News
കെബി ഗണേഷ് കുമാറിന് സിനിമ വകുപ്പ് കൂടി നല്‍കണം; ആവശ്യവുമായി കേരള കോണ്‍ഗ്രസ് ബി
കെബി ഗണേഷ് കുമാറിന് സിനിമ വകുപ്പ് കൂടി നല്‍കണം; ആവശ്യവുമായി കേരള കോണ്‍ഗ്രസ് ബി
നിയുക്ത മന്ത്രി കെബി ഗണേഷ് കുമാറിന് സിനിമ വകുപ്പ് കൂടി നല്‍കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ബി. ഇക്കാര്യം ചൂണ്ടിക്കാട്ടി പാര്‍ട്ടി നേതൃത്വം മുഖ്യമന്ത്രിക്ക് കത്ത് നല്കി. നിലവിലെ ധാരണ പ്രകാരം ഗതാഗത വകുപ്പ് ഗണേഷ് കുമാറിനും തുറമുഖ വകുപ്പ് കടന്നപ്പള്ളി രാമചന്ദ്രനും നല്‍കാനാണ് സാധ്യത. കേരള കോണ്‍ഗ്രസ് ബിയുടെ ആവശ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാകും അന്തിമ തീരുമാനം സ്വീകരിക്കുക. നാളെയാണ് (ഡിസംബര്‍ 29) കെബി ഗണേഷ് കുമാറിന്റെയും കടന്നപ്പള്ളി രാമചന്ദ്രന്റെയും സത്യപ്രതിജ്ഞ.
തനിക്ക് ഔദ്യോഗിക വസതി വേണ്ടെന്നും പേഴ്സണല്‍ സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാന്‍ തയ്യാറാണെന്നും ഗണേഷ് കുമാര്‍ മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ അറിയിച്ചിട്ടുണ്ട്. ഗതാഗത വകുപ്പ് മോശം സ്ഥിതിയിലാണെന്നും വകുപ്പ് ലഭിക്കുകയാണെങ്കില്‍ ചില ആശയങ്ങള്‍ മനസിലുണ്ടെന്നും ഗണേഷ് കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. ഗതാഗത വകുപ്പാണോ ലഭിക്കുകയെന്ന് വ്യക്തമായിട്ടില്ല.
ഗതാഗത വകുപ്പാണെങ്കില്‍ ഒരുപാട് ജോലിയുണ്ട്. ഇന്നത്തെ സ്ഥിതിയില്‍ നിന്നും വകുപ്പിനെ മെച്ചപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില ആശയങ്ങള്‍ മനസിലുണ്ട്. വകുപ്പ് പ്രഖ്യാപിച്ച ശേഷം വിശദമായി പഠിക്കും. നിലവില്‍ മോശം സ്ഥിതിയിലാണ്. അതിനെ കുറിച്ച് കൂടുതല്‍ പഠിക്കണം.
വളരെയധികം ലാഭത്തിലാക്കാമെന്ന് ഇപ്പോള്‍ പറയുന്നില്ല. എന്നാല്‍ വളരെയധികം മെച്ചപ്പെടുത്താന്‍ സാധിക്കും. മുഖ്യമന്ത്രിയുടെ പിന്തുണ കൂടി ലഭിച്ചാല്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നത്. സാമ്പത്തികമായി മാത്രമല്ല എല്ലാ തരത്തിലുള്ള നഷ്ടവുമുണ്ടാക്കുന്ന ചോര്‍ച്ച ഒഴിവാക്കുകയെന്നതാണ് പ്രധാനമെന്നും ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
തൊഴിലാളികള്‍ക്ക് ശമ്പളം കൃത്യമായി നല്‍കണമെന്ന ആഗ്രഹവും ഗണേഷ് പങ്കുവച്ചു. പൊതുഗതാഗത രംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവരാനാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ഗണേഷ് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ആധുനിക കാലത്തിന് അനുയോജ്യമായ മാറ്റങ്ങള്‍ കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷയെന്നും ഗണേഷ് അഭിപ്രായപ്പെട്ടിരുന്നു.
മന്ത്രിസ്ഥാനം ഉറപ്പായതിന് പിന്നാലെ ഗണേഷ് കുമാര്‍ നേരത്തെ എന്‍എസ്എസ് ആസ്ഥാനത്തെത്തി നേതാക്കളുടെ അനുഗ്രഹം തേടിയിരുന്നു. സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി പ്രാര്‍ഥിക്കുകയും ചെയ്തു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ തന്റെ പിതാവിനെ പോലെയാണെന്നും ഗണേഷ് വ്യക്തമാക്കിയിരുന്നു. മാതാപിതാക്കള്‍ നഷ്ടമായപ്പോള്‍ തന്നെ മകനെപ്പോലെ ചേര്‍ത്ത് പിടിച്ചത് അദ്ദേഹമാണെന്നും ഗണേഷ് പറഞ്ഞിരുന്നു.
