Malayalam
കാവ്യയുടെ രഹസ്യ നമ്പരില്‍ നിന്ന് ബാലചന്ദ്രകുമാറിനെ വിളിച്ചത് നിരവധി തവണ!; തെളിവുകളുമായി ക്രൈംബ്രാഞ്ച് സംഘം
കാവ്യയുടെ രഹസ്യ നമ്പരില്‍ നിന്ന് ബാലചന്ദ്രകുമാറിനെ വിളിച്ചത് നിരവധി തവണ!; തെളിവുകളുമായി ക്രൈംബ്രാഞ്ച് സംഘം
ഓരോ ദിവസം കഴിയും തോറും നിര്‍ണായക തെളിവുകളും വിവരങ്ങളുമായാണ് നടി ആക്രമിക്കപ്പെട്ട കേസ് മുന്നോട്ട് പോകുന്നത്. കേസിലെ പുകമറ ഇനിയും നീങ്ങിയിട്ടില്ലാത്തതിനാല്‍ തന്നെ കേസിന്റെ ഗതി എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് കേരളക്കര. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കവെ ഹൈക്കോടതിയില്‍ തെളിവുകളുമായി ക്രൈംബ്രാഞ്ച് സംഘം എത്തിയിരുന്നു. ചോദ്യം ചെയ്യലുകളില്‍ നിന്നും ഒഴിഞ്ഞു മാറിയിരുന്ന കാവ്യയെ ചോദ്യം ചെയ്തതില്‍ നിന്ന് കാവ്യ കള്ളമാണ് പറഞ്ഞതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
ഇപ്പോഴിതാ സംവിധായകന്‍ ബാലചന്ദ്രകുമാറിനെ കാവ്യാ മാധവന്‍ വിളിച്ചിരുന്ന നമ്പര്‍ പുറത്ത് വന്നിരിക്കുകയാണ്. ‘96456 74686’ എന്ന നമ്പര്‍ കാവ്യ ഉപയോഗിച്ചതിന്റെ തെളിവാണ് പുറത്തെത്തിയിരിക്കുന്നത്. കാവ്യാ മാധവന്‍ ഈ നമ്പറില്‍ നിന്നും പല തവണ ബാലചന്ദ്രകുമാറിന്റെ ഐഫോണിലേക്ക് വിളിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടാണ് പുറത്തായത്. താനും ദിലീപും ഈ നമ്പര്‍ ഉപയോഗിച്ചില്ലെന്നാണ് കാവ്യ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നത്. കാവ്യ വിവാഹത്തിന് മുമ്പ് ദിലീപുമായി ബന്ധപ്പെട്ടിരുന്നതും ഈ നമ്പരില്‍ നിന്നായിരുന്നു. ഈ നമ്പറില്‍ നിന്നുള്ള വാട്സ് ആപ്പ് ചാറ്റുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.
കാവ്യാ മാധവന്റെ അമ്മ ശ്യാമളയുടെ പേരിലുള്ളതാണ് ഈ നമ്പര്‍. നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവാണ് ഈ നമ്പറെന്നാണ് വിലയിരുത്തല്‍. പല തവണ വിളിച്ചതായുള്ള രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ബാലചന്ദ്രകുമാറിന്റെ ഐഫോണ്‍ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. താന്‍ ഈ നമ്പര്‍ ഉപയോഗിച്ചില്ലെന്നുള്ള കാവ്യാ മാധവന്റെ മൊഴി ഇതോടെ പാളിപ്പോയിരിക്കുകയാണ്.
കാവ്യാ മാധവനുമായി ബന്ധപ്പെട്ട് മൊഴിയെടുത്ത പലരും ഈ നമ്പര്‍ കാവ്യ ഉപയോഗിച്ചിരുന്നതായി അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. നടി ആക്രമിക്കപ്പെട്ട ശേഷം ഈ നമ്പര്‍ കാവ്യയുടെ അമ്മയുടെ പേരില്‍ നിന്നും കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയുടെ പേരിലേക്ക് മാറ്റി. പിന്നീട് അന്വേഷണം പുരോഗമിക്കവെ ഈ നമ്പര്‍ നശിപ്പിക്കപ്പെട്ടു എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ബാലചന്ദ്രകുമാറുമായി തങ്ങള്‍ക്ക് ഒരു സിനിമാ ചര്‍ച്ചകളുമായി മാത്രമുള്ള ബന്ധമാണെന്നായിരുന്നു കാവ്യാ മാധവനും ദിലീപും മൊഴി നല്‍കിയിരുന്നത്. എന്നാല്‍, ഇരുവര്‍ക്കും സംവിധായകനുമായി അടുത്ത് ബന്ധമുണ്ടെന്ന് തെളിയിക്കുന്നത് കൂടിയാണ് ഈ സ്‌ക്രീന്‍ ഷോട്ടുകള്‍.
അതേസമയം, ബാലചന്ദ്രകുമാറിന് ദിലീപുമായി അടുത്തബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന. ബാലചന്ദ്രകുമാര്‍ ചുവന്ന മാരുതി സ്വിഫ്റ്റ് കാറില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനും ഭാര്യാസഹോദരന്‍ സുരാജിനൊപ്പം യാത്രചെയ്തതിന്റെ ചിത്രങ്ങളും ക്രൈംബ്രാഞ്ചിന് ലഭിച്ചു.
ഈ ദിവസം ബാലചന്ദ്രകുമാര്‍ തന്റെ വീട്ടില്‍ വന്നിട്ടില്ലെന്നാണ് ദിലീപ് ചോദ്യംചെയ്യലില്‍ പറഞ്ഞത്. ഈ കാര്‍ ദിലീപിന്റേതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ബാലചന്ദ്രകുമാറും ദിലീപുമൊത്തുള്ള സെല്‍ഫിയും ലഭിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു അതേസമയം, 2013 ല്‍ അബാദ് പ്ലാസ ഹോട്ടലില്‍ വെച്ചാണ് അക്രമണത്തിന്റെ ഗൂഡാലോചനയുടെ തുടക്കം കുറിക്കുന്നതെന്നുള്ള കാര്യം എല്ലാവരേയും പോലെ പത്രമാധ്യമങ്ങളില്‍ വായിച്ചുള്ള അറിവാണ് തനിക്കുള്ളതെന്നും ആ ഗൂഡാലോചന കണ്ടയാളല്ല താനെന്നും ബാലചന്ദ്രകുമാര്‍ മുമ്പ് പറഞ്ഞിരുന്നു.
അതുപോലെ കൃത്യം നിര്‍വ്വഹിക്കുന്ന ദിവസം ഞാന്‍ അവിടെയില്ല. പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ കൊടുത്തിട്ടുണ്ടെങ്കില്‍ തന്നെ ഞാന്‍ അതിന് സാക്ഷിയില്ല. എന്റെ ജീവന് ഭീഷണി വന്നപ്പോഴാണ് ഞാന്‍ കേസ് കൊടുത്തത്. ആ കേസ് കൊടുക്കാനുണ്ടായ സാഹചര്യം ഞാന്‍ പിന്നിലോട്ട് എഴുതിയപ്പോഴാണ് പല കാര്യങ്ങളും ഉയര്‍ന്ന് വന്നതെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കുന്നു.
പള്‍സര്‍ സുനിയെ ദിലീപിന്റെ വീട്ടില്‍ വെച്ച് കണ്ട കാര്യമുള്‍പ്പെടെ ആ പരാതിയിലാണ് എഴുതി നല്‍കിയിരിക്കുന്നത്. എന്നെ കൊണ്ടുവിട്ട വണ്ടിയില്‍ പള്‍സര്‍ സുനിയുണ്ടായിരുന്നു. അതുപോലെ തന്നെ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അവിടെ വെച്ച് കണ്ടിട്ടുണ്ട്. ആ വീഡിയോ ആണെന്ന് വ്യക്തമാക്കി കൊണ്ട് തന്നെ ദിലീപ് എന്നെ വീഡിയോ കാണാന്‍ വിളിച്ചെങ്കിലും ഞാന്‍ പോയില്ലെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കുന്നു.
