ഞാനും മനസിനെ പിടിച്ചു നിർത്താൻ പോലും കഴിയാത്ത അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്,ഉറക്കമില്ലാത്ത സമയമുണ്ടായിട്ടുണ്ട്; ലക്ഷ്മി നായർ
മിനി സ്ക്രീൻ പ്രേക്ഷകർക്കും പാചകം ഇഷ്ടപ്പെടുന്നവർക്കുമെല്ലാം ഏറെ സുപരിചിതയാണ് ലക്ഷ്മി നായർ. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ ലക്ഷ്മി കുടുംബത്തിന്റെ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്,
അഞ്ചാമത്തെ പേരക്കുട്ടിയെ വരവേൽക്കാനുള്ള ത്രില്ലിലും അതിന്റെ തിരക്കുകളിലായുമായിരുന്ന കഴിഞ്ഞ കുറച്ച് നാളുകളായി ലക്ഷ്മി. അതിനാൽ തന്നെ ലക്ഷ്മിയുടെ ചാനലിലെ പ്രധാന കണ്ടന്റുകളിൽ ഒന്നായ മോട്ടിവേഷണല്‍ വീഡിയോകള്‍ ആരാധകർ കണ്ടിരുന്നില്ല. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം വീണ്ടും അത്തരത്തിലൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ലക്ഷ്മി നായര്‍.
“രണ്ട് മാസത്തില്‍ കൂടുതലായി ഞാനൊരു മോട്ടിവേഷണല്‍ വീഡിയോ ചെയ്തിട്ട്. എന്റെ തിരക്കുകളെക്കുറിച്ചൊക്കെ നിങ്ങള്‍ക്കും അറിയാവുന്നതല്ലേ. കുഞ്ഞ് സരസ്വതി മോള്‍ വന്നു, അങ്ങനെ കുറച്ച് തിരക്കിലായി. ഫോര്‍മലായിട്ട് സംസാരിക്കാനുള്ളൊരു സാവകാശമില്ലായിരുന്നു,”എന്നാണ് താരം വിഡിയോയിൽ പറയുന്നത്
“എന്താണ് മോട്ടിവേഷണല്‍ വീഡിയോ ചെയ്യാത്തത് എന്നൊക്കെ ചിലർ ചോദിക്കുന്നുണ്ടായിരുന്നു. എനിക്ക് അറിയുന്ന കാര്യങ്ങളും, എന്റെ ചിന്തകളുമൊക്കെയാണ് ഞാന്‍ പങ്കുവയ്ക്കുന്നത്. കുറച്ച് കാര്യങ്ങള്‍ പറയേണ്ട സമയമായി എന്നെനിക്ക് തോന്നി. അതാണ് ഈ വീഡിയോയിലൂടെ പങ്കിടുന്നത്,”പറഞ്ഞുകൊണ്ടാണ് ലക്ഷ്മി നായർ വീഡിയോ ആരംഭിക്കുന്നത്
“ചെറുപ്പക്കാരായിട്ടുള്ള കൂടുതല്‍ പേരുടെ മരണവാര്‍ത്ത കേള്‍ക്കുന്നുണ്ട് ഇപ്പോള്‍. ഡിപ്രഷനാണ് കാരണമെന്നാണ് പറയുന്നത്. പുറമെ കണ്ടുകഴിഞ്ഞാല്‍ ഇവരാരും ഡിപ്രഷനുള്ളവരായി തോന്നുന്നുമില്ല. അവരെല്ലാം നല്ല ആക്ടീവായിട്ട് ചിരിച്ച് കളിച്ച് നടക്കുന്നവരാണ്. പെട്ടെന്നൊരു സുപ്രഭാതത്തില്‍ പ്രിയപ്പെട്ടവരെയെല്ലാം ഞെട്ടിച്ചുകൊണ്ടാണ് അവർ ആത്മഹത്യ ചെയ്യുന്നത്. അവരുടെ സങ്കടങ്ങളും ദു:ഖങ്ങളുമൊന്നും സത്യത്തില്‍ നമ്മൾ അറിയുന്നില്ല.”
“എന്റെ കാര്യം എടുത്താൽ ഞാന്‍ അവിടെ പോവുന്നു, വീഡിയോ ചെയ്യുന്നു, എപ്പോഴും ആക്ടീവാണ്. ‘ചേച്ചിയോട് അസൂയ തോന്നുന്നു, ചേച്ചിയെപ്പോലെ ജീവിക്കാന്‍ ആഗ്രഹമുണ്ട്’ എന്നൊക്കെ ചിലർ പറയാറുണ്ട്. ഞാൻ ആ കമന്റുകളൊക്കെ കാണാറുണ്ട്. ഞാന്‍ ഹാപ്പിയാണ്, എനിക്ക് സങ്കടങ്ങളില്ലേയെന്ന് ചോദിച്ചാല്‍ സങ്കടങ്ങളൊക്കെയുണ്ട്. അത് ഞാന്‍ പുറത്ത് കാണിക്കണമെന്നില്ലല്ലോ. അങ്ങനെയുള്ള ചിലര്‍ക്ക് ആ സങ്കടങ്ങള്‍ താങ്ങാന്‍ പറ്റാത്തതായിരിക്കും. എന്നാൽ മറ്റു ചിലർ നല്ല സ്‌ട്രോംഗ് പേഴ്‌സണാലിറ്റികളായിരിക്കും. റീല്‍ ലൈഫും റിയല്‍ ലൈഫും ഒരുപോലെയല്ല,” ലക്ഷ്മി വ്യക്തമാക്കി
ഒരാൾ മരിച്ചുകഴിയുമ്പോൾ അവരോട് ഒന്ന് സംസാരിച്ചിരുന്നുവെങ്കില്‍ ഓക്കെയായേനെ എന്ന് നമ്മള്‍ പറയും. എന്നാല്‍ അവസാന നിമിഷമാണ് നമ്മള്‍ അത് പറയുന്നത്. നമുക്ക് ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറത്തെ പ്രശ്നങ്ങളാകും പലർക്കും. നേരത്തെയൊക്കെ ഡിപ്രഷന്‍ തിരിച്ചറിയാന്‍ പറ്റുമായിരുന്നു. ഇന്ന് അതും പലപ്പോഴും സാധ്യമല്ല. ആരോടും സംസാരിക്കാന്‍ പറ്റാത്ത കാര്യമാണെങ്കിലും നമ്മള്‍ സ്വയം ശക്തരായേ മതിയാവൂ എന്നാണ് എനിക്ക് പറയാനുള്ളത്.”
“മരണം സ്വഭാവികമായി വരുമ്പോള്‍ ഓക്കേ, എന്നാല്‍ നമ്മള്‍ അത് തിരഞ്ഞെടുക്കുമ്പോള്‍ അങ്ങനെയല്ല. എങ്ങനെയെങ്കിലും ആ ചിന്തയിൽ നിന്നും മനസിനെ മാറ്റിയെടുത്തേ മതിയാവൂ. ഞാനും മനസിനെ പിടിച്ചു നിർത്താൻ പോലും കഴിയാത്ത അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്. ഉറക്കമില്ലാത്ത സമയമുണ്ടായിട്ടുണ്ട്. എന്നാൽ ഇതല്ലാതെ മറ്റെന്ത് എന്ന് ചിന്തിച്ച് മനസിനെ ഡൈവേർട്ട് ചെയ്ത് വിടുകയായിരുന്നു. ഡിപ്രഷനിലൂടെ കടന്നുപോകുന്നവർ കുറച്ചുകാലം കാത്തിരിക്കൂ. നിങ്ങൾക്ക് നല്ല സമയം വരും'” ലക്ഷ്മി നായർ പറഞ്ഞു.