കേരളം മൊത്തം അറിഞ്ഞ വലിയൊരു സംഭവമായിരുന്നു തന്റെ വീടിന് തീപിടിച്ചത് ; രാത്രിയിലായിരുന്നു സംഭവം, വീട് മുഴുവന്‍ കത്തി പോയി; അന്ന് സഹായിച്ചത് പ്രേം നസീർ; തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ !
മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മനോജ് കെ ജയന്‍. വ്യത്യസമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയെടുത്ത താരം പ്രശസ്ത ഗായകന്‍ കെ ജി ജയന്റെ മകനാണ്. അദ്ദേഹത്തിന്റെ സഹോദരന്‍ മനോജിന്റെ ചെറിയച്ഛന്‍ വിജയനും ഗായകനായിരുന്നു. അങ്ങനെ ഒരു കാലത്ത് മലയാളത്തിലെ പ്രമുഖ സംഗീത കുടുംബത്തില്‍ ജനിച്ച വ്യക്തിയാണ് മനോജ്.
അധികമാര്‍ക്കും അറിയാത്ത തന്റെ കഥ മനോജ് കെ ജയന്‍ ആരാധകരുമായി പങ്കുവെക്കുകയാണിപ്പോള്‍. മാത്രമല്ല തന്റെ തറവാട് വീട് ഒരിക്കല്‍ കത്തി നശിച്ച് പോയിരുന്നു. അന്ന് വീട് കത്തുമ്പോള്‍ താന്‍ ഹാര്‍മോണിയം വായിച്ച് രസിക്കുകയാണ് ചെയ്തതെന്ന് മനോജ് പറയുന്നു. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.വീട് കത്തിയതിനെ പറ്റി അവതാരകന്‍ മനോജിനോട് ചോദിച്ചിരുന്നു..
‘കേരളം മൊത്തം അറിഞ്ഞ വലിയൊരു സംഭവമായിരുന്നു തന്റെ വീടിന് തീപിടിച്ചതെന്നാണ് മനോജ് കെ ജയന്‍ പറയുന്നത്. 1976 ലാണ് സംഭവമുണ്ടാവുന്നത്. അന്ന് ഞാന്‍ സ്‌കൂളില്‍ പഠിക്കുകയാണ്. അന്ന് അറക്കപ്പൊടി കൊണ്ടുള്ള അടുപ്പാണ്. അതിങ്ങനെ എരിഞ്ഞ് കൊണ്ടിരുന്നു. രാത്രിയില്‍ അമ്മ അത് കെടുത്താന്‍ മറന്ന് പോയി. അതിങ്ങനെ പുകഞ്ഞ് മുകളിലുള്ള ഓലയിലേക്ക് എത്തി. അങ്ങനെ തട്ടിന്‍പുറത്ത് തീ എത്തി. അടുക്കള വഴി വീട് കത്താന്‍ തുടങ്ങി. ഞങ്ങള്‍ ബെഡ് റൂമില്‍ കിടക്കുകയാണ്’.
പുകയുടെ മണവും ചൂടുമൊക്കെ വന്നപ്പോള്‍ അമ്മയ്ക്ക് കാര്യം മനസിലായി. ഞങ്ങളെയൊക്കെ വലിച്ചെടുത്ത് മുറ്റത്തേക്ക് നിര്‍ത്തി. അപ്പോഴെക്കും പകുതി മുക്കാലും കത്തി. ഞങ്ങളുടെ തറവാട് വീടായിരുന്നത്. പ്രശസ്ത സംഗീതഞ്ജന്മാരായ ജയന്റെയും വിജയന്റെയും വീട് കത്തി പോയെന്ന് പറയുന്നത് വലിയ വാര്‍ത്തയായിരുന്നു. ഫയര്‍ ഫോഴ്‌സ് വന്നാണ് തീയണച്ചത്. എന്തായാലും വീട് മുഴുവന്‍ കത്തി പോയി.
സംഗീതഞ്ജന്റെ വീടായത് കൊണ്ട് അവിടെ വീണയും വയലിനും ഹര്‍മോണിയവും ഒക്കെ ഉണ്ട്. ഞങ്ങളെ കൊണ്ട് അതിലൊന്നും തൊടാന്‍ സമ്മതിക്കില്ല. അങ്ങനെ പറഞ്ഞ് ഞങ്ങളെ പേടിപ്പിച്ച് നിര്‍ത്തി. പക്ഷേ തീ കത്തി കഴിഞ്ഞപ്പോള്‍ വീട്ടിലെ സാധനങ്ങളൊക്കെ എടുത്ത് വാരി പുറത്തേക്ക് എറിയുകയല്ലേ. അന്നേരം എന്റെ കൈയ്യിലൊരു ഹാര്‍മോണിയം കിട്ടി. അതോടെ ഞാനും അനിയനും ഹാര്‍മോണിയം വായിച്ച് പാട്ട് പാടാന്‍ തുടങ്ങി. അന്നേരം വീട് കത്തി കൊണ്ടിരിക്കുകയാണ്. അച്ഛന്‍ അന്നേരം മദ്രാസിലായിരുന്നു.
പിന്നെ നസീര്‍ സാര്‍ അന്ന് അയ്യായിരം രൂപ കൊണ്ട് വന്ന് തന്നു. ഇന്നത്തെ അമ്പത് ലക്ഷത്തിന് തുല്യമാണത്. അദ്ദേഹത്തെ ഇന്ന് ഞങ്ങളുടെ കുടുംബം സ്മരിക്കുകയാണ്. കോട്ടയത്ത് ഒരു അവാര്‍ഡ് നൈറ്റ് വെച്ചു. അതില്‍ നിന്നുള്ള ഫണ്ടും വീട് വെക്കാന്‍ കൊണ്ട് വന്ന് തന്നു. അങ്ങനെ പുതിയ വീട് പണിയിപ്പിക്കുകയാണ് ചെയ്തതെന്നും മനോജ് കെ ജയന്‍ പറയുന്നു.