News
കമല്‍ ഹാസനുവേണ്ടി സ്വന്തം വീട്ടില്‍ ഒരു അത്താഴവിരുന്ന് നടത്തി ചിരഞ്ജീവി; ഒപ്പം സല്മാന് ഖാനും
കമല്‍ ഹാസനുവേണ്ടി സ്വന്തം വീട്ടില്‍ ഒരു അത്താഴവിരുന്ന് നടത്തി ചിരഞ്ജീവി; ഒപ്പം സല്മാന് ഖാനും
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു കമല്‍ ഹസന് നായകനായി എത്തിയ വിക്രം. കമലിനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ്, നരെയ്ന്, കാളിദാസ് ജയറാം എന്നിവരും തകര്‍ത്ത് അഭിനയിച്ച ചിത്രം പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്.
ചിത്രം ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം തുടരുമ്പോള്‍ ഈ വിജയത്തില്‍ തന്റെ ഉറ്റ സുഹൃത്തിനെ അഭിനന്ദിക്കാന്‍ സമയം കണ്ടെത്തിയിരിക്കുകയാണ് തെന്നിന്ത്യയിലെ മറ്റൊരു സൂപ്പര്‍താരം. തെലുങ്ക് താരം ചിരഞ്ജീവിയാണ് കമല്‍ ഹാസനുവേണ്ടി സ്വന്തം വീട്ടില്‍ ഒരു അത്താഴവിരുന്ന് നടത്തിയത്.
അതേസമയം അത്താഴ വിരുന്നില്‍ മറ്റൊരു ഇന്ത്യന്‍ സൂപ്പര്‍താരം കൂടി ഉണ്ടായിരുന്നു. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്മാന് ഖാന് ആയിരുന്നു അത്. കമല്‍ ഹാസനൊപ്പം വിക്രം സംവിധായകന് ലോകേഷ് കനകരാജും ചിരഞ്ജീവിയുടെ ക്ഷണപ്രകാരം എത്തിയിരുന്നു. പൂച്ചെണ്ട് നല്കി, പൊന്നാടയണിയിച്ചാണ് ചിരഞ്ജീവി കമല്‍ ഹാസനെ പുതിയ വിജയത്തില്‍ അഭിനന്ദിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ചിരഞ്ജീവി തന്നെയാണ് വിവരം അറിയിച്ചത്.
രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര് മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്സ് ഡിസ്നി. ലോകേഷിനൊപ്പം രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരന് ആണ് ഛായാഗ്രാഹകന്‍. സംഗീതം അനിരുദ്ധ് രവിചന്ദര്‍.
