Actor
വർ ഗീയവി ദ്വേഷം അഴിച്ചുവിടാൻ ശ്രമിച്ചപ്പോൾ ചിരിയോടെയാണ് ആസിഫ് അലി നേരിട്ടത്, നടന് ആദരവും പിന്തുണയുമായി ആഡംബര നൗകയ്ക്ക് നടൻ്റെ പേര് നൽകി ടൂറിസം കമ്പനി
വർ ഗീയവി ദ്വേഷം അഴിച്ചുവിടാൻ ശ്രമിച്ചപ്പോൾ ചിരിയോടെയാണ് ആസിഫ് അലി നേരിട്ടത്, നടന് ആദരവും പിന്തുണയുമായി ആഡംബര നൗകയ്ക്ക് നടൻ്റെ പേര് നൽകി ടൂറിസം കമ്പനി
കഴിഞ്ഞ ദിവസമായിരുന്നു ആസിഫ് അലിയെ സംഗീത സംവിധായകൻ രമേശ് നാരായൺ പുരസ്കാരം വാങ്ങാനെ അപമാനിച്ച സംഭവം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരുന്നത്. നിരവധി പേർ ആസിഫ് അലിയ്ക്ക് പിന്തുണുമായും എത്തിയിരുന്നു. പിന്നാലെ രമേശ് നാരായൺ മാപ്പ് പറഞ്ഞ് രംഗത്തെത്തിയപ്പോഴും പക്വതയോടുള്ള പ്രതികരണവും മറുപടിയുമാണ് ആസിഫ് നൽകിയത്. ഇത് കയ്യടികൾ നേടിയിരുന്നു.
ഇപ്പോഴിതാ വിഷയം പക്വതയോടെ കൈകാര്യം ചെയ്തുകൊണ്ട് എല്ലാവർക്കും മാതൃകയായതിനാണ് നടന് ആദരവും പിന്തുണയും അറിയിച്ചുകൊണ്ട് ആഡംബര നൗകയ്ക്ക് നടൻ്റെ പേര് നൽകിയിരിക്കുകയാണ് ദുബായ് മറീനയിലെ വാട്ടർ ടൂറിസം കമ്പനി. ഡി3 നൗകയുടെ പേരുമാറ്റി ആസിഫ് അലി എന്നാണ് നൽകിയിരിക്കുന്നത്. രജിസ്‌ട്രേഷൻ ലൈസൻസിലും പേരും മാറ്റും.
വിഷയം പക്വതയോടെ കൈകാര്യം ചെയ്ത് ആസിഫ് അലി എല്ലാവർക്കും മാതൃകയാണ്. വിഷയത്തിൽ വർ ഗീയവിദ്വേഷം അഴിച്ചുവിടാൻ ശ്രമിച്ചപ്പോൾ അത്തരം നീക്കങ്ങളെ ചിരിയോടെയാണ് ആസിഫ് അലി നേരിട്ടത്. ഒരു നിർണ്ണായക ഘട്ടത്തിൽ മനുഷ്യർ എങ്ങനെയാണ് പെരുമാറേണ്ടെതെന്ന് ആസിഫ് അലി കാണിച്ചു തന്നുെവെന്നും ഡി 3 ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഷെഫീഖ് മുഹമ്മദലി പറഞ്ഞു.
എം ടി വാസുദേവൻ നായരുടെ ചെറുകഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ‘മനോരഥങ്ങൾ’ എന്ന ആന്തോളജിയുടെ ട്രെയ്‍ലർ ലോഞ്ചിനിടെയായിരുന്നു ആസിഫ് അലിയിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങാതെ രമേശ് നാരായൺ അപമാനിച്ചത്. ചടങ്ങിൽ പുരസ്കാരം നൽകാൻ നടൻ ആസിഫ് അലിയെയാണ് ക്ഷണിച്ചത്. ആസിഫ് അലി വരുകയും രമേഷ് നാരായണിന് പുരസ്കാരം നൽകുകയും ചെയ്തു.
എന്നാൽ താൽപ്പര്യമില്ലാതെ, ആസിഫിൻറെ മുഖത്ത് പോലും നോക്കാതെ ചിരിക്കുക പോലും ചെയ്യാതെ പുരസ്കാരം വാങ്ങുകയായിരുന്നു. ഉടൻ തന്നെ സംവിധായകൻ ജയരാജനെ വേദിയിൽ വിളിച്ചുവരുത്തി പുരസ്കാരം അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്ത് പുരസ്കാരം രണ്ടാമതും ഏറ്റുവാങ്ങുകയാണ് ചെയ്തത്. ശേഷം ക്യാമറയ്ക്ക് പോസ് ചെയ്യുന്നതും ജയരാജനെ ആലിംഗനം ചെയ്യുന്നതും കാണാമായിരുന്നു.
എന്നാൽ രമേശ് നാരായൺ തന്നെ മനഃപൂർവം അപമാനിച്ചതല്ലെന്നാണ് നടൻ ആസിഫ് അലി വിഷയത്തിൽ പ്രതികരിച്ചത്. തന്നെ വിളിക്കുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നുവെന്നും തനിക്ക് യാതൊരു വിഷമവുമില്ലെന്നുമായിരുന്നു ആസിഫ് അലി പറഞ്ഞത്. ‘ലോകത്തുള്ള എല്ലാ മലയാളികളും എനിക്ക് ഒരു പ്രശ്നം വന്നുവെന്ന് പറഞ്ഞപ്പോൾ കൂടെയുണ്ടായി എന്നത് സന്തോഷമാണ്.
അദ്ദേഹം ജയരാജിന്റെ കയ്യിൽനിന്നാണ് മൊമെന്റോ സ്വീകരിക്കാൻ ആഗ്രഹിച്ചത്. അദ്ദേഹം വന്നപ്പോൾ തന്നെ എന്റെ റോൾ കഴിഞ്ഞു. ഞാൻ അത് കാര്യമായെടുത്തിട്ടില്ലെന്നും ഈ വിഷയം ഇവിടെ അവസാനിപ്പിക്കണം എന്നും മറ്റ് വിഷയങ്ങളിലേയ്ക്ക് ഈ സംഭവത്തെ കൊണ്ടെത്തിക്കരുതെന്നും മാപ്പ് പറയേണ്ട ആവശ്യമില്ലെന്നുമാണ് ആസിഫ് അലി പറഞ്ഞത്.
അതേസമയം, അമല പോൾ, ആസിഫ് അലി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ലെവൽ ക്രോസ് ആണ് നടന്റെ പുതിയ ചിത്രം. ജൂലൈ 26-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഷറഫുദ്ദീനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നവാഗതനായ അർഫാസ് അയൂബ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗംഭീര മേക്ക്ഓവറിലാണ് ചിത്രത്തിൽ ആസിഫ് അലി എത്തുന്നതെന്നാണ് വിവരം.
സർവൈവൽ ത്രില്ലർ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ടുണീഷ്യയിൽ ചിത്രീകരിച്ച ആദ്യ മലയാള ചിത്രം കൂടിയാണ് ലെവൽ ക്രോസ്. ഒറ്റപ്പെട്ട ഒരു വരണ്ട ഗ്രാമത്തിലെ ലെവൽ ക്രോസിൽ വാച്ച്മാനായി ജോലി ചെയ്യുന്ന യുവാവും, ട്രെയനിൽ നിന്ന് വീണ് അപകടത്തിൽപെട്ട് അതിജീവിക്കുന്ന യുവതിയും തുടർന്നുണ്ടാവുന്ന സംഘർഷങ്ങളും അതിന്റെ തുടർച്ചകളുമാണ് ചിത്രത്തിന്റെ പ്രമേയം.
