Malayalam
‘ഒരു മനുഷ്യനായാല്‍ കേസ് വരാം… വഴക്ക് വരാം, ആ ഒരു സംഭവത്തില്‍ ദിലീപ് കുറ്റക്കാരന്‍ അല്ല എന്നല്ല…. ആകരുതേ എന്ന പ്രാര്‍ത്ഥനയാണ് ഉള്ളത്’; കൊച്ചു പ്രേമന്
‘ഒരു മനുഷ്യനായാല്‍ കേസ് വരാം… വഴക്ക് വരാം, ആ ഒരു സംഭവത്തില്‍ ദിലീപ് കുറ്റക്കാരന്‍ അല്ല എന്നല്ല…. ആകരുതേ എന്ന പ്രാര്‍ത്ഥനയാണ് ഉള്ളത്’; കൊച്ചു പ്രേമന്
ചില ഡയലോഗുകള്‍ മാത്രം മതി കൊച്ചു പ്രേമന് എന്ന നടനെ ഓര്‍ത്തിരിക്കാന്‍. കൊച്ചു കുട്ടികള്‍ക്ക് പോലും കാണാപാഠമാണ് അദ്ദേഹത്തിന്റെ ഡയലോഗുകള്‍. ‘പട്ടിയുണ്ട് സൂക്ഷിക്കുക എന്ന ബോഡ് വെക്കുന്നതുപോലെ ഇവിടെ കുട്ടിയുണ്ട് മുണ്ട് സൂക്ഷിക്കുക എന്ന ബോഡ് വെക്കുന്നത് നന്നായിരിക്കും…’ കൊച്ചുപ്രേമന്റെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിലൊന്നായ തിളക്കത്തിലെ വെളിച്ചപ്പാടിന്റെ ഡയലോഗാണിത്. എത്ര പ്രാവശ്യം കണ്ടാലും മതിവരാത്തവയിലൊന്ന്. അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ ഒരു കാലഘട്ടമാണ് അവസാനിക്കുന്നത്.
നെടുമുടിയും കൊച്ചിന് ഹനീഫയും മച്ചാന് വര്‍ഗീസും ഒടുവിലും കെപിഎസി ലളിതയും ഇപ്പോള്‍ കൊച്ചുപ്രേമനും തിരശ്ശീലയ്ക്ക് പിന്നിലേക്ക് മറഞ്ഞതോടെ തിളക്കമാര്‍ന്ന കാലഘട്ടമാണ് മലയാള സിനിമയില്‍ അവസാനിക്കുന്നത്. തനതായ ശൈലിയിലൂടെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ചിത്രങ്ങള്‍ ഏറെയാണ്.
എന്നാല്‍ ഈ ഓര്‍മ്മകളെല്ലാം ബാക്കിവെച്ച് യാത്രയായിരിക്കുകയാണ് കൊച്ചു പ്രേമന്. 68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസമായി ശ്വാസകോശ സംബന്ധമായ അസുഖത്ത തുടര്‍ന്ന് അദ്ദേഹത്തിന് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ഇന്ന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട കൊച്ചു പ്രേമനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.
പതിറ്റാണ്ടുകള്‍ മലയാള സിനിമയില്‍ ഇതെല്ലാമായിരുന്നു കൊച്ചുപ്രേമന് എന്ന നടന്. ദിലീപുമായി വളരെ നല്ലൊരു സൗഹൃദം കാത്ത് സൂക്ഷിച്ചിരുന്ന നടനാണ് കൊച്ചുപ്രേമന്. വിവാദങ്ങളില്‍ ഉള്‍പ്പെട്ടശേഷം ദിലീപിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ കൊച്ചുപ്രേമന് സംസാരിച്ചിരുന്നു.
തിളക്കം, കല്യണരാമന്‍ തുടങ്ങി ഒട്ടനവധി സിനിമകളില്‍ കൊച്ചുപ്രേമന് ദിലീപിനൊപ്പം അഭിനയിച്ചിട്ടുണ്ട്. വര്‍ഷങ്ങളായുള്ള സൗഹൃദമാണ് ഇരുവരുടേതും. ‘ദിലീപിനെ കുറിച്ചുള്ള വാര്‍ത്തകളൊക്കെ എന്നും കാണാറുണ്ട്. ആ സംഭവം കഴിഞ്ഞതിനുശേഷം പിന്നേയും ഒരുപാട് പടങ്ങളില്‍ ഒരുമിച്ചഭിനയിക്കുകയുണ്ടായി.’
‘ഞാന്‍ തെറ്റുകാരനാണെന്നോ നിരപരാധി ആണെന്നോ അങ്ങനെ ഒരു രീതിയിലും സംസാരം ദിലീപിന്റെ ഭാഗത്ത് ഉണ്ടായിട്ടില്ല. പണ്ട് അഭിനയിച്ചപ്പോള്‍ എങ്ങനെ ആയിരുന്നോ സെറ്റില്‍ അതെ രീതിയില്‍ തന്നെയാണ് പുള്ളി എല്ലാ ആര്‍ട്ടിസ്റ്റുകളോടും പെരുമാറുന്നത്.’ ‘ഒരു മനുഷ്യനായാല്‍ കേസ് വരാം… വഴക്ക് വരാം….. ചിലപ്പോള്‍ നല്ലതൊക്കെ സംഭവിക്കാം. ആ ഒരു സംഭവത്തില്‍ ദിലീപ് കുറ്റക്കാരന്‍ അല്ല എന്നല്ല…. ആകരുതേ എന്ന പ്രാര്‍ത്ഥനയാണ് എനിക്ക് ഉള്ളത്.’
‘അദ്ദേഹത്തിന്റെ രീതികളും നമ്മളോടുള്ള പെരുമാറ്റവുമൊക്കെ വെച്ച് നോക്കുമ്പോള്‍ ഒരിക്കലും അങ്ങനെ ആകാന്‍ സാധ്യത ഇല്ല എന്നാണ് എന്റെ വിശ്വാസം. കേട്ടതൊന്നും ശരിയാകരുതേ എന്ന പ്രാര്‍ത്ഥന മാത്രമാണ് മനസില്‍ ഉള്ളത്. പുള്ളിയുടെ സ്നേഹവും പെരുമാറ്റവും കൊണ്ടാണ് നമ്മുടെ മനസില്‍ അദ്ദേഹം കടന്നുകൂടിയത്.’
‘ദിലീപ് എന്നാല്‍ സിനിമ ഇന്ഡസ്ട്രിയല്പ്പെട്ട ആരായാലും ഇങ്ങനെ ഒരു അവസ്ഥയില്‍ വന്നാല്‍ ആ വ്യക്തി അങ്ങനെ ചെയ്യില്ല എന്ന് വിശ്വസിക്കാനെ നമുക്ക് പറ്റൂ. പിന്നെ സ്ഥായിയായ ചില വ്യക്തി വിരോധങ്ങള്‍ കൊണ്ട് ആരെങ്കിലും എതിര്‍ത്ത് പറയുമായിരിക്കും.’
‘എങ്കിലും ഒരിക്കലും അങ്ങനെ ചെയ്തുപോകല്ലേ എന്ന് ചിന്തിച്ച് പ്രാര്‍ത്ഥിക്കുകയാണ്’ കൊച്ചുപ്രേമന് സീ കേരളത്തോട് സംസാരിക്കവെ മുമ്പൊരിക്കല്‍ പറഞ്ഞ കാര്യങ്ങളാണ് ഇത്. സിനിമയിലും പുറത്തുമുള്ളവരെ ഞെട്ടിച്ചാണ് നടന് കൊച്ചുപ്രേമന്റെ അപ്രതീക്ഷിത വിയോഗവാര്‍ത്ത പുറത്തുവന്നത്.
അഭിനയരംഗത്ത് സജീവമായിരിക്കെയാണ് പൊടുന്നനെയുള്ള മരണം അദ്ദേഹത്തെ പിടികൂടിയത്. ശ്വാസകോശ രോഗത്തിന് ചികില്‍സയിലായിരുന്നു താരം. ഭക്ഷണം കഴിക്കുന്നതിനിടെ അസ്വസ്ഥതയുണ്ടായതോടെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
300ലേറെ സിനിമകളിലും നിരവധി നാടകങ്ങളിലും സീരിയലുകളിലും വേഷമിട്ട കൊച്ചുപ്രേമന് എന്ന കെ.എസ് പ്രേംകുമാര്‍ ഹാസ്യവേഷങ്ങളില്‍ സൃഷ്ടിച്ച തനതുശൈലിയിലൂടെയാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത്. നാടകത്തിലെ അഭിനയം കണ്ടാണ് 1979ല്‍ ജെ.സി കുറ്റിക്കാട് തന്റെ ഏഴുനിറങ്ങള്‍ എന്ന സിനിമയിലേക്ക് കൊച്ചുപ്രേമനെ ക്ഷണിക്കുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം 1997ല്‍ രാജസേനന് സംവിധാനം ചെയ്ത ദില്ലിവാല രാജകുമാരനിലാണ് ശ്രദ്ധേയമായ വേഷം താരം ചെയ്യുന്നത്. തുടര്‍ന്ന് രാജസേനന്റെ എട്ടുസിനിമകളില്‍ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിരുന്നു കൊച്ചുപ്രേമന്.
