Connect with us

സിനിമയെക്കുറിച്ചുള്ള വിമർശനങ്ങളും, വെറുപ്പ് നിറഞ്ഞ അഭിപ്രായപ്രകടനങ്ങളും കാണുന്നു, വിമർശനങ്ങളിൽ പ്രതികരിച്ച് സംഭാഷണ രചയിതാവ് സുരേഷ് കുമാർ രവീന്ദ്രൻ

Malayalam

സിനിമയെക്കുറിച്ചുള്ള വിമർശനങ്ങളും, വെറുപ്പ് നിറഞ്ഞ അഭിപ്രായപ്രകടനങ്ങളും കാണുന്നു, വിമർശനങ്ങളിൽ പ്രതികരിച്ച് സംഭാഷണ രചയിതാവ് സുരേഷ് കുമാർ രവീന്ദ്രൻ

സിനിമയെക്കുറിച്ചുള്ള വിമർശനങ്ങളും, വെറുപ്പ് നിറഞ്ഞ അഭിപ്രായപ്രകടനങ്ങളും കാണുന്നു, വിമർശനങ്ങളിൽ പ്രതികരിച്ച് സംഭാഷണ രചയിതാവ് സുരേഷ് കുമാർ രവീന്ദ്രൻ

മഞ്ജു വാര്യർ ചിത്രം ജാക്ക് ആൻഡ് ജിൽ സിനിമയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ നിരവധി വിമർശങ്ങളാണ് ഉയരുന്നത്. ഇപ്പോഴിതാ ഈ വിമർശനങ്ങളിൽ പ്രതികരിച്ച് ചിത്രത്തിന്റെ സംഭാഷണ രചയിതാക്കളിൽ ഒരാളായ സുരേഷ് കുമാർ രവീന്ദ്രൻ.

ജാക്ക് ആൻഡ് ജിൽ എന്ന സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പൂർണമായും അംഗീകരിക്കുന്നുവെന്നും പ്രേക്ഷകരുടെ അഭിപ്രായങ്ങൾ ഭാവിയിലേയ്ക്കുള്ള പ്രചോദനങ്ങളാണെന്നും സുരേഷ് പറയുന്നു.

സുരേഷ് കുമാർ രവീന്ദ്രന്റെ വാക്കുകൾ:

ജാക്ക് ആൻഡ് ജിൽ എന്ന സിനിമയെക്കുറിച്ചുള്ള വിമർശനങ്ങളും, വെറുപ്പ് നിറഞ്ഞ അഭിപ്രായപ്രകടനങ്ങളും, ട്രോളുകളും ഒക്കെ കാണുന്നുണ്ട്. സിനിമയുടെ സംഭാഷണ രചയിതാക്കളിൽ ഒരാളെന്ന നിലയിൽ അതൊക്കെ പോസിറ്റീവ് മനസ്സോടെ തന്നെ സ്വീകരിക്കുന്നുമുണ്ട്. അങ്ങനെ തന്നെയാണ്, അത്തരം കാര്യങ്ങളെ ഇതുവരെയും കാണാൻ ശ്രമിച്ചിട്ടുള്ളത്. പക്ഷേ, ഈ കഴിഞ്ഞ ദിവസം ഒരു ഉപദേശം കിട്ടി, വളരെ സ്പെഷൽ! ഉപദേശമെന്നു പറഞ്ഞാൽ ഈ ലോകത്ത് ഇതുവരെയും ഒരു സിനിമാപ്രവർത്തകനും കിട്ടിയിട്ടില്ലാത്ത അത്ര, എവറസ്റ്റിന്റെ ഹൈറ്റിലൊരു ഉപദേശം! അത് കേട്ടപ്പോൾ ചിരിക്കണോ, പൊട്ടിച്ചിരിക്കണോ, തലകുത്തി മറിഞ്ഞ് ചിരിക്കണോ എന്നറിയാത്ത മാനസികാവസ്ഥയായിരുന്നു! സത്യം, നൂറ് ശതമാനം.

എന്തായാലും അതിനു ഞാൻ സർക്കാസം നിറഞ്ഞ രീതിയിൽ മറുപടി കൊടുത്തപ്പോൾ ആശാൻ അപ്പൊ തന്നെ പിണങ്ങി, അൺഫ്രണ്ട് ചെയ്തിട്ട്, ‘സ്ഥലത്തെ പ്രധാന പയ്യൻസ്’ലെ ജഗദീഷിനെ പോലെ സ്ലോമോഷനിൽ ഒരു പോക്കായിരുന്നു… ഇതാ ആ വിലപ്പെട്ട ഉപദേശം…

‘‘സംഭാഷണമായാലും എന്തായാലും ഒരു സിനിമ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണ്ടേ സുഹൃത്തേ…നിങ്ങളിൽ ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു.’’

അതായത് പുള്ളിക്കാരന്റെ ഭാവനയിൽ പറഞ്ഞാൽ, ഒരു ദിവസം രാവിലെ ഒരു പത്രപരസ്യം വരുന്നു, സുരേഷ് കുമാർ രവീന്ദ്രൻ എന്ന മഹാൻ സംഭാഷണം എഴുതാമെന്ന് തിരുവുള്ളം കനിഞ്ഞു സമ്മതിച്ച ആദ്യ സിനിമയുടെ സംവിധായകനാകാൻ യോഗ്യതയുള്ള ആളുകളെ ക്ഷണിച്ചു കൊള്ളുന്നു. സംവിധായകന് ഇൻഡസ്ട്രിയിൽ ഏറ്റവും കുറഞ്ഞത് 25-30 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്. ഹോളിവുഡിൽ നിന്നായാലും പ്രശ്നമല്ല, പക്ഷേ മലയാളം പഠിച്ചിട്ടു വേണം ഇങ്ങോട്ടു വരാൻ. താല്പര്യമുള്ള, പ്രതിഭാശാലികളും പരിചയസമ്പന്നരും ഉടനേ തന്നെ ബന്ധപ്പെടേണ്ടതാണ്.

അങ്ങനെ, ആ പത്ര പരസ്യം കണ്ടിട്ട് സ്റ്റീവൻ സ്പീൽബർഗ്, ജെയിംസ് ക്യാമറൂൺ, മണിരത്നം, ഭാരതിരാജ, സിബി മലയിൽ, പ്രിയദർശൻ, സത്യൻ അന്തിക്കാട്, സന്തോഷ് ശിവൻ, രാജ്‌കുമാർ ഹിറാനി, അശുതോഷ് ഗുവാരിക്കാർ തുടങ്ങി കുറേപേർ ഞാനുമായി എങ്ങനെയെങ്കിലും ബന്ധപ്പെട്ടേ തീരൂ എന്ന വാശിയിൽ എന്റെ വീടിന്റെ മുന്നിലെത്തി ക്യൂവിൽ നിൽക്കുകയാണ്! പഞ്ചാബി ഹൗസിലെ ദിലീപ് താൻ കടം വാങ്ങിയ കാശ് ചോദിക്കാൻ വന്ന ആളുകളോട് ഇടപെടുന്നത് പോലെ, ഞാൻ ഓരോരുത്തരോടും പേഴ്‌സണലി ഓരോന്നും ചോദിച്ച് കമ്യൂണിക്കേറ്റ് ചെയ്തു. ഒടുവിൽ ഞാൻ തീരുമാനിച്ചു, മിസ്റ്റർ സന്തോഷ് ശിവൻ മതി!

ഞാൻ സംഭാഷണമെഴുതുന്ന എന്റെ ആദ്യത്തെ സിനിമയുടെ തിരക്കഥാകൃത്തും, ഛായാഗ്രാഹകനും, സംവിധായകനും, സർവോപരി നിർമാതാവും ആകാനുള്ള ആ മഹാഭാഗ്യം അദ്ദേഹത്തിന് തന്നെയിരിക്കട്ടെ! അതേസമയം, ബാക്കിയുള്ളവരെല്ലാം അവരുടെ സമയദോഷത്തെ പഴിചാരിയിട്ട്, ഏറെ ദുഃഖത്തോടെ, “അടുത്ത സിൽമേലെങ്കിലും വിളിക്കണേ സുരേഷ് സാറേ” എന്നും പറഞ്ഞു കൊണ്ട് വല്ലാത്തൊരു ഇറങ്ങിപ്പോക്കായിരുന്നു…

അങ്ങനെ, മാരിയറ്റിൽ സ്യൂട്ട് റൂം ബുക്ക് ചെയ്ത്, നാലഞ്ചു ദിവസം തലപുകഞ്ഞാലോചിച്ചിട്ട് ഒടുവിൽ തീരുമാനിച്ച ആ പത്രപരസ്യം വഴി എനിക്ക് സംവിധായകനെ കിട്ടിയെങ്കിലും ആ പടത്തിന്റെ വിധി ഇങ്ങനെയായതിൽ എനിക്കും, എന്നെ ഉപദേശിച്ച ആ സുഹൃത്തിനും അതിയായ ദുഃഖമുണ്ടെന്ന് ഞാൻ മനസ്സിലാക്കി. ആ തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ ഒരു മറുപടി കൊടുത്തപ്പോൾ ആ സുഹൃത്തിനത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല, അൺഫ്രണ്ട് ചെയ്തിട്ടു പോയി! അതെന്റെ തെറ്റാണോ? പറയൂ…

പിന്നെ, ‘‘എന്നിൽ ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു’’ എന്ന് ആശാൻ പറഞ്ഞതിന് വേറൊരു അർഥമുണ്ടായിരുന്നു. ഉപദേശി അഭിനയിച്ച ഒരു ഷോർട്ട് ഫിലിമിനെ (കണ്ടാലും ഇല്ലെങ്കിലും… കണ്ടാൽ തന്നെ, ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും) കുറിച്ച്, ഒരു നൂറു പേജ് ബുക്ക് വാങ്ങി അതിൽ മാർജിനൊക്കെ ഇട്ട്, വളരെ വളരെ വിശദമായിട്ട്, ‘നന്മ’ മാത്രം പറയുന്ന റിവ്യൂ നടത്താൻ ആവശ്യപ്പെട്ടിട്ട് ഞാനത് ചെയ്യാത്തതിലുള്ള കടുത്ത നിരാശയിലൂടെയാണ് എന്നിലുള്ള പ്രതീക്ഷയറ്റു പോയത്. ആറ്റുകാലമ്മച്ചിയാണേ സത്യം.

എന്തായാലും, ‘ജാക്ക് ആൻഡ് ജിൽ’ എന്ന സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പൂർണമായും അംഗീകരിക്കുന്നു. വളരെയധികം അടുപ്പമുണ്ടായിട്ടും സ്വകാര്യ ചാറ്റിൽ വന്ന് ഒരു വാക്ക് പോലും പറയാത്ത, ചില സുഹൃത്തുക്കളുടെ ‘സ്‌പെഷൽ’ റിവ്യൂസ് കണ്ടപ്പോൾ ‘അയ്യേ’ എന്ന് തോന്നിയതൊഴിച്ചാൽ ബാക്കിയെല്ലാം ഭാവിയിലേക്കുള്ള പ്രചോദനങ്ങൾ തന്നെയാണ്. ഒരു പ്രിയസുഹൃത്ത്, എന്റെ വേറൊരു പോസ്റ്റിലെ കമന്റിലൂടെയും, വാട്സാപ്പ് മെസ്സേജിലൂടെയും ചട്ടമ്പിനാട് സുരാജ് വെഞ്ഞാറമൂട് ശൈലിയിലൊരു വാചകം അയച്ചിരുന്നു, “ഞാൻ ജാക്ക് ആൻഡ് ജിൽ കണ്ടു, കേട്ടോ… “

ഈ പറഞ്ഞ ‘ങും ങും, ഞാൻ കണ്ടു കേട്ടോ’ വായിച്ചിട്ട് ഞാൻ തിരികെ “എങ്ങനെയുണ്ട് ഡിയർ” എന്ന് ചോദിക്കുമെന്ന് പ്രതീക്ഷിച്ച് അദ്ദേഹം ഇപ്പോഴും കാത്തിരിക്കുന്നുണ്ടാവും, പാവം! വേറൊരു സുഹൃത്തിന്റെ ക്രോക്കൊഡൈൽ രോദനം (ഹാവൂ, എന്റെ സുഹൃത്തിന്റെ പടം ഖുദാഗവ’യായല്ലോ, തൃപ്തിയായി) ഇപ്രകാരമായിരുന്നു,

‘‘ചേട്ടൻ സംഭാഷണമല്ലേ എഴുതിയത്, അല്ലാതെ അഭിനയിച്ചില്ലല്ലോ, തിരക്കഥ എഴുതിയില്ലല്ലോ, ക്യാമറ കൈകാര്യം ചെയ്തില്ലല്ലോ, എഡിറ്റ് ചെയ്തില്ലല്ലോ, ആർട്ട് വർക്ക് ചെയ്തില്ലല്ലോ, കളർ ഗ്രേഡിങ് ചെയ്തില്ലല്ലോ, സംവിധാനം ചെയ്തില്ലല്ലോ..’’

ഇങ്ങനെ കുറേ ‘ല്ലല്ലോ’ പറഞ്ഞു കൊണ്ട്, എന്നോടുള്ള അതിയായ സ്നേഹവും സഹതാപവും കൊണ്ട്, പാവം ലിറ്ററലി കരയുകയായിരുന്നു! സദ്യ മോശമായതിലുള്ള അക്രമങ്ങൾക്കിടയിൽ നിന്ന് സാമ്പാറുണ്ടാക്കിയവനെ രക്ഷപ്പെടുത്താൻ വേണ്ടിയുള്ള ആ ഒരു സത്യസന്ധമായ പരാക്രമം എന്റെ ഹൃദയത്തിന്റെ ആഴത്തിൽ ഇടംപിടിച്ചു, അബ്‌സൊല്യൂട്ട്‌ലി ബോംബാസ്റ്റിക് എക്സ്പീരിയൻസ്! ഇങ്ങനെ അതികഠിനമായ സ്നേഹം കൊണ്ട് എന്റെ തലതല്ലി പൊളിക്കുന്ന കുറേ ‘സ്നേഹിത’രുടെ ശല്യമൊഴിച്ചാൽ, അവറ്റകളെ മാറ്റി നിർത്തിയാൽ, നെഞ്ചിൽ തൊടുന്ന സ്നേഹത്തോടെ, ഇഷ്ടത്തോടെ എന്നോടൊപ്പം നിൽക്കുന്ന ഒരുപാടുപേരുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നു. അതിലൂടെ കിട്ടുന്ന മനമാർന്ന സന്തോഷമാണ് ഇനിയുള്ള ഓരോ ചുവടു വയ്പ്പിന്റെയും അടിസ്ഥാനം.

സന്തോഷ്‌ ശിവൻ എന്ന മഹാമേരുവിന്റെയൊപ്പം സിനിമയിൽ തുടക്കം കുറിക്കാൻ കഴിഞ്ഞതിലും, 45 ദിവസങ്ങൾ അദ്ദേഹത്തിന്റെ ഒപ്പം കൂടാൻ കഴിഞ്ഞതിലും, ലക്ഷങ്ങൾ കൊടുത്താൽ പോലും പഠിക്കാൻ കഴിയാത്ത അത്രയും സിനിമാ അറിവ് ആ ലെജന്റിൽ നിന്നും കിട്ടിയതിലും ഞാൻ എത്രത്തോളം ഭാഗ്യവാനാണെന്ന സത്യം ശരിക്കും തിരിച്ചറിയുന്നുണ്ട്..(സഹതാപം എന്ന എരപ്പാളിത്തരത്തിന്, എന്നും എപ്പോഴും, ‘പ്രേമം’ ടീച്ചറിന്റെ പേരിന്റെ വില മാത്രമേ കൊടുക്കാറുള്ളൂ. സത്യം)

Continue Reading
You may also like...

More in Malayalam

Trending

Recent

To Top