പരിഗണന അതിരുകടക്കുന്നു എന്നെ ഒന്ന് കളിക്കാൻ അനുവദിക്ക്’; ഹൗസിൽ കൂടെയുള്ളവരെ കുറിച്ച് പരാതിയുമായി സൂരജ്!
ബിഗ് ബോസ് സീസൺ ഫോറും ഫിനാലെയിലേക്ക് അടുക്കുമ്പോൾ മത്സരം മുറുകുകയാണ് . ഇനി വളരെ കുറച്ച് ആഴ്ചകൾ മാത്രമാണ് അവശേഷിക്കുന്നത്. പന്ത്രണ്ട് മത്സരാർഥികളാണ് ഇനി വീട്ടിൽ വിധി കാത്ത് കഴിയുന്നത്. അവരിൽ ഒരാൾ കൂടി ഇന്ന് പുറത്തേക്ക് പോയേക്കും.
ശനിയാഴ്ചത്തെ എപ്പിസോഡിൽ എലിമിനേഷൻ മോഹൻലാൽ നടത്തിയില്ല. ഇന്നായിരിക്കും ആ പ്രക്രിയ നടക്കുക. പ്രേക്ഷകരുടെ പ്രവചനം പ്രകാരം ഈ ആഴ്ച സുചിത്ര പുറത്ത് പോകാനാണ് സാധ്യത. സുചിത്രയ്ക്ക് പുറമെ അഖിൽ, വിനയ്, സൂരജ് എന്നിവരാണ് എലിമിനേഷനിൽ ഉള്ളത്.കഴിഞ്ഞ ദിവസം നടന്ന വീക്കെൻഡ് എപ്പിസോഡിൽ സൂരജ് മോഹൻലാലിനോട് പറഞ്ഞ ഒരു പരാതിയാണ് ഇപ്പോൾ വൈറലാകുന്നത്.സ്നേഹം കൊണ്ടാണെങ്കിൽ പോലും വീട്ടിലുള്ളവർ തന്നെ ഓവറായി പരിഗണിക്കുന്നതിനാൽ തന്നിലെ ഗെയിമർ പിന്നോട്ട് പോകുന്നുവെന്നാണ് സൂരജ് പറയുന്നത്. സൂരജ് പരാതി പറയും മുമ്പ് അഖിലും സൂരജും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് മോഹൻലാൽ ചോദിച്ചിരുന്നു.
നിരവധി പരിപാടികൾ ഒരുമിച്ച് ചെയ്തിട്ടുള്ളവരായതിനാൽ അഖിലിനും സൂരജിനും ഹൗസിൽ വരുന്നതിന് മുമ്പ് തന്നെ പരിചയമുണ്ട്. ഇരുവരുടേയും ചിന്തയും മറ്റും ഒന്നായതിനാൽ എപ്പോഴും ഒരുമിച്ചാണ് നിൽക്കാറുള്ളത്. ചിലപ്പോഴൊക്കെ ഇത് ഇരുവരുടേയും മത്സരങ്ങളേയും ബാധിക്കാറുണ്ട്ഇപ്പോൾ മോഹൻലാലും ഇരുവരോടും ഗെയിം കളിക്കുമ്പോൾ അതേ സ്പിരിറ്റോടെ കളിക്കണമെന്നും സൗഹൃദം അതിലേക്ക് വലിച്ചിഴയ്ക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപ്പോഴാണ് സൂരജ് വീക്കിലി ടാസ്ക്കിൽ നടന്ന ചില സംഭവങ്ങൾ തന്നെ വേദനിപ്പിച്ചുവെന്നും അന്ന് എല്ലാവരോടും പറയാൻ വിചാരിച്ച കാര്യങ്ങൾ ഇപ്പോൾ പറയുകയാണെന്നും പറഞ്ഞ് സുഹൃത്തുക്കൾ ഓവറായി പരിഗണിക്കുന്നതിനാൽ തനിക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകളെ കുറിച്ചും മനസ് തുറന്നത്.
സൂരജിനെ മറ്റ് മത്സരാർഥികൾ കൂടുതൽ പരിഗണിക്കുന്നുവെന്ന അഭിപ്രായമുണ്ടോ എന്നായിരുന്നു സൂരജിനോട് മോഹൻലാലിൻറെ ചോദ്യം. അതുണ്ടെന്നായിരുന്നു സൂരജിൻറെ മറുപടി.
‘ഈയൊരു അവസരത്തിൽ എനിക്ക് അത് എല്ലാവരോടും പറഞ്ഞാൽ കൊള്ളാമെന്നുണ്ട്. അങ്ങനെ പരിഗണിക്കേണ്ട. അതൊരു സ്നേഹത്തിൻറെ പേരിലാണെന്ന് എനിക്കറിയാം. പക്ഷെ അപ്പോൾ എന്നിലുള്ള ഗെയിമറെ പിന്നിലേക്ക് വലിക്കുന്നതുപോലെ തോന്നുന്നുണ്ട് എനിക്ക്…. സൂരജ് പറഞ്ഞു. അങ്ങനെ അഭിപ്രായമുണ്ടായിരുന്നുവെങ്കിൽ അത് നേരത്തെ പറയണമായിരുന്നെന്ന് തോന്നുന്നില്ലേ എന്നായിരുന്നു മോഹൻലാലിൻറെ അടുത്ത ചോദ്യം.’
‘നേരത്തെ പറയണമെന്നുണ്ടായിരുന്നു. പക്ഷേ കൈയിൽനിന്ന് പോയി. കാരണം ഒരു സംഭവം കഴിഞ്ഞിട്ട് പറയുമ്പോൾ അവർക്ക് ചിലപ്പോൾ വിഷമമാകും.’
‘പറയുന്ന അർഥത്തിൽ എടുത്തില്ലെങ്കിൽ അത് പ്രശ്നമാവുമല്ലോ എന്നൊക്കെ ഓർത്തിരിക്കുകയായിരുന്നു. എന്തായാലും ഈയൊരു അവസരത്തിൽ എല്ലാവരോടുമായി പറയുകയാണ്’ സൂരജ് കൂട്ടിച്ചേർത്തു.സൗഹൃദം നല്ലതാണെന്നും പക്ഷെ ഇത്തരം ഗെയിമുകളിൽ പങ്കെടുക്കുമ്പോൾ പരിധി വെക്കണമെന്നും മോഹൻലാൽ എല്ലാവരേയും ഓർമിപ്പിച്ചു. ഇനിയും സയാമീസ് ഇരട്ടകളെപ്പോലെ കളിച്ചാൽ അഖിലിനേയും സൂരജിനേയും ഒരു മത്സരാർഥിയായി പരിഗണിച്ച് കളിപ്പിക്കുമെന്നും പിന്നീട് ഔട്ട് ആയാൽ ഇരുവരും ഒന്നിച്ച് പുറത്ത് പോകേണ്ടി വരുമെന്നും മോഹൻലാൽ ഓർപ്പിച്ചു.
രണ്ടുപേരും രണ്ട് മത്സരാർഥികളായി നിന്ന് സ്വന്തം തീരുമാനങ്ങളുടെ ബലത്തിൽ കളിക്കണമെന്നും മോഹൻലാൽ ഓർമിപ്പിച്ചു. വീക്കിലി ടാസ്ക്ക് സമയത്ത് ജാസ്മിനുമായി പ്രശ്നം വന്നപ്പോൾ ജാസ്മിൻ പലപ്പോഴായി സൂരജിനോട് താൻ പരിഗണന കൊടുത്താണ് കളിച്ചതെന്ന തരത്തിൽ സംസാരിച്ചിരുന്നു.മാത്രമല്ല ജാസ്മിൻ കോയിൻ പരസ്യമായി മോഷ്ടിച്ചപ്പോൾ മറ്റുള്ളവരെല്ലാം അവരവരുടെ കോയിൻ സൂരജിന് നൽകി വിജയിപ്പിക്കാനും ശ്രമിച്ചിരുന്നു. മുമ്പ് പലപ്പോഴും വീട്ടിലെ അംഗങ്ങൾ സൂരജിനെ എതിരാളിയായി കാണാത്ത തരത്തിൽ ഒരു പരിഗണനയോടെ പെരുമാറിയിട്ടുണ്ട്.
