ഓസ്കാർ’ അക്കാദമിയിലേക്ക് സൂര്യയ്ക്ക് ക്ഷണം; തെന്നിന്ത്യൻ സിനിമ ചരിത്രത്തിൽ ഇതാദ്യം!
ലോകം ചർച്ച ചെയ്യുന്ന പുരസ്കാര നിശായാണ് ഓസ്കാർ അവാർഡ്സ്. ഇപ്പോഴിതാ ഓസ്കാർ പ്രഖ്യാപനം നടത്തുന്ന അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസിന്റെ ഭാഗാമാകാൻ നടൻ സൂര്യയ്ക്ക് ക്ഷണം ലഭിച്ചതായി റിപ്പോർട്ടുകൾ.
ട്രേഡ് അനലിസ്റ്റ് രമേശ് ബാലയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമയില്‍ നിന്ന് ഇതാദ്യമായാണ് ഒരു അഭിനേതാവിന് അക്കാദമിയുടെ ഭാഗമാകാന്‍ ക്ഷണം ലഭിക്കുന്നത്.
സൂര്യയ്ക്ക് പുറമെ ബോളിവുഡ് താരം കാജോളിനെയും ക്ഷണിച്ചിട്ടുണ്ട്. അക്കാദമിയുടെ ഭാഗമാകാന്‍ 397 കലാകാരന്മാര്ക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. ഇതില്‍ 44 ശതമാനം സ്ത്രീകളും 50 ശതമാനം നോണ്‍-അമേരിക്കന്‍സുമാണ്.
മുമ്പ് സൂര്യ നായകനായ ചിത്രം ‘ജയ് ഭീം’ ഓസ്കാറിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 1993 ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രമാണ് ജയ് ഭീം. ഇരുള ഗോത്രം നേരിടുന്ന ജാതി വിവേചനത്തെക്കുറിച്ചാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. സൂര്യയുടെ ബാനറായ ടു ഡി എന്റര്ടയ്ന്മെന്റ്സാണ് ചിത്രം നിര്‍മ്മിച്ചത്.
ബാല സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇപ്പോള്‍ സൂര്യ അഭിനയിക്കുന്നത്. സൂര്യയുടെ 41ാമത്തെ സിനിമയായി ഒരുങ്ങുന്ന ചിത്രത്തില്‍ കൃതി ഷെട്ടി ആണ് സിനിമയിലെ നായിക. മലയാളി താരം മമിത ബൈജുവും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മറ്റ് കഥാപാത്രങ്ങളെ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. 2ഡി എന്റടെയ്മെന്റ്സിന്റെ ബാനറില്‍ സൂര്യയും ജ്യോതികയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
