Malayalam
ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ; പണിമുടക്ക് പിൻവലിച്ച് കേരള ഫിലിം ചേംബർ
ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ; പണിമുടക്ക് പിൻവലിച്ച് കേരള ഫിലിം ചേംബർ
സിനിമാ സംഘടനകൾ മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് ഈ മാസം നടത്താനിരുന്ന പണിമുടക്ക് കേരള ഫിലിം ചേംബർ പിൻവലിച്ചു. ജിഎസ്ടിയും വിനോദനികുതിയും ഉൾപ്പെടെ ഇരട്ടനികുതി ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന നിർമാതാക്കളുടെ ആവശ്യം സർക്കാർ അംഗീകരിച്ചതിനെ തുടർന്നായിരുന്നു നടപടി.
നികുതി മുതൽ ഷൂട്ടിംഗ് അനുമതി വരെയുള്ള വിവിധ ആവശ്യങ്ങളാണ് പരിഗണിക്കാമെന്ന് മന്ത്രി സംഘടനകൾക്ക് ഉറപ്പ് നൽകിയത്. വിനോദ നികുതിയും, ജിഎസ്ടിയും ഒരുമിച്ച് കേരളത്തിൽ ഈടാക്കുന്നുണ്ട്. അതിൽ ഒന്ന് ഒഴിവാക്കണം എന്നാണ് നിർമ്മാതാക്കളുടെ പ്രധാന ആവശ്യം. വൈദ്യുതി നിരക്കിൽ ഇളവു വേണമെന്ന ആവശ്യം പരിശോധിക്കും.
വിഷയത്തിൽ ധനവകുപ്പുമായി സംസാരിക്കണമെന്ന് മന്ത്രി ഭാരവാഹികളോട് പറഞ്ഞു. സിനിമയെ വ്യവസായമായി പ്രഖ്യാപിക്കണം എന്ന ആവശ്യത്തിൽ അനുകൂല നിലപാടാണ് സർക്കാരിനുള്ളത്.
വരുന്ന സിനിമാ കോൺക്ലേവിൽ ഇക്കാര്യം ചർച്ചചെയ്യുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത ചർച്ചയിൽ ഫിലിം ചേംബർ, നിർമാതാക്കൾ, തിയേറ്റർ ഉടമകൾ, വിതരണക്കാർ എന്നിവരുടെ സംഘടനാപ്രതിനിധികൾ പങ്കെടുത്തു.
