Bollywood
ബോളിവുഡിനോട് നിരാശയും വെറുപ്പും, നടന്മാർക്ക് ആക്ടിങ് വർക്‌ഷോപ്പുകൾ നടത്താനല്ല ജിമ്മിൽ പോയി ബോഡി ബിൽഡ് ചെയ്യാനാണ് താത്പര്യം; മുംബൈയിൽ നിന്ന് ദക്ഷിണേന്ത്യയിലേയ്ക്ക് മാറുന്നുവെന്ന് അനുരാഗ് കശ്യപ്
ബോളിവുഡിനോട് നിരാശയും വെറുപ്പും, നടന്മാർക്ക് ആക്ടിങ് വർക്‌ഷോപ്പുകൾ നടത്താനല്ല ജിമ്മിൽ പോയി ബോഡി ബിൽഡ് ചെയ്യാനാണ് താത്പര്യം; മുംബൈയിൽ നിന്ന് ദക്ഷിണേന്ത്യയിലേയ്ക്ക് മാറുന്നുവെന്ന് അനുരാഗ് കശ്യപ്
സംവിധാകനായും നടനായും പ്രേക്ഷകർക്കേറെ സുപരിചിതനാണ് അനുരാഗ് കശ്യപ്. ഇപ്പോഴിതാ മുംബൈയിൽ നിന്ന് ദക്ഷിണേന്ത്യയിലേയ്ക്ക് ഷിഫ്റ്റ് ചെയ്യാൻ ഒരുങ്ങുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ഒരു മാഗസീന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അനുരാഗ്.
ഇപ്പോൾ ഇവിടെയെനിക്ക് പരീക്ഷണം നടത്താൻ വളരെ ബുദ്ധിമുട്ടാണ്. കാരണം ഒന്ന് ചെലവാണ്, നിർമാതാക്കൾക്കുണ്ടാകുന്ന ലാഭത്തെക്കുറിച്ചൊക്കെ ചിന്തിക്കേണ്ടി വരും. തുടക്കം മുതൽ തന്നെ, അതായത് സിനിമ തുടങ്ങുന്നതിന് മുൻപ് തന്നെ അതെങ്ങനെ വിൽക്കാം എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടി വരുന്നു.
അങ്ങനെ വരുമ്പോൾ സിനിമ നിർമിക്കുന്നതിന്റെ സന്തോഷം തന്നെ ഇല്ലാതാകുന്നു. അതുകൊണ്ടാണ് ഈ വർഷം മുംബൈ വിട്ട് പോകാൻ ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ ദക്ഷിണേന്ത്യയിലേക്ക് പോകുന്നു. അല്ലെങ്കിൽ ഒരു വൃദ്ധനായി ഞാൻ മരിക്കും. എന്റെ സ്വന്തം ഇൻഡസ്ട്രിയോട് എനിക്കിപ്പോൾ നിരാശയും വെറുപ്പും തോന്നുന്നു. ആ മാനസികാവസ്ഥയോടും എനിക്കിപ്പോൾ വെറുപ്പാണ്.
നേരത്തെ ചെയ്ത കാര്യങ്ങൾ റീമേക്ക് ചെയ്യുന്നതിലാണ് അവരുടെ ചിന്ത. പുതിയത് എന്തെങ്കിലും ചെയ്യാനോ പരീക്ഷിക്കാനോ റിസ്ക് എടുക്കാനോ ഒന്നും അവർക്ക് താല്പര്യമില്ല. ഉദാഹരണത്തിന്, മഞ്ഞുമ്മൽ ബോയ്സ് പോലൊരു സിനിമ. അങ്ങനെയൊരു സിനിമയേക്കുറിച്ച് ബോളിവുഡ് ചിന്തിക്കുക പോലുമില്ല. പക്ഷേ ഹിറ്റായാൽ അത് റീമേക്ക് ചെയ്യുന്നതിനേക്കുറിച്ച് അവർ ചിന്തിക്കും.
ആദ്യത്തെ തലമുറയിൽപ്പെട്ട അഭിനേതാക്കൾ വരെ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് കാണുമ്പോൾ വിഷമം തോന്നും. ആർക്കും അഭിനയിക്കാൻ ആഗ്രഹമില്ല, എല്ലാവരും താരങ്ങളാകാൻ ആഗ്രഹിക്കുന്നു. ബോളിവുഡ് എന്നെപ്പോലുള്ളവർക്ക് പറ്റിയ ഇൻഡസ്ട്രിയല്ല. അവിടെ സ്റ്റാറുകൾക്ക് ബ്ലോക്ക്‌ബസ്റ്റർ ഉണ്ടാക്കാൻ വേണ്ടിയാണ് സിനിമ എടുക്കുന്നത്.
ആക്ടിങ് വർക്‌ഷോപ്പുകൾ നടത്താനല്ല നടന്മാർക്ക് താല്പര്യം, മറിച്ച് ജിമ്മിൽ പോയി ബോഡി ബിൽഡ് ചെയ്യാനാണ്. അഭിനേതാവായ ഒരാൾ, ഞാൻ സുഹൃത്തായി കരുതിയിരുന്ന ഒരാൾ, ഇപ്പോൾ എന്നെ പ്രേതത്തെ പോലെയാണ് കാണുന്നത്. ഇവിടെ കൂടുതലും അങ്ങനെ തന്നെയാണ്, പക്ഷേ മലയാളത്തിൽ അങ്ങനെയല്ല എന്നും അനുരാഗ് കശ്യപ് പറഞ്ഞു.
അടുത്തിടെ വിജയ് സേതുപതി നായകനായ മഹാരാജ എന്ന ചിത്രത്തിൽ വില്ലനായി എത്തിയിരുന്നു അനുരാഗ് കശ്യപ്. ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിൾ ക്ലബ്ബ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും നടൻ എത്തിയിരുന്നു. മികച്ച അഭിപ്രായമാണ് ഈ രണ്ട് ചിത്രങ്ങളിലൂടെയും അദ്ദേഹത്തിന് ലഭിച്ചത്.
