Malayalam
വിചാരണ കോടതിക്ക് ഇക്കാര്യത്തില്‍ തെറ്റ് പറ്റി, നിലപാടറിയിച്ച് അതിജീവിത ഹൈക്കോടതിയില്‍
വിചാരണ കോടതിക്ക് ഇക്കാര്യത്തില്‍ തെറ്റ് പറ്റി, നിലപാടറിയിച്ച് അതിജീവിത ഹൈക്കോടതിയില്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക ദിവസങ്ങളാണ് കടന്നു പോകുന്നത്. തുടരന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച കാലപരിധി അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ നിര്‍ണായക നീക്കവുമായി എത്തിയിരിക്കുകയാണ് അതിജീവിത. നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തെളിവായ വീഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കേണ്ടതില്ലെന്ന വിചാരണ കോടതി വിധിയില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ തേടി അതിജീവിത.
മെമ്മറി കാര്‍ഡ് എഫ്എസ്എല്ലില്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള െ്രെകംബ്രാഞ്ച് ഹര്‍ജിയില്‍ വാദം തുടരുന്നതിനിടെയാണ് അതിജീവിത കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. വിചാരണ കോടതിക്ക് ഇക്കാര്യത്തില്‍ തെറ്റ് പറ്റിയെന്നാണ് അതിജീവിത ഹൈക്കോടതിയില്‍ വാദിച്ചത്.
നടി ആക്രമിക്കപ്പെട്ട കേസിലെ സുപ്രധാന തെളിവാണ് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതോടെയാണ് െ്രെകംബ്രാഞ്ച് സംഘം ഹൈക്കോടതിയെ സമീപിച്ചത്. ആദ്യം വിചാരണ കോടതിയെ ആണ് സമീപിച്ചതെങ്കിലും കീഴ്‌ക്കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. ഒരിക്കല്‍ ദൃശ്യങ്ങള്‍ പരിശോധിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
തുടര്‍ന്നാണ് െ്രെകംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറ്റത്തില്‍ വിദഗ്ദ പരിശോധന ആവശ്യമാണെന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. കാര്‍ഡ് പരിശോധിക്കാന്‍ അയക്കണമെന്ന ആവശ്യം ഹൈക്കോടതിയില്‍ അതിജീവിത ആവര്‍ത്തിച്ചു. വിചാരണ കോടതിയുടെ ഉത്തരവില്‍ ഇടപെടണമെന്നാണ് അതിജീവിത ഹൈക്കോടതിയോട് അഭ്യര്‍ത്ഥിച്ചത്.
വിഷയത്തില്‍ വിചാരണ കോടതിക്ക് തെറ്റ് പറ്റിയാല്‍ അക്കാര്യത്തില്‍ ഇടപെടാനുള്ള അധികാരം ഹൈക്കോടതിക്ക് ഉണ്ടെന്നും അതിജീവിത ഹൈക്കോടതിയില്‍ പറഞ്ഞു. കേസില്‍ നീതിപൂര്‍വ്വമായ വിചാരണ ഉണ്ടാകണം. അത് തന്റെ അവകാശമാണെന്നും അതിജീവിത കോടതിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം വിചാരണ വൈകിപ്പിക്കാനുള്ള ശ്രമമാണോയെന്ന ചോദ്യമായിരുന്നു പ്രോസിക്യൂഷനോട് ഹൈക്കോടതി ഉയര്‍ത്തിയത്.
അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കിയില്ലേങ്കില്‍ പ്രോസിക്യൂഷന് അക്കാര്യം ദോഷകരമാകുമെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് പറഞ്ഞു. ഇത് അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ചയായി കണക്കാക്കേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യം കേസ് അനന്തമായി നീളാന്‍ കാരണമാകുമെന്നും അതിന് അനുവദിക്കരുതെന്നും ദിലീപ് കോടതിയില്‍ വാദിച്ചു.
മെമ്മറി കാര്‍ഡിന്റെ മിറര്‍ ഇമേജ് ഫോറന്‍സിക് ലാബില്‍ ഉണ്ടെന്നും വേണമെങ്കില്‍ അന്വേഷണ സംഘം അത് പരിശോധിക്കട്ടേയെന്നുമായിരുന്നു കഴിഞ്ഞ ദിവസം ദിലീപ് ഹൈക്കോടതിയില്‍ പറഞ്ഞത്.മെമ്മറി കാര്‍ഡിലും പെന്‍െ്രെഡവിലുമുള്ള ഇമേജുകള്‍ ഒന്നാണ്. മെമ്മറി കാര്‍ഡിന്റെ മിറര്‍ ഇമേജുകള്‍ താരതമ്യം ചെയ്താല്‍ തന്നെ ഹാഷ് വാല്യുവില്‍ മാറ്റം വന്നിട്ടുണ്ടെങ്കില്‍ അക്കാര്യം അറിയാന്‍ സാധിക്കുമെന്നും ദിലീപ് പറഞ്ഞിരുന്നു.
മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമ്പോള്‍ റിപ്പോര്‍ട്ട് ലഭിക്കാന്‍ കൂടുതല്‍ സമയം വേണ്ടി വരുമോയെന്ന ആശങ്ക ഹൈക്കോടതിയും ഉന്നയിച്ചിരുന്നു. എന്നാല്‍ യാതൊരു തരത്തിലും ഇത് ബാധിക്കില്ലെന്ന നിലപാടാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ജൂലൈ 15 വരെ സമയമുണ്ടെന്നും കൂടുതല്‍ പരിശോധനയ്ക്ക് രണ്ടോ മൂന്നോ ദിവസം മാത്രം മതിയെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.
നേരത്തേ ദൃശ്യങ്ങള്‍ കേന്ദ്ര ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയക്കണമെന്ന ദിലീപിന്റെ ആവശ്യം അംഗീകരിക്കുന്നതായി പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാന എഫ് എസ് എല്ലില്‍ പരിശോധിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഇതിനെ ദിലീപ് എതിര്‍ത്തിരുന്നു. തുടക്കത്തില്‍ കേന്ദ്ര ലാബിലേക്ക് അയക്കണമെന്ന ആവശ്യത്തെ പ്രോസിക്യൂഷനും എതിര്‍ത്തിരുന്നുവെങ്കിലും പിന്നീട് നിലപാട് മാറ്റുകയായിരുന്നു.
ഹര്‍ജിയില്‍ വിധി പറയുന്നത് ഹൈക്കോടതി മാറ്റി വെച്ചു. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാത്രമാണ് മാറിയതെന്നും ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറാത്തതിനാല്‍ ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും ഹൈക്കോടതി നേരത്തേ അതിജീവിതയോട് പറഞ്ഞിരുന്നു. അതേസമയം മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതിനാല്‍ ദൃശ്യങ്ങള്‍ ആരെങ്കിലും കണ്ടിരിക്കാനുള്ള സാധ്യത ഉണ്ടെന്ന ആശങ്കയായിരുന്നു വാദത്തിനിടെ എഫ് എസ് എല്‍ ഉദ്യോഗസ്ഥ കോടതിയില്‍ വിശദീകരിച്ചത്.
