നടിയെ ആക്രമിച്ച കേസ്: ദിലീപിന് ഇന്ന് നിർണ്ണായകം ; നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾ !
നടിആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങള്‍ക്കാണ് ഇതുവരെ കേരളം സാക്ഷിയായത്.ഫെബ്രുവരി 17നാണ് നടി കൊച്ചിയില്‍ ആക്രമണത്തിനിരയാകുന്നത്. ഓടിക്കൊണ്ടിരുന്ന കാറിനുള്ളിലായിരുന്നു സംഭവം. വൻ ചർച്ചകൾക്കാണ് ആ സംഭവം തുടക്കം കുറിച്ചത്. ഒരു ത്രില്ലർ സിനിമ കഥയെ വെല്ലുന്ന തരത്തിൽ കാര്യങ്ങൾ തുടങ്ങി. സിനിമയിലെ അകവും പുറവും സിനിമയുടെ സ്ത്രീ നിലപാടുകളും എല്ലാം ചോദ്യംചെയ്യപ്പെട്ടു
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാനുള്ള സമയം അവസാനിച്ച പശ്ചാത്തലത്തില്‍ വിചാരണ കോടതി കേസ് ഇന്ന് പരിഗണിക്കും. ഹൈക്കോടതി നിര്‍ദേശിച്ചാല്‍ തുടരന്വേഷണം നടത്തിയതിന്റെ അന്തിമ റിപ്പോര്‍ട്ട് തിങ്കളാഴ്ച സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപ് നല്‍കിയ കോടതിയലക്ഷ്യ ഹരജി ഇന്ന് വീണ്ടും വിചാരണ കോടതിയുടെ പരിഗണനക്കെത്തും.
തുടരന്വേഷണത്തിന് സമയം ആവശ്യപ്പെട്ട് സമര്‍പിച്ച ഹരജി ഹൈക്കോടതി പരിഗണിച്ചപ്പോള്‍ അന്തിമ റിപ്പോര്‍ട്ട് തയ്യാറാണെന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. അതിനാല്‍ തിങ്കളാഴ്ച ഹൈക്കോടതി നിര്‍ദ്ദേശിച്ചാല്‍ അന്നു തന്നെ റിപോര്‍ട്ട് വിചാരണ കോടതിക്ക് കൈമാറും. അന്വേഷണ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ആദ്യ ക്ളോണ്‍ഡ് പകര്‍പ്പും മിറര്‍ ഇമേജും മുദ്ര വച്ച കവറില്‍ തിങ്കളാഴ്ച രാവിലെ വിചാരണക്കോടതിയില്‍ നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ന് ഇക്കാര്യങ്ങള്‍ പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ അറിയിക്കും.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ തുടരന്വേഷണം. തുടരന്വേഷണം നടക്കുന്നത് കൊണ്ട് കേസിലെ വിചാരണ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. വിചാരണ പുനരാരംഭിക്കുന്നതിന് മുന്‍പ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിയമനമുള്‍പ്പെടെ നടക്കേണ്ടതുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനും റിപ്പോര്‍ട്ടര്‍ ചാനലിനുമെതിരെ ദിലീപ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജിയും ഇന്ന് കോടതി പരിഗണിക്കും.
അതേസമയം, കഴിഞ്ഞദിവസം പ്രോസിക്യൂഷനെ ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയപരിധി പ്രോസിക്യൂഷന്‍ വീണ്ടും വീണ്ടും നീട്ടി ആവശ്യപ്പെടുകയാണെന്നായിരുന്നു ഹൈക്കോടതിയുടെ കുറ്റപ്പെടുത്തിയത്. കേസിന്റെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ പശ്ചാത്തലത്തില്‍ കേസിന്റെ തുടരന്വേഷണത്തിന് കൂടുതല്‍ സമയം വേണം എന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. അപ്പോഴാണ് കോടതിയുടെ കുറ്റപ്പെടുത്തല്‍. ഹാഷ് വാല്യു മാറിയതില്‍ ഉള്‍പ്പടെ അന്വേഷണം വേണം എന്ന ആവശ്യമാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ ഉയര്‍ത്തിയത്. കേസ് അന്വേഷണത്തിന് മൂന്നാഴ്ച കൂടി സമയം വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്.
കേസില്‍ തുടരന്വേഷണം അവസാനിപ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നിവല്‍ക്കുമ്പോവായിരുന്നു മുന്‍ ഡിജിപി ആര്‍ ശ്രീലേഖ തന്റെ യൂട്യൂബ് ചാനലിലൂടെ കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ നടത്തിയത്. കേസില്‍ ദിലീപ് കുറ്റക്കാരനല്ല എന്ന തരത്തിലായിരുന്നു ശ്രീലേഖ പറഞ്ഞത്. ദിലീപ് കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും പള്‍സര്‍ സുനിയും ദിലീപും കണ്ടതിന് തെളിവില്ലെന്നുമാണ് ശ്രീലേഖ പറഞ്ഞത്. ‘ദിലീപിനെതിരെ തെളിവില്ലാത്തതു കൊണ്ടാണ് പുതിയ കേസുമായി പൊലീസ് രംഗത്ത് വന്നത്. ദിലീപ് കേസില്‍ ഉള്‍പ്പെട്ടിട്ടില്ല. ജയിലില്‍ നിന്ന് ദിലീപിന് കത്തയച്ചത് പള്‍സര്‍ സുനിയല്ല. പള്‍സര്‍ സുനിക്കൊപ്പം ദിലീപ് നില്‍ക്കുന്ന ചിത്രം വ്യാജമാണ്. അക്കാര്യം പൊലീസുകാര്‍ തന്നെ സമ്മതിച്ചതാണ്’ എന്നും ശ്രീലേഖ പറഞ്ഞിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ ശ്രീലേഖയെ ചോദ്യംചെയ്യണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. വിചാരണക്കോടതിയിലാണ് ക്രൈംബ്രാഞ്ച് ആവശ്യമുന്നയിച്ചത്.കേസുമായി ബന്ധപ്പെട്ട് ജയില്‍ ഡിജിപി ആയിരുന്ന ശ്രീലേഖയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണം എന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വെളിപ്പെടുത്തലുകളുടെ പ്രാധാന്യം എന്താണ് എന്നായിരുന്നു കോടതിയുടെ ചോദ്യം.
അതേസമയം, ആര്‍.ശ്രീലേഖ പുറത്തുവിട്ട യുട്യൂബ് വിഡിയോയിലെ പരാമര്‍ശങ്ങളില്‍ വിശദീകരണം തേടിയില്ലെങ്കില്‍ വിചാരണ നടപടികളെ ബാധിക്കുമെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചിരുന്നു. കേസിലെ എട്ടാം പ്രതി ദിലീപ് നിരപരാധിയാണെന്ന ശ്രീലേഖയുടെ നിലപാടു തുടരന്വേഷണം അര്‍ഹിക്കുന്നതാണ്. വിചാരണ പൂര്‍ത്തിയാകും മുമ്പ് തന്നെ തുടരന്വേഷണത്തിനു പുതിയ ദിശ നല്‍കുന്ന വെളിപ്പെടുത്തലുകള്‍ ആണ് ശ്രീലേഖ നടത്തിയിരിക്കുന്നത്.
ശ്രീലേഖയുടെ മൊഴി രേഖപ്പെടുത്തി വീഡിയോയില്‍ പരാമര്‍ശിക്കപ്പെട്ട മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍, പീഡിപ്പിക്കപ്പെട്ടതായി ശ്രീലേഖയ്ക്കു നേരിട്ടു ബോധ്യമുള്ള 3 നടിമാര്‍, ജയിലിലേക്കു മൊബൈല്‍ ഫോണ്‍ കടത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ എന്നിവരെ ചോദ്യം ചെയ്ത് അവരുടെ മൊഴികള്‍ അനുബന്ധ കുറ്റപത്രത്തിന്റെ ഭാഗമായി വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാതെ ക്രിമിനല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നാണു ചൂണ്ടിക്കാട്ടപ്പെടുന്നത്.
