Malayalam
സൈമ നെക്‌സ സ്ട്രീമിങ് അക്കാദമി അവാർഡ്; മികച്ച സംവിധായകനായി കൃഷാന്ദ്, പുരസ്കാരം പുരുഷ പ്രേതത്തിന്
സൈമ നെക്‌സ സ്ട്രീമിങ് അക്കാദമി അവാർഡ്; മികച്ച സംവിധായകനായി കൃഷാന്ദ്, പുരസ്കാരം പുരുഷ പ്രേതത്തിന്
സൈമ നെക്‌സ സ്ട്രീമിങ് അക്കാദമി അവാർഡ് സ്വന്തമാക്കി സംവിധായകൻ കൃഷാന്ദ്. അദ്ദേഹത്തിന്റെ പുരുഷ പ്രേതം എന്ന ചിത്രത്തിനാണ് പുരസ്കാരം. ഇന്ത്യയിലെ ജനപ്രിയ ചലച്ചിത്ര അവാർഡായ സൗത്ത് ഇന്ത്യൻ ഇന്റെർനാഷ്ണൽ മൂവി അവാർഡിന് (സൈമ) മുന്നോടിയായി ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പ്രദർശിപ്പിച്ച സിനിമകൾക്ക് പുരസ്‌കാരങ്ങൾ നൽകിയിരുന്നു.
അതിൽ പ്രാദേശിക സിനിമകളിലെ മികച്ച സംവിധായകനായാണ് കൃഷാന്ദ് തെരഞ്ഞെടുക്കപ്പെട്ടത്. 48 വിഭാഗങ്ങിലായി ഹിന്ദിയിലേയും കൂടാതെ ഇന്ത്യയിലെ മറ്റ് ഭാഷകളിലേയും ഒടിടി കണ്ടന്റുകൾക്കാണ് ജുലൈ 21 ന് മൂബൈയിൽ നടന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകിയത്. പുരസ്‌കാര ചടങ്ങിൽ മനോജ് ബാച്‌പേയ്, ശോഭിത ധൂളിപാല, അദിതി റാവൂ ഹൈദരി തുടങ്ങി നിരവധി പേർ പങ്കെടുത്തു.
2023 മാർച്ച് 24 ന് സോണി ലിവിലൂടെയാണ് പുരുഷപ്രേതം സ്ട്രീമിങ് ആരംഭിച്ചത്. ഒരു പോലീസ് പ്രൊസീജറൽ-ഡ്രാമ, ക്രൈം കോമഡി എന്ന നിലയ്ക്കാണ് ചിത്രം പ്രകേഷകരിലേയ്ക്ക് എത്തിയത്. പ്രശാന്ത് അലക്‌സാണ്ടർ, ദർശന രാജേന്ദ്രൻ, ജഗദീഷ്, ദേവകി രാജേന്ദ്രൻ, ജെയിംസ് ഏലിയ, ജിയോ ബേബി, ഐക ദേവ്, മനോജ് കാന സഞ്ജു ശിവറാം തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
കൃഷാന്ദിന്റെ മൂന്നാമത്തെ ചിത്രമാണിത്. മനു തൊടുപുഴയുടെ കഥയ്ക്ക് അജിത് ഹരിദാസാണ് തിരക്കഥ ഒരുക്കിയത്. മാൻകൈൻഡ് സിനിമാസ് വേണ്ടി ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, ഐൻസ്റ്റീൻ മീഡിയക്ക് വേണ്ടി ഐൻസ്റ്റീൻ സാക്ക് പോൾ, സിമട്രി സിനിമക്ക് വേണ്ടി വിഷ്ണു രാജൻ, സജിൻ രാജ് എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
സംസ്ഥാന അവാർഡ് ഉൾപ്പടെ ഒട്ടേറെ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ‘ആവാസവ്യൂഹ’ ത്തിന് ശേഷം കൃഷാന്ത് ഒരുക്കിയ ചിത്രമാണിത്. കൊച്ചിയാണ് ചിത്രത്തിന്റെ കഥാപരിസരം. നഗരത്തിലെ ഒരു കൂട്ടം പൊലീസുകാരുടെയും അവരെ വലയ്ക്കുന്ന ചില കേസുകളുടെയും കഥയാണ് ചിത്രം പറയുന്നത്.
പുരുഷ പ്രേതം എന്ന ചിത്രത്തിലെ പ്രകടനത്തിന് ദർശന രാജേന്ദ്രൻ മികച്ച പ്രതി നായികയ്ക്കുള്ള പുരസ്‌കാരത്തിന് അർഹയായിരുന്നു.
വളരെ ചെറിയൊരു ചിത്രമായിരുന്നു ‘പുരുഷപ്രേതം’. സ്ഥിരം നായിക പരിവേഷങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്ഥം, അതുകൊണ്ട് തന്നെ ഞാൻ ഈ കഥാപാത്രം നിരസിക്കും എന്ന പ്രതീക്ഷയോടെയാണ് സംവിധായകൻ കൃഷാന്ദ് ഈ വേഷം എനിക്ക് ഓഫർ ചെയ്തത്.
പക്ഷേ കഥ കേട്ട ഉടനെ തന്നെ ഞാൻ ചിത്രം ഏറ്റ് എടുക്കുകയായിരുന്നു. നെഗറ്റീവ് റോളിലെ എന്റെ ആദ്യത്തെ അവാർഡ് ആണ് ‘ എന്നാണ്ദർശന രാജേന്ദ്രൻ പറഞ്ഞിരുന്നത്.
