വിവാഹവാര്‍ഷികങ്ങളോ ഭാര്യയുടെയോ മകളുടേയോ പിറന്നാളുകളോ ഒന്നും തന്നെ ആഘോഷിക്കാറില്ല കാരണം വെളിപ്പെടുത്തി പ്രേംകുമാര്‍!
‘മലയാളികള്‍ക്ക് ഏറെ ഇഷ്ടപെട്ട നടനാണ് പ്രേംകുമാര്‍. തൊണ്ണൂറുകളില്‍ നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും വളരെ സജീവമായിരുന്ന പ്രേംകുമാര്‍ കോമഡി വേഷങ്ങളാണ് കൂടുതലും ചെയ്തത്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനാണ് ഇപ്പോള്‍ അദ്ദേഹം
തന്റെ അഭിനയജീവിതത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും മനസ്സുതുറക്കുകയാണ് താരം . ഇപ്പോള്‍ ഫ്ലവേഴ്സ് ഒരു കോടിയിലൂടെ. പ്രേംകുമാറിനൊപ്പം ഭാര്യയും മകളും ഷോയില്‍ പങ്കെടുത്തിരുന്നു.പ്രേംകുമാറിന്റെ വാക്കുകളില്‍ നിന്നും:’ എന്നെ ഒരു ഡോക്ടറായി കാണാനാണ് വീട്ടുകാര്‍ ആഗ്രഹിച്ചത്. അതിനു വേണ്ടി പ്രീഡിഗ്രിക്ക് സെക്കന്റ് ഗ്രൂപ്പാണ് തിരഞ്ഞെടുത്തത്. പക്ഷെ, അതൊന്നും അന്ന് നടന്നില്ല. എങ്കിലും അന്നുമുതല്‍ നാടകം കൂടെയുണ്ടായിരുന്നു.
ഡിഗ്രിക്ക് ശേഷം സ്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കാന്‍ സാധിച്ചു. അവിടെ നിന്ന് പഠിച്ച് ഇറങ്ങിയതിന് പിന്നാലെയായിരുന്നു ദൂരദര്‍ശനില്‍ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. അങ്ങനെയാണ് സിനിമയിലേക്കും വിളി വന്നത്.ജീവിതത്തില്‍ ആഘോഷങ്ങളോട് താത്പര്യമില്ലാത്ത ഒരാളാണ് ഞാന്‍. വിവാഹവാര്‍ഷികങ്ങളോ ഭാര്യയുടെയോ മകളുടേയോ പിറന്നാളുകളോ ഒന്നും തന്നെ ആഘോഷിക്കാറില്ല. കാരണം ഞാന്‍ ആര്ഭാടങ്ങളിലോ ആഡംബരത്തിലോ വിശ്വസിക്കുന്നില്ല. അമിതമായി ഒന്നിലും സന്തോഷിക്കാറുമില്ല. ചുറ്റുമുള്ള ജീവിതങ്ങളെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്.
മാത്രമല്ല പരസ്യങ്ങളിലും ഞാന്‍ അഭിനയിക്കാറില്ല. കാരണം ഒരു ഉല്‍പ്പന്നം ഞാന്‍ ഉപയോഗിച്ച് ബോധ്യപ്പെട്ടതിനു ശേഷമേ മറ്റുള്ളവരോട് അതിനെക്കുറിച്ച് നിര്‍ദ്ദേശിക്കാന്‍ പറ്റൂ. അങ്ങനെയൊരു ആത്മവിശ്വാസം ഇല്ലാത്ത കാലത്തോളം പരസ്യങ്ങള്‍ ചെയ്യില്ല.
പക്ഷെ, സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറിയ്ക്ക് വേണ്ടിയുള്ള പരസ്യങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. അത് മറ്റുള്ളവരെ സഹായിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന ഉത്തമബോധ്യമുണ്ട്.’
150-ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അന്നും ഇന്നും അവസരങ്ങള്‍ ചോദിച്ച് ഞാന്‍ ആരുടെ പിന്നാലെയും പോയിട്ടില്ല. പലപ്പോഴും അവസരങ്ങള്‍ എന്നെത്തേടി വരികയായിരുന്നു. അതൊരു ഭാഗ്യമാണ്. എന്റെ ഭാഗത്ത് നിന്ന് ശ്രമിച്ച് കിട്ടിയിട്ടുള്ളതല്ല ഒന്നും.മുന്‍പ് സീരിയലുകളിലും സിനിമകളിലും സെന്‍സറിങ്ങ് വേണമെന്ന പ്രേംകുമാറിന്റെ പ്രസ്താവന വലിയ ചര്‍ച്ചയായതിനെക്കുറിച്ചും താരം വിശദീകരിച്ചു. ‘സീരിയലുകളിലും സിനിമകളിലും ചില സാഹിത്യകൃതികള്‍ക്കുമെല്ലാം സെന്‍സറിങ്ങ് വേണമെന്ന് ഞാന്‍ വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞിട്ടുള്ളതാണ്. അടുത്തിടെ അതേക്കുറിച്ച് വീണ്ടും ഐഎഫ്എഫ്കെയില് സംസാരിക്കേണ്ടി വന്നിരുന്നു.
2015-ല്‍ പത്രത്തില്‍ എഴുതിയ ലേഖനമായിരുന്നു അത്. കലയുടെ പേരില്‍ വരുന്ന കള്ളനാണയങ്ങളെ ചൂണ്ടിക്കാണിച്ചായിരുന്നു ഞാന്‍ എഴുതിയത്. എല്ലാ സിനിമകളും സീരിയലുകളുമല്ല ചിലത് മാത്രം എന്ഡോസള്ഫന് എന്ന കൊടിയ വിഷം പോലെ നമ്മുടെ ജീവിതപരിസരങ്ങളെ വിഷലിപ്തമാക്കുന്നുവെന്ന് ഞാന്‍ അഭിപ്രായപ്പെട്ടിരുന്നു.ഞാനും സീരിയല്‍ പശ്ചാത്തലത്തില്‍ നിന്നും വന്നയാളാണ്. ദൂരദര്‍ശനിലെ ആദ്യ സീരിയലില്‍ അഭിനയിച്ച ആളാണ്. ഈ ഇന്‍ഡന്‍സ്ട്രി നിലനിന്നു പോകണമെന്നും അതിനെ ആശ്രയിച്ച് നിരവധി പേര് ജീവിക്കുന്നുണ്ടെന്നുമുള്ള കൃത്യമായ ധാരണയും അതേക്കുറിച്ചുള്ള കരുതലും എനിക്കുണ്ട്.
ഇതെല്ലാം കാണുന്നവര്‍ മുതിര്‍ന്നവര്‍ മാത്രമല്ല, കുടുംബത്തിലെ എല്ലാവരുമുണ്ട്. അതുകൊണ്ട് ഇത് നിര്‍മ്മിക്കുന്നവര്‍ക്ക് ഒരു ഉത്തരവാദിത്തം ഉണ്ടാകണം. അന്ന് സാംസ്കാരികമന്ത്രി ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഞാന്‍ എന്റെ ഭാഗം പറഞ്ഞിരുന്നു. സീരിയലുകള്‍ക്ക് സെന്‍സറിങ് സംവിധാനം വേണമെന്ന് പറഞ്ഞപ്പോള്‍ അത് പ്രായോഗികമല്ലെന്നായിരുന്നു എനിക്ക് പറയാനുണ്ടായിരുന്നത്. രാവിലെ ഷൂട്ട് ചെയ്ത് ചിലപ്പോള്‍ വൈകിട്ട് കാണിക്കേണ്ടി വരുന്ന പല സന്ദര്‍ഭങ്ങളും ഉണ്ട്. അതുകൊണ്ട് തന്നെ സെന്‍സറിങ്ങ് പ്രായോഗികമല്ല.
പക്ഷെ, ഇത് നിര്‍മ്മിക്കുന്നവര്‍ വളരെ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യേണ്ട ഒരു മേഖലയാണിത്. പ്രതിഭാദാരിദ്ര്യമല്ല, നമുക്ക് നല്ല അഭിനേതാക്കളും സംവിധായകരും തിരക്കഥാകൃത്തുക്കളുമുണ്ട്. നല്ല കലാമൂല്യമുള്ള സീരിയലുകള്‍ നിര്‍മ്മിക്കണമെന്ന് ആഗ്രഹിക്കുന്ന നിര്‍മ്മാതാക്കളുമുണ്ട്.
പക്ഷെ, അവരെല്ലാം ഭയാശങ്കകളോടെ കാണുന്ന ഒന്നാണ് ഈ റേറ്റിങ്ങെന്ന സംഗതി. പല പ്രതിഭകളും അതിനു മുമ്പില്‍ പകച്ചു നില്‍ക്കുകയാണ്. അതുകൊണ്ടാണ് ഈ മേഖലയില്‍ പലപ്പോഴും വിട്ടുവീഴ്ചകള്‍ വേണ്ടിവരുന്നത്.
