ഒടുവിൽ ആ ആവിശ്യം ‘അമ്മ സംഘടന അംഗീകരിച്ചു ; പൂത്തിരി കത്തിച്ച് പേരടി!
അമ്മ സംഘടന തന്റെ രാജി അംഗീകരിച്ചുവെന്ന് നടന് ഹരീഷ് പേരടി. ജനറല്‍ സെക്രട്ടറി ഇടവേള ബാബുവാണ് ഇക്കാര്യം അറിയിച്ചതെന്നും അമ്മക്ക് നന്ദിയെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഹരീഷ് പേരടി അറിയിച്ചു. പൂത്തിരി കത്തിച്ച് നില്ക്കുന്ന ചിത്രത്തോടൊപ്പമാണ് ഹരീഷ് കുറിപ്പ് പങ്കുവെച്ചത്.
നടന് വിജയ് ബാബുവിനെതിരായ പീഡന പരാതി ഉയര്‍ന്നതിന് പിന്നാലെ അമ്മ സംഘടന കര്‍ശന നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് ഹരീഷ് പേരടി ആദ്യം രാജി സന്നദ്ധത അറിയിച്ചത്. അമ്മ സംഘടനയില്‍ നിന്ന് വിജയ് ബാബുവിനെ പുറത്താക്കണമെന്നാണ് ഹരീഷ് പേരടി ആവശ്യപ്പെട്ടത്. മേയ് നാലിനാണ് ഹരീഷ് പേരടി തന്റെ രാജി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ സംഘടനയ്ക്ക് കത്ത് സമര്‍പ്പിക്കുന്നത്.
താന്‍ പ്രാഥമിക അംഗത്വത്തിനായി അടച്ച ഒരു ലക്ഷം രൂപ തിരിച്ച് തരേണ്ടെന്നും തന്റെ രാജി സ്വീകരിക്കണമെന്നുമാണ് ഹരീഷ് പേരടി ആവശ്യപ്പെട്ടത്. എ എം എം എയുടെ പ്രിയപ്പെട്ട പ്രസിണ്ടണ്ട്, സെക്രട്ടറി..മറ്റ് അംഗങ്ങളെ…പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രി വിരുദ്ധമായ നിലപാടുകള്‍ തുടരുന്ന എ എം എം എ എന്ന സിനിമാ സംഘടനയിലെ എന്റെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് സ്നേപൂര്വ്വം അഭ്യര്‍ത്ഥിക്കുന്നു എന്നാണ് ഹരീഷ് പേരടി കത്തില്‍ പറഞ്ഞത്.
എന്റെ പ്രാഥമിക അംഗത്വത്തിനായി ഞാന്‍ അടച്ച ഒരു ലക്ഷം രൂപ എനിക്ക് തിരിച്ചു തരേണ്ട. ആരോഗ്യ ഇന്‍ഷൂറന്‍സ് തുടങ്ങിയ എല്ലാ അവകാശങ്ങളില്‍ നിന്നും എന്നെ ഒഴിവാക്കണം എന്നുകൂടി അഭ്യര്‍ത്ഥിക്കുന്നെന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ പങ്കുവച്ച തുറന്ന കത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അദ്ദേഹത്തെ വിളിച്ച് പറഞ്ഞ കാര്യങ്ങളെ കുറിച്ചും ഹരീഷ് തുറന്നുപറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെയായിരുന്നു.
എ എം എം എയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു എന്നെ വിളിച്ചിരുന്നു…ഇന്നലെ അവരുടെ എക്സികൂട്ടിവ് മീറ്റിംഗില്‍ എന്റെ രാജി ചര്‍ച്ച ചെയ്തിരുന്നു എന്നും എന്റെ രാജിയില്‍ വല്ല മാറ്റവുമുണ്ടോ എന്നറിയാന്‍…വിജയ് ബാബു സ്വയം ഒഴിഞ്ഞു പോയതാണെന്ന പത്ര കുറിപ്പ് പിന്‍വലിച്ച് അയാളെ എ എം എം എ പുറത്താക്കിയാതാണെന്ന തിരത്തലുകള്‍ക്ക് തയ്യാറുണ്ടോ എന്ന് ഞാനും ചോദിച്ചു..
വിജയ്ബാബുവിനെ പുറത്താക്കുന്ന പ്രശനമേയില്ലെന്നും ഐ സി കമ്മറ്റി തങ്ങള്‍ പറഞ്ഞതു കേള്‍ക്കാതെ ചാടിപിടിച്ച് നിലപാടെടുത്തതാണെന്നും ഇടവേളബാബു ഉറക്കെ പ്രഖ്യാപിച്ചു…അതുകൊണ്ടുതന്നെ എന്റെ രാജിയില്‍ ഉറച്ച് നില്‍ക്കുമെന്ന് ഞാനും ഉറക്കെ പ്രഖ്യാപിച്ചു…
ഇത്രയും സ്ത്രീ വിരുദ്ധനിലപാടുകള്‍ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ അമ്മ എന്ന പേരില്‍ അഭിസംബോധന ചെയ്യാന്‍ എന്റെ അമ്മ മലയാളം എന്നെ അനുവദിക്കുന്നില്ല എന്ന് ഖേദപൂര്‍വ്വമറിയിക്കട്ടെ…എ എം എം എ ഒരു തെറിയല്ല..അത് ആ അസോസിയേഷന്റെ ഒറജിനല്‍ ചുരക്കപേരാണ്…15ാം തിയ്യതിയിലെ കാര്യക്കാരുടെ ഒത്തുചേരലില്‍ (എക്സിക്യൂട്ടീവ്) എന്റെ രാജി എത്രയും പെട്ടന്ന് നിങ്ങള്‍ അംഗീകരിക്കുക…ഞാനും നിങ്ങളും രണ്ട് ദിശയിലാണ്…ഞാന്‍ ഇവിടെ തന്നെയുണ്ടാവും…വീണ്ടും കാണാം.- ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.
