News
ആ പ്രണയം വേണ്ടെന്ന് വെച്ചില്ലായിരുന്നുവെങ്കില്‍ അന്തരിച്ച നടി സാവിത്രിയെപ്പോലെ ആയേനേ താനും; ആദ്യ പ്രണയ തകര്‍ച്ചയെ കുറിച്ച് സാമന്ത
ആ പ്രണയം വേണ്ടെന്ന് വെച്ചില്ലായിരുന്നുവെങ്കില്‍ അന്തരിച്ച നടി സാവിത്രിയെപ്പോലെ ആയേനേ താനും; ആദ്യ പ്രണയ തകര്‍ച്ചയെ കുറിച്ച് സാമന്ത
കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും ഗോസിപ്പ് കോളങ്ങളിലും നിറഞ്ഞ് നിന്നിരുന്ന പേരായിരുന്നു സാമന്തയുടെയും നാഗചൈതന്യയുടെയും. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നാകുന്നത്. എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വേര്‍പിരിഞ്ഞു.
മുമ്പും സാമന്തയ്ക്ക് പ്രണയങ്ങളുണ്ടായിരുന്നു. അതില്‍ ഏറെ ആഘോഷിക്കപ്പെട്ട പ്രണയമായിരുന്നു തമിഴ് നടന് സിദ്ധാര്ഥുമായുള്ളത്. ഒരു അഭിമുഖത്തില്‍ വെച്ച് പിന്നീട് സാമന്ത ആ പ്രണയം എങ്ങനെയാണ് തകര്‍ന്നതെന്ന് വെളിപ്പെടുത്തിയിരുന്നു. അന്ന് ആ പ്രണയം ഉപേക്ഷിച്ചില്ലായിരുന്നുവെങ്കില്‍ തെലുങ്ക് നടി സാവിത്രിയുടെ ജീവിതത്തിന് സമാനമാകുമായിരുന്നു തന്റെ ജീവിതമെന്നാണ് സാമന്ത പറഞ്ഞത്.
‘ആ പ്രണയം വേണ്ടെന്ന് വെച്ചില്ലായിരുന്നുവെങ്കില്‍ അന്തരിച്ച പ്രശസ്ത നടി സാവിത്രിയെപ്പോലെ ഞാനും വ്യക്തിപരമായ ജീവിതത്തില്‍ നിരവധി പ്രതിസന്ധിയില്‍ അകപ്പെടുമായിരുന്നു. ഭാഗ്യവശാല്‍ തുടക്കത്തില്‍ തന്നെ ഞാന്‍ അത് തിരിച്ചറിഞ്ഞു. ബന്ധം മോശമായി അവസാനിക്കുമെന്ന് തോന്നിയപ്പോള്‍ തന്നെ ആ ബന്ധത്തില്‍ നിന്ന് ഞാന്‍ പിന്മാറി.’
‘ഞാന്‍ ഭാഗ്യവതിയാണ്. എനിക്ക് ജീവിതത്തില്‍ നാഗചൈതന്യയെ പോലൊരു വ്യക്തിയെ കൂട്ടിന് കിട്ടിയല്ലോ… എല്ലാകൊണ്ടും വൈരത്തിന് സമമാണ് നാഗചൈതന്യ’ എന്നായിരുന്നു സാമന്ത പറഞ്ഞത്. അഭിനേത്രി, പിന്നണി ഗായിക, നര്‍ത്തകി, സംവിധായിക, നിര്‍മാതാവ് എന്നീ നിലകളില്‍ പ്രസിദ്ധിയാര്‍ജിച്ച നടിയായിരുന്നു സാവിത്രി. തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി എന്നീ ഭാഷാചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
കൂടാതെ മഹാനടി എന്നറിയപ്പെടുകയും ചെയ്തിരുന്നു. നടന് ജെമിനി ഗണേശനെ വിവാഹം ചെയ്തശേഷം സാവിത്രിയുടെ ജീവിതം ദുരിതം നിറഞ്ഞതായിരുന്നു. ആരോരും സഹായമില്ലാതെ അസുഖം ബാധിച്ചാണ് മരിച്ചത്. കീര്‍ത്തി സുരേഷ് കേന്ദ്രകഥാപാത്രമായി തെലുങ്കില്‍ സാവിത്രയുടെ ജീവിതത്തെ ആസ്പദമാക്കി ബയോപിക്കും പുറത്തിറങ്ങിയിരുന്നു. മഹാനടി എന്ന് തന്നെയായിരുന്നു സിനിമയുടെ പേര്.
