Bollywood
കിയാര അദ്വാനി ആശുപത്രിയിൽ!; പുറത്ത് വരുന്ന റിപ്പോർട്ടുകൾ ഇങ്ങനെ
കിയാര അദ്വാനി ആശുപത്രിയിൽ!; പുറത്ത് വരുന്ന റിപ്പോർട്ടുകൾ ഇങ്ങനെ
പ്രശസ്ത ബോളിവുഡ് നടി കിയാര അദ്വാനി ആശുപത്രിയിലെന്ന് റിപ്പോർട്ടുകൾ. ദേശീയ മാദ്ധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാം ചരണിനൊപ്പം കിയാര അഭിനയിച്ച ഗെയിം ചെയ്ഞ്ചർ എന്ന ബിഗ്ബജറ്റ് ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങുകൾക്ക് ഇന്ന് മുംബൈയിൽ എത്താനിരിക്കെയാണ് സംഭവം.
ഇവിടെ സംഘടിപ്പിച്ച ചടങ്ങിൽ കിയാര പങ്കെടുക്കേണ്ടതായിരുന്നെങ്കിലും എന്നാൽ രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ നടിയ്ക്ക് എത്താൻ കഴിഞ്ഞിട്ടില്ലെന്നുമാണ് വിവരം. ശനിയാഴ്ച രാവിലെയാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. എന്നാൽ നടിയ്ക്ക്എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. താരം ആശുപത്രിയിലാണെന്ന കാര്യം കിയാരയുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങളും സ്ഥിരീകരിച്ചിട്ടില്ല.
പൊളിറ്റിക്കൽ ത്രില്ലറായാണ് ഗെയിം ചെയ്ഞ്ചർ എത്തുന്നത്. ജനുവരി 10ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. എസ് ജെ സൂര്യയാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാം ചരൺ ഇരട്ട വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്. അഴിമതിക്കാരനായ മുഖ്യമന്ത്രിയായാണ് എസ് ജെ സൂര്യ വേഷമിടുന്നത്. കൂടാതെ അഞ്ജലി, ജയറാം, സമുദ്രക്കനി, ശ്രീകാന്ത്, പ്രകാശ് രാജ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
എസ് തമൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. വെങ്കിടേശ്വര ക്രിയേഷൻസിൻ്റെയും സീ സ്റ്റുഡിയോസിന്റെയും ബാനറുകളിൽ ദിൽ രാജുവും സിരിഷും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ ആണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. വൻ പരാജയമായി മാറിയ ഇന്ത്യൻ 2ന് ശേഷം ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് ഇത്.
