Malayalam
തങ്ങളെ സംബന്ധിച്ച് കാവിലെ പാട്ട് മത്സരം ഒന്നും അല്ല, കാവിലെ പാട്ട് മത്സരം നിങ്ങള്‍ നടത്തിക്കൊള്ളൂ…,’ദിലീപിനെതിരെ തെളിവുകള്‍ ഇല്ല എന്നാണെങ്കില്‍ എന്തിനാണ് ഈ പരാക്രമം കാണിക്കുന്നതെന്ന് ടിബി മിനി
തങ്ങളെ സംബന്ധിച്ച് കാവിലെ പാട്ട് മത്സരം ഒന്നും അല്ല, കാവിലെ പാട്ട് മത്സരം നിങ്ങള്‍ നടത്തിക്കൊള്ളൂ…,’ദിലീപിനെതിരെ തെളിവുകള്‍ ഇല്ല എന്നാണെങ്കില്‍ എന്തിനാണ് ഈ പരാക്രമം കാണിക്കുന്നതെന്ന് ടിബി മിനി
നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക ദിവസങ്ങളാണ് കടന്നു പോകുന്നത്. കേരളക്കരയെ ആകെ ഞെട്ടിച്ചുകൊണ്ടാണ് കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത് ഏറ്റവും പുതിയ ട്വിസ്റ്റ് ആയിരുന്നു. സുപ്രീം കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് പള്‍സര്‍ സുനിയുടെ മാനസിക നില മോശമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സുനിക്ക് നേരത്തെ ഏതെങ്കിലും തരത്തിലുളള മാനസിക പ്രശ്നം ഉളളതായി കുടുംബം പറയുന്നില്ല. മാത്രമല്ല ഇതില്‍ ദുരൂഹത ഉണ്ടെന്ന് അമ്മ ശോഭന ആരോപിക്കുകയും ചെയ്യുന്നു.
എന്നാല്‍ ഇപ്പോഴിതാ പള്‍സര്‍ സുനിയെ മാനസിക രോഗിയാക്കുന്നതിന് പിന്നില്‍ ഗൂഢാലോചന ആണെന്ന് ഒരു മാധ്യമ ചര്‍ച്ചയില്‍ അഡ്വ ടിബി മിനി ആരോപിച്ചു. ‘പള്‍സര്‍ സുനിയെ മാനസിക രോഗിയാക്കുന്നത് മറ്റൊരു ഗൂഢാലോചനയാണ്. ഒരു മുന്‍ ജയില്‍ ഡിജിപി വന്ന് പ്രതി നിരപരാധിയാണ് എന്ന് യൂട്യൂബ് ചാനലില്‍ പറയുക. ആ ജയിലില്‍ എന്തായാലും ആ ഡിജിപിക്ക് നല്ല സ്വാധീനം ഉണ്ടാകും. റിട്ടയര്‍ ചെയ്തെങ്കില്‍ പോലും. ഇതൊരു വലിയ ഗൂഢാലോചനയാണ്. ആരാണ് ഈ രാജ്യത്ത് ഇതൊക്കെ അന്വേഷിക്കുകയെന്ന് തനിക്ക് അറിയില്ല”.
‘ജനം ആരുടെ അടുത്ത് പോകും എന്നും അറിയില്ല. ഇത് സത്യസന്ധമായിട്ടുളള ഒരു മാനസിക പ്രശ്നമല്ല. ഒന്നുകില്‍ പള്‍സര്‍ സുനിയെ ഒരു മാനസിക രോഗിയാക്കി മാനസികാരോഗ്യ കേന്ദ്രത്തില്‍ തള്ളാനുളള ഗൂഢാലോചന ജയിലില്‍ നിന്ന് നടന്നിട്ടുണ്ടാകും എന്നാണ് താന്‍ മനസ്സിലാക്കുന്നത്. ഓരോരോ കളികളാണ് കളിച്ച് കൊണ്ടിരിക്കുന്നത്. ഒരു കളി തോല്‍ക്കുമ്പോള്‍ അടുത്ത കളിയിലേക്ക് കടക്കുകയാണ്’.
‘പക്ഷേ സത്യമെന്ന് പറയുന്നത് ഇങ്ങനെ മൂടി വെച്ചാലോ പല തരത്തിലുളള കളികള്‍ കളിച്ചാലോ പോകുന്ന ഒന്നല്ല. അത് പിന്നെയും വന്ന് കൊണ്ടിരിക്കും. അങ്ങനെ വരുമ്പോള്‍ പിന്നെയും അതിനെ മറികടക്കാനുളള ശ്രമങ്ങള്‍ ആണ് യഥാര്‍ത്ഥത്തില്‍ ഇതിലെ ഏറ്റവും സ്വാധീനമുളള പ്രതിയുടെ ഭാഗത്ത് നിന്ന് നടക്കുന്നത്’.
‘ജയില്‍ ഡിജിപിയെ പോലും സ്വാധീനിച്ച പ്രതിയാണ്. ഈ മന്ത്രിസഭയുടെ കാലത്ത് തന്നെയാണ് അവര്‍ ജയില്‍ ഡിജിപി ആയിരുന്നത്. അവര്‍ വിരമിച്ച ശേഷമാണ് ഇതൊക്കെ സംസാരിച്ചത് എന്നേ ഉളളൂ. മുഖ്യമന്ത്രി തന്നെയാണ് അന്നും ആഭ്യന്തര മന്ത്രി. ആ ഡിജിപി വന്ന് നിയമവിരുദ്ധമായി ദിലീപ് നിരപരാധിയാണ് എന്ന് പറഞ്ഞിരിക്കുന്ന കാലഘട്ടമാണ്’.
‘ഒരു നിരപരാധിയെ ശിക്ഷിക്കണം എന്ന് തങ്ങള്‍ക്ക് ആര്‍ക്കും ആഗ്രഹം ഇല്ല. എന്നാല്‍ ആള് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. ഞങ്ങള്‍ ജയവും തോല്‍വിയുമൊന്നും പറയുന്നില്ല. തങ്ങള്‍ ഒരു കേസും ജയിച്ചിട്ടില്ല. തോറ്റ് കൊണ്ടിരിക്കുന്ന, തോല്‍ക്കപ്പെടുന്ന ഒരാളാണ് എന്നാണ് താന്‍ പറയുന്നത്’.
‘ഈ സമൂഹത്തിന് ഒരിക്കലും സ്വീകാര്യമല്ലാത്ത ഒരു കാര്യം അത് ആര് ചെയ്താലും കണ്ടെത്തുകയും ശിക്ഷിക്കുകയും വേണം. അതീ സമൂഹത്തിന്റെ ആവശ്യമാണ്. ഇത് തങ്ങളെ സംബന്ധിച്ച് കാവിലെ പാട്ട് മത്സരം ഒന്നും അല്ല, കാവിലെ പാട്ട് മത്സരം നിങ്ങള്‍ നടത്തിക്കൊള്ളൂ എന്ന് ടിബി മിനി രാഹുല്‍ ഈശ്വറിനോട് പറഞ്ഞു. മത്സരത്തിന് പോലും തങ്ങള്‍ തയ്യാറല്ല. മത്സരത്തിന് താല്പര്യവും ഇല്ല.’
‘ദിലീപിനെതിരെ തെളിവുകള്‍ ഇല്ല എന്നാണെങ്കില്‍ എന്തിനാണ് ഈ പരാക്രമം കാണിക്കുന്നത്. അവരവരുടെ വീട്ടിലിരുന്നാല്‍ പോരെ. പിന്നെ സാക്ഷികളെ സ്വാധീനിക്കേണ്ട കാര്യമില്ല, തെളിവ് നശിപ്പിക്കേണ്ട കാര്യമില്ല, ആരെയും സ്വാധീനിക്കേണ്ട കാര്യമില്ല. തെറ്റ് ചെയ്തില്ലെങ്കില്‍ ആര് വിചാരിച്ചാലും തെളിവ് ഉണ്ടാക്കാന്‍ സാധിക്കില്ല. ഇനി ഉണ്ടാക്കിയാല്‍ തന്നെ അത് ഫലപ്രദം ആവുകയും ഇല്ല. അതുകൊണ്ട് തന്നെ രാഹുല്‍ ഈശ്വറുമായി അടുത്ത കാവിലെ പാട്ട് മത്സരത്തിന് വരാന്‍ തയ്യാറാല്ല’ എന്നും മിനി പറഞ്ഞു.
ചൊവ്വാഴ്ച വൈകീട്ടോടെയാണ് സുനിയെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റിയത്. ചികിത്സ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. എറണാകുളം സബ് ജയിലിലെ വിചാരണ തടവുകാരനാണ് പള്‍സര്‍ സുനി. ജാമ്യത്തിനുള്ള അവസാന വഴിയും അടഞ്ഞതോടെ സുനിയുടെ മാനസികാരോഗ്യം മോശമായെന്നാണ് വിവരം.
നടി ആക്രമിക്കപ്പെട്ട കേസില്‍ 2017 ഫെബ്രുവരി 23നാണ് പള്‍സര്‍ സുനി അറസ്റ്റിലായത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി വിചാരണ തടവുകാരനാണ് സുനി. നേരത്തേ കേസിലെ രണ്ടാം പ്രതിയായ മാര്ട്ടിന് വിചാരണ വൈകുന്നുവെന്ന് കാട്ടി സുപ്രീം കോടതിയെ സമീപിക്കുകയും ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സുനിയും സുപ്രീം കോടതിയെ സമീപിച്ചു.
കഴിഞ്ഞ അഞ്ചര വര്‍ഷമായി താന്‍ ജയിലിലാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പള്‍സര്‍ സുനി സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.എന്നാല്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളുകയായിരുന്നു. പള്‍സര്‍ സുനിക്കെതിരായ കുറ്റങ്ങള്‍ ഗുരുതരം എന്നല്ല അതീവ ഗുരുതരം എന്നാണ് കാണേണ്ടത് എന്ന് ചൂണ്ടിക്കാട്ടിയിരുന്നു കോടതിയുടെ നടപടി.
സര്‍ക്കാരും സുനിയുടെ ജാമ്യത്തിനെ ശക്തമായി എതിര്‍ത്തിരുന്നു. മറ്റ് പലര്‍ക്കുമെതിരെ ഉണ്ടായിരുന്നത് ഗൂഢാലോചന കുറ്റമായിരുന്നു എന്നും എന്നാല്‍ പള്‍സര്‍ സുനി കൃത്യത്തില്‍ നേരിട്ട് പങ്കുള്ള ആളാണ് എന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ എന്ത് അസുഖമാണ് സുനിയ്ക്ക് എന്നത് സംബന്ധിച്ച് വ്യക്തത ഇല്ല.
