Connect with us

നടീ നടന്മാര്‍ക്ക് അഡ്വാന്‍സ് കൊടുക്കാനുള്ള തുകയും വാങ്ങി സംവിധായകന്‍ പോയി, പിന്നെ കണ്ടിട്ടില്ല പരസ്പരം! ശാന്തിവിള ദിനേശ്

Malayalam

നടീ നടന്മാര്‍ക്ക് അഡ്വാന്‍സ് കൊടുക്കാനുള്ള തുകയും വാങ്ങി സംവിധായകന്‍ പോയി, പിന്നെ കണ്ടിട്ടില്ല പരസ്പരം! ശാന്തിവിള ദിനേശ്

നടീ നടന്മാര്‍ക്ക് അഡ്വാന്‍സ് കൊടുക്കാനുള്ള തുകയും വാങ്ങി സംവിധായകന്‍ പോയി, പിന്നെ കണ്ടിട്ടില്ല പരസ്പരം! ശാന്തിവിള ദിനേശ്

മലയാളത്തിന്റെ പ്രിയസംവിധായകന്‍ ലോഹിതദാസിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചു ശാന്തിവിള ദിനേശ്. മാക്ടയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് സിബി മലയില്‍ മത്സരിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായി ലോഹിതദാസിനെ നിര്‍ത്തിയ സംഭവം പങ്കുവച്ചാണ് താരത്തിന്റെ കുറിപ്പ്.

കൊല്ലം ശാസ്താംകോട്ടയില്‍ ഒരു വിചിത്രമായ കാഴ്ചയുണ്ട്…….. അവിടെ രണ്ടു തരം കുരങ്ങന്മാരുണ്ട്…….. അമ്ബലക്കുരങ്ങന്മാരും, ചന്തക്കുരങ്ങന്മാരും …….!
പരസ്പരം കണ്ടാല്‍ കടിച്ചു കീറും ……!
RSS ഉം SDPI യും പോലെ ……
മോരും മുതിരയും പോലെ …..! ഒരിക്കലും ഇവര്‍ യോജിക്കാറില്ല……!
ഈ സ്ഥിതിയായിരുന്നു മലയാള സിനിമാ സാങ്കേതിക വിഭാഗക്കാരുടെ സംഘടനയായ മാക്ടയില്‍ ……..!
കാശിറക്കുന്ന നിര്‍മ്മാതാക്കള്‍ക്കൊപ്പം ടെക്നീഷ്യന്മാര്‍ നില്‍ക്കണം എന്ന ഒരു പക്ഷവും, അഭിനേതാക്കളുടെ പക്ഷത്ത് നമ്മള്‍ കൂടി നിന്ന് നിര്‍മ്മാതാക്കളെ വരച്ചവരയില്‍ നിര്‍ത്തണം എന്ന എതിര്‍ ഗ്രൂപ്പ് …….! ഇവരാണ് ശക്തര്‍…….! പ്രബലരായ 99% സംവിധായകരും തിരക്കഥാകാരന്മാരും ഈ ഗ്രൂപ്പിലാണ്……..! അതിനാല്‍ത്തന്നെ ഇവര്‍ക്ക് ആള്‍ബലവും, കാശും എല്ലാം യഥേഷ്ഠം ……..!
ഈ അന്തരീക്ഷത്തിലാണ് 2004 ല്‍ മാക്ടയുടെ തിരഞ്ഞെടുപ്പ് വരുന്നത്………!

ചെയര്‍മാന്‍ സ്ഥാനത്തേക്ക് സിബി മലയില്‍ ആദ്യമായി മത്സരിക്കണം എന്ന് താരങ്ങളുടെ അഹങ്കാരം കുറപ്പിക്കാന്‍ മാക്ടയുടെ ജന്മത്തിന് കാരണഭൂതനായ കലൂര്‍ ഡെന്നീസും , സംവിധായകന്‍ ഹരികുമാറും സിബി മലയിലിനോട് പറയുന്നു……… ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ സിബി മലയില്‍ സമ്മതിക്കുന്നു…….. കമല്‍ ജനറല്‍ സെക്രട്ടറി …….!
ജോസ് തോമസ് ആന്റോ ജോസഫ് സുന്ദര്‍ദാസ് തുടങ്ങി ഞാന്‍ വരെയുള്ള ഒരു ന്യൂനപക്ഷമാണ് കൂടെ …….!

മറുവശത്ത് തകൃതിയായ ചര്‍ച്ചകള്‍ നടന്നു…… എങ്ങിനേം സിബി മലയിലിനെ തോല്‍പ്പിക്കണം ……… ആ ആലോചന പോയി നിന്നത് എതിര്‍ സ്ഥാനാര്‍ത്ഥിയായി ലോഹിതദാസിനെ നിര്‍ത്തുന്നിടത്താണ്……!
കേട്ടവരെല്ലാം ഞെട്ടി…….!
സിബി മലയിലിന്റെ തനിയാവര്‍ത്തനത്തിലൂടെ തിരക്കഥാകാരനായ ……. സിബിക്കായി കിരീടവും ഭരതവും ഹിസ് ഹൈനസ് അബ്ദുള്ളയും കമലദളവും ദശരഥവും ചെങ്കോലും സാഗരം സാക്ഷിയും ഒക്കെ എഴുതി ഒരു ഹിറ്റ് മേക്കിംഗ് ടീമായി വളര്‍ന്ന ഇരുവരും പരസ്പരം മത്സരിക്കുകയോ?
സിനിമാക്കാരല്ലേ….. വാശി പിടിപ്പിക്കാന്‍ വിരുതന്മാരല്ലേ……!
സംഗതി ഏറ്റു …….!
പൊരിഞ്ഞ മത്സരം……..!
തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടു നിന്നും ചെന്നൈയില്‍ നിന്നും ഒക്കെ ഏ സി ബസുകളില്‍ വോട്ടുചെയ്യാനായി മാക്ട മെമ്ബര്‍മാര്‍ കൊച്ചിയിലെ BTH ലേക്ക് കുതിച്ചു ……!
ആളും അര്‍ത്ഥവുമായി പ്രിയദര്‍ശനൊക്കെയാണ് ലോഹിക്കായി മുന്നില്‍ ……..!
ശ്രീനിവാസനും, സത്യന്‍ അന്തിക്കാടും, ജി എസ് വിജയനും , വേണു നാഗവള്ളിയും ഒക്കെയാണ് ലോഹി ക്കായി പ്രവര്‍ത്തനം …….!
നിര്‍മ്മാതാക്കളുടെ പക്ഷത്തു നില്‍ക്കണമെന്നു പറഞ്ഞ സിബിയുടെ ടീമിനെ തോല്‍പ്പിക്കാന്‍ നിര്‍മ്മാതാവായ സുരേഷ് കുമാര്‍ അടക്കം BTHല്‍ തമ്ബടിച്ചിരുന്നു………!
താരങ്ങള്‍ അത്രയും അവരോടൊപ്പമുണ്ട് പിന്തുണയുമായി …….!

ഇവിടെ രസകരമായ ഒരു കാര്യം കൂടി ഓര്‍ക്കണം…. പിന്നീട് പരസ്പരം പോരടിച്ച ബി ഉണ്ണികൃഷ്ണനും, വിനയനും അന്ന് സംഘടനയില്‍ ആരുമല്ല…… ഗ്യാലറിയില്‍ ഏറ്റവും മുകളില്‍ ഇരുന്ന് കളി കാണുന്നവര്‍ മാത്രം……..!

തിരഞ്ഞെടുപ്പില്‍ ലോഹിതദാസും പാനലും ദയനീയമായി തോറ്റു ……..!
വിജയിച്ച സിബി മലയിലിനെ അനുമോദിച്ച യോഗത്തില്‍ ലോഹി അതിവികാരഭരിത നായി പ്രസംഗിച്ചു …….. ലോഹിക്കെന്നും തോല്‍വികള്‍ ഏറ്റുവാങ്ങാനാണ് നിയോഗം……..!
എന്റെ പ്രിയ സുഹൃത്ത് സിബിക്ക് ആശംസകള്‍……….!

മലയാളിക്ക് എന്നും ഓര്‍ക്കാന്‍ ഒരു പിടി ജീവനുള്ള മനുഷ്യരെ എഴുതിത്തന്ന ലോഹിതദാസ് എന്ന കഥാകാരന്‍ യാത്രയായിട്ട് ഇന്ന് പതിനൊന്നു വര്‍ഷമായി…….!
ലോഹിയേട്ടനെ ആലോചിച്ചപ്പോഴാണ് സംഘര്‍ഷഭരിതമായ ആ തിരഞ്ഞെടുപ്പ് കാലം അറിയാതെ ഓര്‍ത്തു പോയത്………!

എന്തിന് സിബി മലയില്‍ എന്ന സുഹൃത്തിനെതിരേ ലോഹിതദാസ് എന്ന തോല്‍ക്കാന്‍ വിധിക്കപ്പെട്ട പാവത്തിനെ കൊണ്ടു നിര്‍ത്തിയത് ?

ലോഹിക്കെതിരേ വിജയിച്ച്‌ സിബി മലയില്‍ നേതാവായി…….. മാക്ടയുടെ തുടര്‍ച്ചയായി ഫെഫ്കയുടേം എതിരാളിയില്ലാത്ത നേതാവാണ് അദ്ദേഹം……..!
പക്ഷേ, കൂട്ടുകാരനെ നാണം കെടുത്തി തോല്‍പ്പിച്ച്‌ ജയിച്ചിട്ട് എന്തു നേടി സിബി മലയില്‍ ?
നിര്‍മ്മാതാക്കള്‍ക്കൊപ്പം എന്ന നയത്തില്‍ തുടങ്ങിയിട്ട് ഇന്ന് എവിടെ നില്‍ക്കുന്നു ?
താരങ്ങള്‍ക്കൊപ്പം എന്നല്ലാന്ന് തറപ്പിച്ച്‌ പറയുമോ?
എനിക്കിത് കുറിക്കുമ്ബോള്‍ വല്ലാത്ത മനോവേദന തോന്നുന്നു ……. ലോഹിതദാസ് തോല്‍ക്കരുതായിരുന്നു……
അത്രക്ക് ഹൃദയശുദ്ധിയുള്ളവനായിരുന്നു അമ്ബഴത്തില്‍ കരുണാകരന്‍ മകന്‍ ലോഹിതാക്ഷന്‍ ……..!

തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ലാബ് ടെക്നീഷ്യനായിരുന്നു ലോഹിതാക്ഷന്‍ …….. വായനയുടേയും എഴുത്തിന്റേയും ചെറിയ അസുഖം ഉണ്ടായിരുന്നതു് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കൊക്കെ ലഘുനാടകങ്ങള്‍ എഴുതിക്കൊടുത്ത് കണ്‍ട്രോള്‍ ചെയ്തിരുന്നു…….!
അതിനിടയിലാണ് തന്റെ ആത്മാര്‍ത്ഥ സുഹൃത്ത് സുബാഷ് ചന്ദ്രദാസിന്റെ അളിയന്‍ രാധാകൃഷ്ണനുമായി സൗഹൃദത്തിലാകുന്നത്………
സുബാഷ് ചന്ദ്രദാസിന്റെ അനുജനാണ് പിന്നീട് ലോഹിതദാസിന്റെ തിരക്കഥയില്‍ ‘സല്ലാപം ‘ചെയ്ത സുന്ദര്‍ദാസ് ……! ലോഹിതാക്ഷന്‍ പറയുന്ന കഥകളില്‍ ഒന്ന് സിനിമയാക്കിയാലോ എന്നായി രാധാകൃഷ്ണന്റെ ചിന്ത……..!
ആ ചിന്ത ‘കാണാന്‍ കൊതിച്ച്‌ ‘ എന്ന സിനിമയിലെത്തി………!
സംവിധാനം ഉദ്യോഗസ്ഥ വേണുവിന്റെ അനുജന്‍ സുകുവിലെത്തി……..!
പി.ഭാസ്കരന്‍ മാഷ് പാട്ടെഴുതി…….. വിദ്യാധരന്‍ മാഷ് സംഗീതമിട്ടു………!
സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം……..
ദുഃഖഭാരങ്ങളും പങ്കുവയ്ക്കാം …….. എന്ന സൂപ്പര്‍ ഹിറ്റായി പിന്നീടു മാറിയ പാട്ട് പിറന്നു…. തരംഗിണിയില്‍ ……..!
നടീ നടന്മാര്‍ക്ക് അഡ്വാന്‍സ് കൊടുക്കാനുള്ള തുകയും വാങ്ങി സംവിധായകന്‍ പോയി …….. പിന്നെ കണ്ടിട്ടില്ല പരസ്പരം ………!
തോല്‍ക്കാന്‍ പിറന്ന ജന്മമായ ലോഹിതാക്ഷന്‍ ലാബ് പണിയും, നാടകമെഴുത്തും, സലിം ചേര്‍ത്തലയെപ്പോലെ ചില തിരക്കഥാകാരന്മാരെ അസിസ്റ്റ് ചെയ്യലും ഒക്കെയായി പോയി കുറേ നാള്‍ ……..!
എത്രപേര്‍ക്കറിയാം എന്നറിയില്ല, ലോഹി ആദ്യമായെഴുതിയ ചേര്‍ത്തല തപസ്യയുടെ പ്രൊഫഷണല്‍ നാടകം ‘സിന്ധു ശാന്തമായ് ഒഴുകുന്നു ‘വും, ആദ്യസിനിമയായി പുറത്തുവന്ന സിനിമ ‘ തനിയാവര്‍ത്തനവും ‘ സംസ്ഥാന അവാര്‍ഡുകള്‍ നേടിയവയാണ് …..!
ജോസ് പല്ലിശ്ശേരിയും, സബാസ്റ്റ്യനും, ലോഹിതദാസും കൂടി മുതലാളിമാരായ ചാലക്കുടി സാരഥിയുടെ നാടകം ചെയ്യാന്‍ വന്ന തിലകന്‍ കേരളപുരം കലാമിന്റെ നാടകം വായിക്കുന്നതിനിടയില്‍ ലോഹിതാക്ഷന്‍ പറഞ്ഞ കഥകള്‍ കേട്ടിടത്താണ് അടുത്ത വഴിത്തിരിവ്……..!
പുതിയ തിരക്കഥാകൃത്തുക്കളെ തേടുന്ന സിബി മലയിലിന്റെ മുന്നിലെത്തിക്കുന്നു തിലകന്‍ ലോഹിതാക്ഷനെ ……! ലോഹിതാക്ഷന്‍ ലോഹിതദാസായി മാറി……..!
പിന്നുള്ളത് ചരിത്രം …..!
ഇന്നലെ ഞാന്‍ കുറിച്ച പി പത്മരാജനെപ്പോലെ തന്നെ ലോഹിതദാസും ഇത്രവേഗം ഈ ലോകം വിട്ടു പോകേണ്ടവനായിരുന്നില്ല ……. 54ാം വയസ്സില്‍ നിനച്ചിരിക്കാതെ ഒരു പോക്ക് …….!
ഈ കുറിപ്പ് എഴുതുമ്ബോള്‍ എന്റെ മനസില്‍ ലോഹി ച്ചേട്ടന്റെ ഒരു വിഷ്വല്‍ മായാതെ നിറയുന്നു…….!
BTHലെ ഏറ്റവും മുകളിലെ ഹാളില്‍ തിങ്ങി നിറഞ്ഞ മാക്ട അംഗങ്ങളുടെ മുന്നില്‍ പലരും പ്രസംഗിച്ച കൂട്ടത്തില്‍ ഞാനും സംസാരിച്ചു……! താരങ്ങളുടെ ചിലവില്‍ മാക്ടയില്‍ മത്സരം കൊണ്ടുവന്നവരേയും, അവരുടെ താളത്തിന് തുള്ളാന്‍ ലോഹിച്ചേട്ടന്‍ നിന്നു കൊടുക്കാന്‍ പാടില്ലായിരുന്നെന്നും ഒക്കെ വച്ചു കാച്ചി ഞാന്‍ ……!
ഉച്ചയൂണിന് പിരിഞ്ഞപ്പോള്‍ വല്ലാത്ത സംഘര്‍ഷവേദിയായി ഊണു കഴിക്കുന്നിടം …….!
ഞാന്‍ ചേട്ടനു തുല്യം കാണുന്ന സംവിധായകന്‍ ജി എസ്സ് വിജയന്‍ ഊണു കഴിക്കുന്ന എന്റെ മുന്നില്‍ വന്നു് വഴക്കിട്ടു പിണങ്ങി …….!
ഊണു കഴിച്ചെന്നു വരുത്തി തിരഞ്ഞെടുപ്പ് തുടങ്ങുമ്ബോള്‍ വരാം എന്ന ചിന്തയില്‍ ലിഫ്റ്റില്‍ കയറാതെ പടിക്കെട്ടിറങ്ങി താഴേക്ക് പോകുമോള്‍ താഴെ നിന്ന് മേളിലേക്ക് ലോഹി ച്ചേട്ടനും, സത്യേട്ടനും കയറി വരുകയാണ്…….!
സത്യേട്ടന്‍ ഒന്നുമറിയാത്ത ഒരു ചിരി ചിരിച്ച്‌ മുന്നോട്ട് പോയപ്പോള്‍ …….. എന്റെ വഴി തടഞ്ഞ് ലോഹിയേട്ടന്‍ നിന്നു……!
അര്‍ത്ഥഗര്‍ഭമായ ഒരു ചിരിയോടെ എന്റെ ഇടത്തേ തോളില്‍ വലത്തേ കൈകൊണ്ട് പിടിച്ചു…….!
എനിക്ക് തോന്നിയതാകുമോ?
ആ കൈക്ക് O ഡിഗ്രി ക്കും താഴെ തണുപ്പായിരുന്നു …..!
തോല്‍ക്കില്ലായെന്ന ആത്മവിശ്വാസമോ?
തോറ്റാല്‍ നീയടക്കമാണ് പ്രതികള്‍ എന്നതാകുമോ ആ തണുപ്പും അര്‍ദ്ധ ഗര്‍ഭമായ ആ ചിരിയും……..!
അറിയില്ല ഇന്നും………!

ലോഹിയേട്ടാ…… നിങ്ങള്‍ ജയിക്കണമായിരുന്നു എന്ന് ഈ വരികള്‍ കുറിക്കുമ്ബോള്‍ തോന്നുന്നു……!
സ്വന്തം പോക്കറ്റിലെ ആയിരങ്ങള്‍ ചിലവിട്ട് നിങ്ങളെ തോല്‍പ്പിക്കാനുള്ള കഠിന ശ്രമങ്ങള്‍ തലസ്ഥാനത്തു ഞാന്‍ നടത്തി വരുമ്ബോള്‍ വോട്ടര്‍മാരെ നേരില്‍ കാണാന്‍ വന്ന സിബി സര്‍ മടങ്ങും മുന്‍പ് ഒരുപാട് കാശ് ദിനേശ് ചിലവിട്ടിരിക്കാം ……. ഇതിരിക്കട്ടെ എന്നു പറഞ്ഞ് 50 രൂപയുടെ പുത്തന്‍ ഒരു കെട്ട് നോട്ട് ഗീത് ഹോട്ടലില്‍ വച്ച്‌ എനിക്ക് നീട്ടുമ്ബോള്‍ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് എന്‍. ജീവന്‍ സാക്ഷിയായിരുന്നു……! മാക്ടക്കു വേണ്ടി എന്റെ കണക്കാണു സര്‍ അത്…… ഈ തുക വേണ്ട എന്നു പറഞ്ഞ് മടക്കിയതും ഈ സന്ധ്യക്ക് ഞാന്‍ ഓര്‍ക്കുന്നു……..!
ഞാനും തോറ്റുപോയി ലോഹിച്ചേട്ടാ……!
അഭിനയ മറിയാവുന്നവര്‍ക്കുള്ളതാണ് സിനിമ എന്ന സത്യം ഈ വരികള്‍ കുറിക്കുമ്ബോള്‍ ഞാന്‍ അറിയുന്നു ലോഹി ച്ചേട്ടാ……!
അതുകൊണ്ടു തന്നെ ഈ സന്ധ്യക്ക് അങ്ങയെപ്പോലൊരു ഹൃദയശുദ്ധിയുള്ളവനെ തോല്‍പ്പിക്കാന്‍ കൂട്ടുനിന്നതിന് ക്ഷമ ചോദിക്കുന്നു …….

നല്ല വെള്ളിവെളിച്ചത്തില്‍ എടുത്ത് നല്ല ഇരുട്ടത്ത് കാണിക്കുന്ന സിനിമക്ക് പറ്റിയവരല്ല താങ്കളും ഞാനും എന്ന് വൈകി ഞാനറിയുന്നു ……….!
അങ്ങേക്ക് അവിടെ സുഖമാണല്ലോ ?
സുഖമായിരിക്കും ……. ഉറപ്പ് …….
കാരണം കലര്‍പ്പില്ലാത്ത …… കള്ളമറിയാത്ത ….. കലാകാരനായിരുന്നു താങ്കള്‍ …….!

ശാന്തിവിള ദിനേശ്

Continue Reading
You may also like...

More in Malayalam

Trending

Recent

To Top