News
വാച്ച് സമ്മാനമായി നല്കുന്ന രീതി കമലഹാസന് മുന്‍പ് തന്നെ ഉണ്ടായിരുന്നു, ഷാരൂഖിന് അന്ന് നല്‍കിയത് ഒരു റിസ്റ്റ് വാച്ച്
വാച്ച് സമ്മാനമായി നല്കുന്ന രീതി കമലഹാസന് മുന്‍പ് തന്നെ ഉണ്ടായിരുന്നു, ഷാരൂഖിന് അന്ന് നല്‍കിയത് ഒരു റിസ്റ്റ് വാച്ച്
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന കമല്‍ ഹസന് ചിത്രം വിക്രത്തിന്റെ വിജയത്തിന് പിന്നാലെ സഹതാരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും സമ്മാനങ്ങള്‍ നല്കി കമല്ഹാസന്. ചിത്രത്തിന്റെ സംവിധായകന് ലോകേഷ് കനകരാജിന് കമലഹാസന് ആഡംബരക്കാര്‍ സമ്മനിച്ചതിനു പിന്നാലെ പ്രതിഫലം വാങ്ങാതെ അഭിനയിച്ച സൂര്യയ്ക്ക് ആഡംബര വാച്ചും കമല്‍ സമ്മാനിച്ചിരുന്നു. റോളക്സ് വാച്ച് ശ്രേണിയിലെ ഏറ്റവും വില കൂടിയ മോഡലുകളിലൊന്നായ റോളക്സ് ഡേ ഡേറ്റ് പ്രസിഡെന്ഷ്യലാണ് കമല്‍ സൂര്യയ്ക്ക് സമ്മാനിച്ചത്.
ഇപ്പോഴിതാ വാച്ച് സമ്മാനമായി നല്കുന്ന രീതി കമലഹാസന് മുന്‍പ് തന്നെ ഉണ്ടായിരുന്നു വെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ഹേ റാം എന്ന ചിത്രത്തില്‍ പണം വാങ്ങാതെ അഭിനയിച്ച ഷാരൂഖ് ഖാനും കമല്ഹാസന് റിസ്റ്റ് വാച്ച് സമ്മാനമായി നല്‍കിയിരുന്നു. മുന്‍പ് നല്കിയ ഒരു അഭിമുഖത്തില്‍ കമല്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു
‘എനിക്കൊപ്പം അഭിനയിക്കണം എന്ന മോഹമായിരുന്നു ഷാരൂഖിനെ ‘ഹേ റാമി’ലേക്ക് എത്തിച്ചത്. ചിത്രത്തിന്റെ ബജറ്റ് വല്ലാതെ കൂടുതലായിരുന്നു. ഷാരൂഖിനോട് പ്രതിഫലം ചോദിച്ചപ്പോള്‍ ഒന്നും വേണ്ട എന്നായിരുന്നു മറുപടി. ഒടുവില്‍ ഒരു റിസ്റ്റ് വാച്ചാണ് ഞാന്‍ അദ്ദേഹത്തിന് നല്‍കിയതെന്ന് അന്ന് കമല്ഹാസന് പറയുന്നു. ഇന്ന് കമല്‍ഹാസനൊപ്പം സ്ക്രീന്‍ പങ്കിടാന്‍ ആഗ്രഹിച്ച സൂര്യയും പ്രതിഫലം വാങ്ങാന്‍ തയാറായിരുന്നില്ല.
ഇതോടെയാണ് ലോക നേതാക്കളടക്കമുള്ള വിവിഐപികള്‍ ഉപയോഗിക്കുന്ന വാച്ച് സൂര്യക്ക് കമലഹാസന് സമ്മാനമായി നല്‍കിയത്. ഏകദേശം മുപ്പത് ലക്ഷം രൂപയാണ് വാച്ചിന്റെ വില. സംവിധായകന് ലോകേഷ് കനകരാജിന് ലക്സസ് ഇഎസ് 300 എച്ച് എന്ന ആഡംബര കാറും 13 സഹസംവിധായകര്‍ക്ക് അപ്പാച്ചെ 160 ആര്ടിആര് ബൈക്കും കമലഹാസന് സമ്മാനമായി നല്‍കിയിരുന്നത്. ചിത്രത്തിന്റെ കളക്ഷന്‍ 200 കോടിയും കടന്ന് കുതിക്കുകയാണ്.
