില്‍ക്കുന്ന ആളല്ലേ രാഹുല്‍, ഈ നാട്ടിലെ പെണ്‍കുട്ടികള്‍ കണ്ടാല്‍ നിങ്ങളെ ചെരിപ്പൂരി അടിക്കും, ബൈജു കൊട്ടാരക്കര പറഞ്ഞു.
നിങ്ങളെ കണ്ടാല്‍ നാട്ടിലെ ആണും പെണ്ണും ചെരിപ്പൂരി അടിക്കുമെന്നായി രാഹുല്‍ ഈശ്വര്‍. നിങ്ങളുടെ മുഖത്ത് സ്ത്രീകള്‍ ചൂല് കൊണ്ട് അടിക്കുമെന്നും ഇത്ര സ്ത്രീ വിരുദ്ധനാകരുതെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. അത് നിങ്ങള്‍ക്ക് അടി കിട്ടിയത് കൊണ്ട് പറയുന്നതാണെന്ന് രാഹുല്‍ ഈശ്വര്‍ തിരിച്ചടിച്ചു. നല്ലൊരു കുടുംബത്തില്‍ പിറന്നിട്ടും ആ കുടുംബത്തെ പറയിപ്പിക്കരുതെന്നും നാണക്കേടാണെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.
നിങ്ങള്‍ കളളം പറഞ്ഞിട്ടോ ഇമോഷണല്‍ ഡ്രാമ കളിച്ചിട്ടോ കാര്യമില്ലെന്നും ദിലീപ് നിരപരാധിയാണ് എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ദിലീപ് നിരപരാധിയാണെങ്കില്‍ തോളത്ത് എടുത്ത് വെച്ച് നടന്നോളൂ എന്ന് ബൈജു കൊട്ടാരക്കര തുറന്നടിച്ചു. നിങ്ങള്‍ പണ്ട് മുതല്‍ക്കേ ദിലീപ് നിരപരാധിയാണ് എന്ന് വിധി എഴുതിയതല്ലേ എന്നും ബൈജു ചോദിച്ചു. കോടതി ദിലീപിനെ തോളത്ത് വെച്ചോളുമെന്നും ഇനി അവസാനം കാവിലെ പാട്ട് മത്സരത്തിന് കാണാമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
