പലതും ഊഹാപോഹങ്ങളായിരിക്കുമെന്നാണ് വിചാരിച്ചത്, റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ വാസ്തവമുണ്ട്; കോൺക്ലേവിൽ മുകേഷിനെ പങ്കെടുപ്പിക്കരുതെന്ന് നടൻ പ്രേംകുമാർ
ഹേമ കമ്മിറ്റി രൂപീകരിച്ചത് ധീരമായ നടപടിയെന്ന് നടൻ പ്രേംകുമാർ. സിനിമാമേഖലയിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് 30 വർഷത്തോളമായി. അന്നും ഇത്തരം ആരോപണങ്ങൾ പലതും കേട്ടിട്ടുണ്ട്. പലതും ഊഹാപോഹങ്ങളായിരിക്കുമെന്നാണ് വിചാരിച്ചത്. വ്യക്തിപരമായി ഇത്തരം അനുഭവങ്ങൾ ആരും പറഞ്ഞിട്ടില്ല.
ചിലപ്പോൾ അവർക്ക്തുറന്ന് സംസാരിക്കുന്നതിൽ ബുദ്ധിമുട്ടുകൾ ഉള്ളതുകൊണ്ടായിരിക്കാം. എന്നാൽ, ജസ്റ്റിസ് ഹേമയുടെ മുമ്പിൽ അവർ കാര്യങ്ങൾ കൃത്യമായി പറഞ്ഞു. റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ വാസ്തവമുണ്ട്. റിപ്പോർട്ട് നേരത്തെ പുറത്ത് വരേണ്ടതായിരുന്നു. സിനിമയിൽ പവർ ഗ്രൂപ്പ് ഉള്ളതായി അറിയില്ല. ആരോപണവിധേയരെ ഉത്തരവാദിത്വപ്പെട്ട സമിതികളിൽ നിന്ന് മാറ്റി നിർത്തണമെന്നാണ് അഭിപ്രായം.
ഡബ്ല്യുസിസിയുടെ ആവശ്യം ന്യായമാണ്. എന്നാൽ, കോൺക്ലേവ് ബഹിഷ്കരിക്കുന്നത് ശരിയായ രീതിയല്ല. കോൺക്ലേവിൽ മുകേഷിനെ പങ്കെടുപ്പിക്കാതിരിക്കുന്നതാണ് ഉചിതം. സർക്കാർ ഇക്കാര്യം ആലോചിക്കണം. നയരൂപീകരണ സമിതിയിൽനിന്ന് ആരോപിതരെ ഒഴിവാക്കണം” പ്രേം കുമാർ പറയുന്നു.
അതേസമയം, കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് രാജി വെച്ചതോടെ വൈസ്-ചെയർമാനായ നടൻ പ്രേംകുമാർ താൽക്കാലിക ചുമതല ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കമലിന് ശേഷം ചെയർമാൻ സ്ഥാനത്തേയ്ക്ക് രഞ്ജിത്തും, ബീന പോളിന് പിന്നാലെ വൈസ്-ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് പ്രേംകുമാറുമായിരുന്നു സ്ഥാനമേറ്റത്. . 2022 ഫെബ്രുവരി മുതൽ പ്രേംകുമാർ അക്കാദമി വൈസ്-ചെയർമാനായി പ്രവർത്തിച്ചു പോരുകയായിരുന്നു.