സൂപ്പര്‍താരങ്ങളുടെ സഹോദരിയായി തിളങ്ങി, ഇപ്പോള്‍ നടി ലക്ഷണ ആരെന്നോ?; വൈറലായി നടിയുടെ വാക്കുകള്‍
ഒരുകാലത്ത് മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം സജീവമായി നിന്നിരുന്ന താരമാണ് ലക്ഷണ. കൃഷ്ണ സജിത്ത് എന്ന് പറഞ്ഞാല്‍ പലര്‍ക്കും അറിയാന്‍ വഴിയില്ല. എല്ലാവര്‍ക്കും ലക്ഷണയെന്നേ അറികയുള്ളൂ. ആദ്യം ബാലതാരമായും പിന്നീട് സഹോദരി വേഷങ്ങളിലൂടെയുമൊക്കെയായി തിളങ്ങിയ നടിയാണ് ലക്ഷണ. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് താരം.
വിവാഹത്തോടെയാണ് ലക്ഷണ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തത്. ഒരു നല്ല തിരിച്ച് വരവിനായി താന്‍ കാത്തിരിക്കുകയാണെന്ന് അടുത്തിടെ ഫ്‌ളവേഴ്‌സ് ടിവിയിലെ ഒരു കോടി എന്ന പരിപാടിയില്‍ എത്തിയപ്പോള്‍ ലക്ഷണ പറഞ്ഞിരുന്നു. സിനിമയില്‍ സജീവമായിരുന്ന സമയത്ത് നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട് ലക്ഷണ.
തിരുപ്പാച്ചി എന്ന തമിഴ് ചിത്രത്തില്‍ വിജയ്യുടെയും പ്രകാശ് രാജിന്റെയും സഹോദരി വേഷത്തില്‍ ലക്ഷണ എത്തിയിരുന്നു. ബാലേട്ടന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരിയായും പരുന്ത് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ കാമുകിയായും നടി അഭിനയിച്ചിരുന്നു. ഒരിടവേള വേണമെന്ന് തോന്നിയതിനാല്‍ വിവാഹശേഷം സ്വയം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു ലക്ഷണ.
നിലവില്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ഖത്തറിലാണ് നടി. വിവാഹശേഷം അഭിനയത്തില്‍ സജീവമല്ലെങ്കിലും നര്‍ത്തകിയായ ലക്ഷണ നൃത്തത്തില്‍ സജീവമാണ്. ഡാന്‍സ് സ്‌ക്കൂളും മറ്റുമായി തിരക്കിലാണ് താരം. അതിനിടെ ഇപ്പോഴിതാ നാളുകള്‍ക്ക് ശേഷം ഒരു നൃത്തപരിപാടിയ്ക്കിടെ മാധ്യമങ്ങള്‍ക്ക് മുന്നിലും എത്തിയിരിക്കുകയാണ് നടി. തന്റെ പുതിയൊരു ഡാന്‍സ് പ്രൊഡക്ഷന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് ലക്ഷണ എത്തിയിരിക്കുന്നത്.
‘കുറെ നാളായി മീഡിയയില്‍ ഒക്കെ എന്നെ കണ്ടിട്ട്. ഞാന്‍ ഒരു ഡാന്‍സ് പ്രൊഡക്ഷന്‍ ചെയ്യുന്നുണ്ട്. ജല്‍ മാല തരംഗ് എന്നാണ് അതിന്റെ പേര്. ഇന്ത്യന്‍ നദികളെ കുറിച്ചാണ് ആ പ്രോഗ്രാം. ഒരുപാട് വര്‍ഷമായി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ്. എന്റെ ഫീല്‍ഡ് ഡാന്‍സ് ആയിരുന്നു. ഖത്തറില്‍ എനിക്ക് ഒരു ഡാന്‍സ് സ്‌കൂള്‍ ഉണ്ട്.
സ്വസ്തി അക്കാഡമി എന്നാണ് പേര്. അതിന്റെ പ്രിന്‍സിപ്പാളായി ഇരിക്കുകയാണ് ഞാന്‍. ഇന്ത്യയില്‍ എനിക്ക് കുറച്ച് ഡാന്‍സ് പ്രോഗ്രാം ഒക്കെ ചെയ്യണം. ഒരു പ്രൊഡക്ഷന്‍ ആയിട്ട് തന്നെ ചെയ്യണം എന്നുള്ളത് കൊണ്ട് ചെയ്ത പ്രൊഡക്ഷന്‍ ആണ് ജല്‍മാല തരംഗ്. ഗുരു വി മൈഥിലിയാണ്,’ എന്നും ലക്ഷണ പറഞ്ഞു.
ലക്ഷണയുടെ ഭര്‍ത്താവ് സജിത്ത് പിള്ള ഖത്തറില്‍ ഡോക്ടറാണ്. സിനിമയില്‍ അഭിനയിക്കാനും നൃത്തം ചെയ്യാനുമൊക്കെ സപ്പോര്‍ട്ട് ചെയ്യുന്നൊരു ഭര്‍ത്താവാണ് തന്റേതെന്ന് ലക്ഷണ പറയുന്നു. പ്രൊപ്പോസല്‍ വന്ന സമയത്ത് ഞാന്‍ വിവാഹത്തിന് തയ്യാറായിരുന്നില്ല. പുള്ളിയുമായി സംസാരിച്ച് കഴിഞ്ഞപ്പോള്‍ അദ്ദേഹവുമായിട്ടുള്ള വേവ് ലെംഗ്ത് മനസിലായി. ഞങ്ങളുടെ കെമിസ്ട്രി ചേര്‍ന്ന് പോവുന്നതായി തോന്നി. എന്റെ എല്ലാ കാര്യത്തിനും സപ്പോര്‍ട്ട് ചെയ്യും. എന്നും താരം പറഞ്ഞിട്ടുണ്ട്.
മുന്‍പ് പ്രസവശേഷം താന്‍ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനിലൂടെ കടന്നുപോയതിനെ കുറിച്ചൊക്കെ ലക്ഷണ സംസാരിച്ചത് ശ്രദ്ധനേടിയിരുന്നു. ‘ഗള്‍ഫില്‍ വെച്ചായിരുന്നു പ്രസവം. അമ്മ ഒരു സര്‍ജറി കഴിഞ്ഞ് ഇരിക്കുന്നതിനാല്‍ എന്റെയടുത്തേക്ക് വരാന്‍ സാധിച്ചില്ല. അങ്ങനെ ഞാന്‍ ഒറ്റയ്ക്കായി. ഇരുട്ട് മുറിയിലിരിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. എപ്പോഴും കരയാനാണ് തോന്നിയത്.
കുഞ്ഞിനോട് കുഴപ്പമൊന്നുമില്ല. പക്ഷേ എന്റെ ജീവിതം അവസാനിച്ചുവെന്ന് കരുതി. കണ്ണാടിയില്‍ എന്റെ മുഖം കാണുന്നത് പോലും ഇഷ്ടമില്ലാതെയായി. അതോടെ ഈ ജീവിതം തന്നെ അവസാനിപ്പിച്ചോ എന്ന് ആരോ എന്റെയുള്ളിലിരുന്ന് പറയുന്നത് പോലെ തോന്നി. ഭര്‍ത്താവ് ഡോക്ടറാണ്, അദ്ദേഹം വന്ന് ചോദിക്കുമ്പോള്‍ പോലും ഇതൊന്നും ആരോടും പറയാന്‍ പറ്റാതെയായി. എന്നാല്‍ അദ്ദേഹം വന്ന് എനിക്ക് എന്തോ പ്രശ്‌നമുണ്ട്.
അത് തുറന്ന് പറയാന്‍ പറഞ്ഞു. അതാണ് എന്റെ ജീവിതം മാറ്റി മറിച്ച നിമിഷം. ഞാന്‍ എന്റെ ഉള്ളിലുള്ളതെല്ലാം അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം എല്ലാം കേട്ടിരുന്ന ശേഷം നിന്നെ സഹായിക്കാന്‍ ഒരു കൗണ്‍സിലിങിന് സാധിക്കുമെന്ന് പറഞ്ഞു. കൗണ്‍സിലിങും നടത്തി. അങ്ങനെ പതിയെ ഞാന്‍ തിരിച്ച് ജീവിതത്തിലേക്ക് വന്നു,’ എന്നായിരുന്നു ലക്ഷണ പറഞ്ഞത്.
