വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കാണമെന്ന് ആവശ്യപ്പെട്ട് നടിയും സര്‍ക്കാരും നല്കിയ ഹര്‍ജി തള്ളി;സുപ്രീംകോടതി ഉത്തരവ് ഇങ്ങനെ !
പുതുമുഖ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് ആശ്വാസം. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഹൈക്കോടതി ഉത്തരവില്‍ ഇടപെടുന്നില്ലെന്ന് പറഞ്ഞ സുപ്രീം കോടതി പരാതിക്കാരിയായ നടിയും സര്‍ക്കാരും നല്കിയ ഹര്‍ജികള്‍ തള്ളി.
അതേസമയം വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നതിനായി ഹൈക്കോടതി മുന്നോട്ടു വെച്ച നിബന്ധനകള്‍ സുപ്രീം കോടതി നീക്കിയിട്ടുണ്ട്. നേരത്തെ ജൂണ്‍ 27 മുതല്‍ ജൂലൈ 3 വരെ വിജയ് ബാബുവിനെ ചോദ്യം ചെയ്യാനായിരുന്നു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്.
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇടുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ വിദേശത്തേക്കു പോയ വിജയ് ബാബു നടിയുടെ പേരു വെളിപ്പെടുത്തി എന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ജയദീപ് ഗുപ്ത കോടതിയില്‍ പറഞ്ഞു. ദുബൈയിലേക്കു പോയ വിജയ് ബാബു അവിടെ നിന്നു ജോര്‍ജിയയിലേക്കു കടന്നു എന്നും പാസ്പോര്‍ട്ട് കണ്ടുകെട്ടും എന്ന് അറിയിച്ചപ്പോഴാണ് ദുബൈയില്‍ തിരിച്ചെത്തിയത് എന്നും സര്‍ക്കാര്‍ വാദിച്ചുഇത്തരമൊരു കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കിയത് അംഗീകരിക്കാനാവാത്തതാണ് എന്നായിരുന്നു ജയദീപ് ഗുപ്തയുടെ വാദം. സിനിമാ രംഗത്തെ സ്വാധീനമുള്ളയാളാണ് പ്രതി എന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ജാമ്യം നല്‍കിയതിലൂടെ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും പ്രതിക്കാവും എന്ന വാദവും നിര്‍ണായകമായ വാട്ടസ്ആപ്പ് സന്ദേശങ്ങള്‍ ഇതിനകം തന്നെ പ്രതി നശിപ്പിച്ചു എന്ന കാര്യവും ജയദീപ് ഗുപ്ത മുന്നോട്ടുവെച്ചു.
എന്നാല്‍ പൊലീസിന് ആ സന്ദേശങ്ങള്‍ തിരിച്ചെടുക്കാനാവുമല്ലോ എന്നായിരുന്നു സുപ്രീംകോടതി തിരിച്ച് ചോദിച്ചത്. പ്രതി തന്നെ തനിക്കെതിരായ തെളിവുകള്‍ നല്‍കണം എന്ന് പറയാനാവില്ലല്ലോ എന്നും കോടതി നിരീക്ഷിച്ചു. അതേസമയം കേസ് രജിസ്റ്റര്‍ ചെയ്ത ഉടനെ മറ്റൊരു രാജ്യത്തേക്കു കടന്നയാള്‍ക്കാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയിരിക്കുന്നതെന്ന് പരാതിക്കാരിയായ നടിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് ആര് ബസന്ത് ചൂണ്ടിക്കാട്ടി.
അവിടെ നിന്ന് കുറ്റവാളി കൈമാറ്റ കരാര്‍ പോലും ഇല്ലാത്ത രാജ്യത്തേക്കു കടക്കാനാണ് ശ്രമിച്ചത് എന്നും ഇത് ഇന്ത്യയിലെ നിയമത്തോടുള്ള വെല്ലുവിളിയാണ് എന്നും ആര് ബസന്ത് പറഞ്ഞു. വിദേശത്ത് പോയി നടിയുടെ പേരു വെളിപ്പെടുത്തുകയാണ് പ്രതി ചെയ്തത് എന്നും ഇതു ഭീഷണിപ്പെടുത്തലാണ് എന്നും അദ്ദേഹം പറഞ്ഞു. ലൈംഗിക ബന്ധം ഉഭയ സമ്മതപ്രകാരം അല്ലായിരുന്നെന്ന് നടി പറഞ്ഞിട്ടുണ്ട് എന്നും സിനിമയില്‍ തുടക്കക്കാരിയാണ് നടിയെന്നും ബസന്ത് സുപ്രീംകോടതിയില്‍ പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 14 വരെയുള്ള കാലയളവില്‍ വിജയ് ബാബു പീഡിപ്പിച്ചു എന്നാണ് നടിയുടെ പരാതി. ഏപ്രില്‍ 17 നാണ് യുവ നടി പരാതി നല്‍കിയത്. ഇതിന് പിന്നാലെ ഗോവയിലേക്കും അവിടെ നിന്ന് ബെംഗളൂരു വഴി ദുബായിലേക്കുമായിരുന്നു വിജയ് ബാബു കടന്നുകളഞ്ഞത്.
