Malayalam
മലപ്പുറത്തെ ലഹിരിക്കടത്ത്; എംഡിഎംഎ മലയാള സിനിമയിലെ രണ്ട് നടിമാർക്ക് കൊടുക്കാനെന്ന് പ്രതി
മലപ്പുറത്തെ ലഹിരിക്കടത്ത്; എംഡിഎംഎ മലയാള സിനിമയിലെ രണ്ട് നടിമാർക്ക് കൊടുക്കാനെന്ന് പ്രതി
സിനിമാ ലോകത്തെ ലഹരി ഉപയോഗത്തെ കുറിച്ച് പലപ്പോഴും അന്വേഷണങ്ങളും ചർച്ചകളും എല്ലാം നടക്കാറുണ്ട്. എന്നാൽ ലഹരി ഉപയോഗത്തിൽ നിന്ന് ചില സിനിമാ താരങ്ങൾ പിന്നോട്ടേയ്ക്കില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം എംഡിഎംഎയുമായി മലപ്പുറത്ത് നിന്നും യുവാവിനെ പിടികൂടിയിരുന്നു.
കോഴിക്കോട് ബൈപാസിനോട് ചേർന്ന വഴക്കാട് പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള സ്വകാര്യ റിസോർട്ടിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ കാറിൽ നിന്നാണ് എംഡിഎംഎ പിടിച്ചെടുത്തത്. ഈ യുവാവ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചാ വിഷയം. മലപ്പുറത്ത് പിടികൂടിയ എംഡിഎംഎ മലയാള സിനിമയിലെ രണ്ട് നടിമാർക്ക് കൊടുക്കാനാണെന്നാണ് ഇയാൾ പറയുന്നത്.
മലപ്പുറത്ത് 510 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്. കാളികാവ് സ്വദേശി മുഹമ്മദ് ഷബീബിനെ കഴിഞ്ഞ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ മലപ്പുറം ചെമ്മാട് സ്വദേശി അബു ത്വാഹിറിനെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
മുഹമ്മദ് ഷബീബ് ആണ് എംഡിഎംഎ നടിമാർക്ക് നൽകാനാണ് എന്ന് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. കൊച്ചിയിൽ നിന്നെത്തുന്ന നടിമാർക്ക് നൽകാനാണ് എംഡിഎംഎ കൈവശം വെച്ചത് എന്നാണ് മൊഴിയിൽ പറഞ്ഞിരിക്കുന്നത്. അതേസമയം പ്രതിയുടെ മൊഴി പ്രകാരമുള്ള വിവരം വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
ഒമാനിൽ നിന്ന് എത്തിച്ച എംഡിഎംഎ മറ്റൊരാളുടെ കൈയൽ നിന്ന് വാങ്ങുകയായിരുന്നു എന്നാണ് ഷബീബ് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിൽ നിന്നാണ് അബു ത്വാഹിർ പിടിയിലായത്. ഒമാനിൽ ജോലി ചെയ്യുന്ന ഇയാളാണ് എംഡിഎം എത്തിച്ചതെന്നായിരുന്നു ഷബീബ് പറഞ്ഞത്. ലഹരി കടത്താൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുഹമ്മദ് ഷബീബും ഒമാനിൽ ജോലി ചെയ്തിരുന്നയാളാണ്.
ഇയാൾ രണ്ട് മാസം മുൻപാണ് നാട്ടിലെത്തിയത്. ഒമാനിൽ നിന്ന് പാൽപ്പൊടി പാക്കറ്റുകളിലാക്കിയാണ് മയക്കുമരുന്ന് എത്തിച്ചത്. ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരി മരുന്നാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. കരിപ്പൂർ വിമാനത്താവളം വഴിയാണ് എം ഡി എം എ കടത്തിയത്.
ഹോട്ടലിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ എം ഡി എം എ കൈപ്പറ്റാൻ രണ്ട് സിനിമാ നടിമാർ എറണാകുളത്ത് നിന്ന് എത്തുമെന്നും അവർക്ക് കൈമാറാനാണ് അവിടെ നിന്നതെന്നുമാണ് പ്രതി പറയുന്നത്.
എന്നാൽ ആരാണ് വരുന്നതെന്നോ നടിമാർ ആരൊക്കെ എന്നോ ഷബീബിന് അറിയില്ലായിരുന്നു. പുതുവർഷാഘോഷം ലക്ഷ്യം വച്ച് കൊച്ചി, ഗോവ എന്നിവിടങ്ങളിലേക്ക് വിൽപന നടത്തുന്നതിനായാണ് ലഹരിമരുന്ന് എത്തിച്ചത് എന്ന നിഗമനത്തിലാണ് പൊലീസ്. കൊണ്ടോട്ടി ഡിവൈഎസ്പിയും സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയും പ്രതിയെ ചോദ്യം ചെയ്യുകയാണ്. സിനിമാ രംഗത്തെ ലഹരി ഉപയോഗം ഇടക്കാലം കൊണ്ട് സജീവമായി ചർച്ചയായിരുന്നു. കൊച്ചിയിൽ ഓംപ്രാകാശ് ഉൾപ്പെട്ട ലഹരിപ്പാർട്ടിയും ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
അതേസമയംസ കുറച്ച് നാളുകൾക്ക് മുമ്പ് കൊച്ചിയിൽ നടന്ന ലഹരിപ്പാർട്ടിയ്ക്ക് പിന്നാലെ നടൻ ശ്രീനാഥ് ഭാസിയെയും നടി പ്രയാഗ മാർട്ടിനെയും ചോദ്യം ചെയ്തതും വാർത്തയായിരുന്നു. എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷനിലേയ്ക്ക് വിളിച്ച് വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. ലഹരിപ്പാർട്ടി നടന്ന ഹോട്ടലിൽ സുഹൃത്തുക്കളെ കാണാനാണ് പോയത് എന്നാണ് പ്രയാഗ പറയുന്നത്.
ശ്രീനാഥ് ഭാസിയെയും പോലീസ് ചോദ്യം ചെയ്തിരുന്നു. സംഭവ ദിവസം പുലർച്ചെ നാല് മണിക്കാണ് പ്രയാഗ ഹോട്ടലിൽ എത്തുന്നത്. ഹോട്ടലിലെ പാർട്ടിയിൽ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ലഹരി ഉപയോഗിച്ചുവെന്നത് സാധൂകരിക്കുന്ന തെളിവുകളൊന്നുമില്ല. അതേസമയം ലഹരി പരിശോധനയ്ക്ക് സാംപിളുകൾ ശേഖരിക്കാൻ സന്നദ്ധരാണ് എന്ന് ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും ചോദ്യം ചെയ്യലിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.
