Malayalam
മരിക്കാത്ത ഓര്‍മ്മളുടെ നിത്യ ഹരിതം.., പ്രിയ നടന്‍ ലോകത്തോട് വിടപറഞ്ഞിട്ട് ഇന്നേക്ക് 33 വര്‍ഷങ്ങള്‍;
മരിക്കാത്ത ഓര്‍മ്മളുടെ നിത്യ ഹരിതം.., പ്രിയ നടന്‍ ലോകത്തോട് വിടപറഞ്ഞിട്ട് ഇന്നേക്ക് 33 വര്‍ഷങ്ങള്‍;
മലയാളത്തിന്റെ സ്വന്തം നിത്യ ഹരിത നായകന്‍ പ്രേം നസീര്‍ ലോകത്തോട് വിട പറഞ്ഞിട്ട് ഇന്നേക്ക് മുപ്പത്തിമൂന്ന് വര്‍ഷം തികയുന്നു. 1989 ജനുവരി 16നാണ് സിനിമാ പ്രേമികളുടെ കണ്ണുകളെ ഈറനണിയിച്ചുകൊണ്ട് സൂപ്പര്‍സ്റ്റാറിന്റെ വിയോഗ വാര്‍ത്ത ലോകമറിഞ്ഞത്. സിനിമ എന്ന ലോകത്തെ മലയാളികള്‍ അറിയാന്‍ തുടങ്ങിയത് തന്നെ പ്രേം നസീര്‍ എന്ന വലിയ കലാകാരനിലൂടെയാണ്. ഏറ്റവും കൂടുതല്‍ ചലച്ചിത്രങ്ങളില്‍ അഭിനയിച്ചതിനുള്ള ഗിന്നസ് റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരില്‍ തന്നെ.
35ലേറെ സിനിമകളില്‍ ഇരട്ട വേഷങ്ങളിലും മൂന്നോളം സിനിമകളില്‍ ട്രിപ്പിള്‍ വേഷങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില ചിറയിന്‍കീഴാണ് സ്വദേശം. 1952ലാണ് അദ്ദേഹത്തിന്റെ ആദ്യചിത്രം മരുമകള്‍ പുറത്തിറങ്ങിയത്. മലയാളത്തിന് പുറമെ 37 തമിഴ് ചിത്രങ്ങളിലും ഏഴ് തെലുങ്കു ചിത്രങ്ങളിലും രണ്ട് കന്നഡ ചിത്രത്തിലും അദ്ദേഹം അഭിനയച്ചിട്ടുണ്ട്. 520 സിനിമകളില്‍ നായകനായതിനും 130 സിനിമകളില്‍ ഷീലയ്ക്കൊപ്പം അഭിനയിച്ചതിനും അദ്ദേഹത്തിന് ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചിട്ടുണ്ട്.
മുറപ്പെണ്ണ്, ഓടയില്‍ നിന്ന്, ഇരുട്ടിന്റെ ആത്മാവ്, നഗരമേ നന്ദി, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, അനുഭവങ്ങള്‍ പാളിച്ചകള്‍, നദി, സിഐഡി നസീര്‍, കുഞ്ഞാലി മരയ്ക്കാര്‍, പ്രവാഹം, സീമന്ത പുത്രന്‍, പടയോട്ടം, മായ, ആരോമലുണ്ണി, ഫുട്ബോള്‍ ചാമ്പ്യന്‍, പിക്നിക്ക്, തീക്കളി, സഞ്ചാരി, എന്റെ കഥ, എറണാകുളം ജംഗ്ഷന്‍, പുഷ്പാഞ്ജലി, ധ്വനി തുടങ്ങി എത്രയെത്ര സിനിമകളാണ് അദ്ദേഹത്തിന്റെ അവിസ്മരണീയ അഭിനയ മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമായത്.
എണ്‍പതുകളുടെ അവസാനത്തിലിറങ്ങിയ സിനിമകളില്‍ നസീര്‍ അഛ്ഛനും ജേഷ്ടനുമൊക്കെയായി ഭാവം മാറിയെങ്കിലും കൈയ്യേറ്റിയ കാമുകഭാവം അതിലും കൈവെടിഞ്ഞില്ല. യേശുദാസിന്റേയും ജയചന്ദ്രന്റേയുമെല്ലാം മറക്കാനാകാത്ത ഒട്ടുമിക്ക പാട്ടുകള്‍ക്കും തിരശീലയില്‍ ചുണ്ടനക്കിയത് പ്രേം നസീറായിരുന്നു. അതെല്ലാം തന്നെ ഇന്നും പ്രിയപ്പെട്ടവ തന്നെയാണ്.
സംസ്ഥാന ചലച്ചിത്രപുരസ്‌കാരവും ഫിലിം ഫെയര്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്. ദേശീയ ചലച്ചിത്ര പുരസ്‌കാര സമിതി അംഗവുമായിരുന്നു. രാജ്യം പത്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുമുണ്ട്. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞു പോയാലും പ്രേം നസീര്‍ എന്ന നടന്റെ വിയോഗം മലയാള സിനിമയിലെ ഒരു തീരാ വിടവ് തന്നെയാണ്.
കാലങ്ങള്‍ എത്ര കഴിഞ്ഞാലും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പൂക്കുന്നിടത്തിന്നും കസ്തൂരിഗന്ധമാണ്. സഹപ്രവര്‍ത്തകര്‍ക്കെല്ലാം ഇന്നും നൂറു നാവാണ് അവരുടെ പ്രിയപ്പെട്ട നസീര്‍ സാറിനെ കുറിച്ച് പറയാന്‍. മഹാനായ ഒരു നടന്‍ എന്നതിനൊപ്പം ആരുടെ കാര്യത്തിലും അനാവശ്യമായി തലയിടാത്ത എളിമയും കൃത്യനിഷ്ഠയുമുള്ള മനുഷ്യന്‍ കൂടിയായിരുന്നു നസീര്‍ സാര്‍. ഒരുപാട് ആളുകളെ സഹായിച്ചിട്ടുണ്ട്. വലതു കൈ കൊണ്ട് കൊടുക്കുന്നത് ഇടതു കൈ അറിയരുതെന്ന കാഴ്ചപ്പാടുള്ള വ്യക്തിയായിരുന്നു അദ്ദേഹമെന്നുമാണ് ഷീല പറയാറുള്ളത്.
നസീര്‍ സാര്‍ എല്ലാ മനുഷ്യരെയും ഒരുപോലെ കണ്ടു. അവിടെ ജാതി, മതം, ഭാഷ ഭേദമൊന്നും ഉണ്ടായിരുന്നില്ല.സിനിമാ മേഖലയില്‍ ജോലി ചെയ്യുമ്പോള്‍ എല്ലാവരെക്കൊണ്ടും നല്ലതുമാത്രം പറയിക്കുന്നത് നടക്കാത്ത കാര്യമാണ്. പക്ഷേ, മനശുദ്ധിയുള്ള പെരുമാറ്റം കൊണ്ട് നസീര്‍ സാറിന് അത് സാധിച്ചു.അതുപോലെ നസീര്‍ സാറില്‍ നിന്ന് കണ്ടുപഠിക്കേണ്ട മറ്റു ഗുണങ്ങള്‍ അച്ചടക്കവും കൃത്യനിഷ്ഠയുമാണ്. ഏത് മനുഷ്യര്‍ക്കും ആവശ്യമുള്ള കാര്യമാണ് അച്ചടക്കം. പ്രത്യേകിച്ചും അഭിനേതാക്കള്‍ക്ക്. പ്രൊഡ്യൂസറെ കഷ്ടപ്പെടുത്താതെ ഒരു പടം വിചാരിച്ച സമയത്ത് തീര്‍ക്കണമെങ്കില്‍ അഭിനേതാക്കള്‍ നന്നായി സഹകരിക്കണം. ഏറ്റെടുത്ത സിനിമകള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ രാത്രിയും പകലുമില്ലാതെ നസീര്‍ സാര്‍ ജോലി ചെയ്തിരുന്നു. സാര്‍ ഉണ്ടെങ്കില്‍ സെറ്റില്‍ ഒരു സമാധാനമാണ്. എന്നും ശാരദ പറയുന്നു.
