News
ഉടനെ വിവാഹം ചെയ്യാന്‍ ഒരു പ്ലാനും ഇല്ല; വിവാഹ വാര്‍ത്തകളോട് പ്രതികരിച്ച് ശ്രുതി ഹസന്
ഉടനെ വിവാഹം ചെയ്യാന്‍ ഒരു പ്ലാനും ഇല്ല; വിവാഹ വാര്‍ത്തകളോട് പ്രതികരിച്ച് ശ്രുതി ഹസന്
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ശ്രുതി ഹാസ്സന്‍. ഉലക നായകന് കമല്‍ ഹാസ്സന്റെ മകള്‍ എന്ന നിലയ്ക്ക് മാത്രമല്ല, നിരവധി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി സ്വന്തമാക്കുവാനും ശ്രുതിയ്ക്ക് കഴിഞ്ഞു. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രുതി തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തന്റേതായ ഒരിടം സ്വന്തമാക്കിയത്.
ഗായിക, നടി,കമ്പോസ്സര് എന്നീ നിലകളില്‍ താരം കഴിവ് തെളിയിച്ചിട്ടുണ്ട്. ഏഴാം അറിവ് എന്ന സൂര്യ സിനിമയിലൂടെ നായികയായി അരങ്ങേറിയ താരം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്.സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ ശ്രുതി ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ശ്രുതി വിവാഹിതയാകുന്നു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ധനുഷുമായുള്ള ശ്രുതിയുടെ വിവാഹം ഉടനുണ്ടാകുമെന്നാണ് ചില തമിഴ് ഗോസിപ്പ് കോളങ്ങളിലൂടെ പുറത്ത് വന്നിരുന്ന വിവരം. എന്നാല്‍ ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം കാമുകന് ശാന്തനു ഹസരികയുമായി ഉടനെ വിവാഹം ഉണ്ടാകുമെന്നായിരുന്നു വാര്‍ത്തകള്‍ എത്തിയത്. എന്നാലിപ്പോള്‍ തന്റെ വിവാഹ വാര്‍ത്തകളോട് പ്രതികരിച്ചു എത്തിയിരിക്കുകയാണ് ശ്രുതി. ഉടനെ വിവാഹം ചെയ്യാന്‍ ഒരു പ്ലാനും ഇല്ല എന്നാണ് ശ്രുതി പറയുന്നത്.
എപ്പോള്‍ വിവാഹം കഴിക്കുമെന്ന് ഒരു പിടിയും ഇല്ല. എപ്പോള്‍ വിവാഹം നടക്കും എന്ന ചോദ്യത്തിന് എനിക്ക് മറുപടി ഇല്ലെന്നും താരം വ്യക്തമാക്കി. ഇ ടൈംസിനോട് ആയിരുന്നു ശ്രുതി ഇക്കാര്യം പറഞ്ഞത്. കെജിഎഫ്ന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രമാണ് ശ്രുതിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ചിത്രം ഒരുങ്ങുന്നതിനിടയിലാണ് വിവാഹ വാര്‍ത്ത കൂടി എത്തുന്നത്.
അതേസമയം, വിവാഹിതനായ ധനുഷും ശ്രുതിയും തമ്മിലുള്ള പ്രണയം ധനുഷിന്റെ വിവാഹ ജീവിതത്തെ പോലും കാര്യമായി തന്നെ ബാധിച്ചിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ മുമ്പ് പറഞ്ഞിരുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്ന ത്രീയുടെ ചിത്രീകരണത്തിനിടെയായിരുന്നു ധനുഷും ശ്രുതിയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള പ്രചരണങ്ങളുമായി മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും രംഗത്ത് എത്തിയത്. ഈ ബന്ധം ഐശ്വര്യയും ധനുഷും തമ്മിലുള്ള വിവാഹ ബന്ധത്തെ പോലും ഉലച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ ഇത്തരം പ്രചരണങ്ങളൊന്നും താന്‍ ഗൗനിക്കാറില്ലെന്നായിരുന്നു ഗോസിപ്പുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ശ്രുതി നല്കിയ മറുപടി. ‘ഞാന്‍ ആര്‍ക്കും വിശദീകരണം നല്കാന് പോകുന്നില്ല. എന്റെ ദേഹത്തൊരു മൈക്രോ ചിപ്പ് വച്ച് നടക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അവന് എന്റെ അടുത്ത സുഹൃത്താണ്. കലാപരമായി എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ആരെങ്കിലും എന്തെങ്കിലും വിവരക്കേട് പറയുന്നുണ്ടെന്ന് കരുതി ആ ബന്ധത്തെ ചവറ്റുകുട്ടയില്‍ കളയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഞാന്‍ ഒരിക്കലും ആളുകള്‍ എന്താണ് പറയുന്നത് എന്നതിനെക്കുറിച്ച് ചിന്തിക്കാറില്ല.
പതിനായിരം ഗോസിപ്പുകള്‍ ഉണ്ടെന്ന് എനിക്കറിയാം. പക്ഷെ എന്നെ സംബന്ധിച്ച് ആളുകളുമായി കണക്ടാകുന്നത് അപൂര്‍വ്വമായിട്ടാണ്. ധനുഷ് വളരെ പ്രധാനപ്പെട്ട സുഹൃത്താണ്. കാരണം ത്രിയിലെ നായിക വേഷം എന്നെ കൊണ്ട് പറ്റില്ലെന്ന് പലരും പറഞ്ഞപ്പോഴും എനിക്കൊപ്പം നിന്നത് ധനുഷായിരുന്നു. ഞാന്‍ അവനോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഞങ്ങള്‍ക്ക് സംസാരിക്കാന്‍ ഒരുപാട് വിഷയങ്ങളുമുണ്ട്’ എന്നുമാണ് ശ്രുതി പറഞ്ഞത്.
പിന്നീട് എല്ലാ ഗോസിപ്പുകളും അവസാനിക്കുന്നത് ഐശ്വര്യ തന്നെ രംഗത്ത് എത്തുമ്പോഴായിരുന്നു. മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു ഐശ്വര്യയുടെ പ്രതികരണം. ശ്രുതിയും ധനുഷും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവും ആണെന്ന് ഐശ്വര്യ തന്നെ വ്യക്തമാക്കുകയായിരുന്നു. എന്തായാലും ത്രി മികച്ച വിജയമായി മാറുകയും മൂന്ന് ഫിലിം ഫെയര്‍ പുരസ്കാരം നേടുകയും ചെയ്തിരുന്നു.
