Social Media
വിവാഹ ആഘോഷങ്ങൾക്ക് തുടക്കമായി; ഗോവയിലേക്ക് പുറപ്പെട്ട് കീർത്തിയും കുടുംബവും
വിവാഹ ആഘോഷങ്ങൾക്ക് തുടക്കമായി; ഗോവയിലേക്ക് പുറപ്പെട്ട് കീർത്തിയും കുടുംബവും
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടിയുടെ വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഡിസംബർ 12 ന് ഗോവയിൽ വെച്ചാണ് കീർത്തിയുടെ വിവാഹം. ബാല്യകാല സുഹൃത്തായ ആന്റണി തട്ടിലാണ് കീർത്തിയുടെ വരൻ. 15 വർഷത്തോളമായി സുഹൃത്തുക്കളാണ് ഇരുവരും.
ഇപ്പോഴിതാ വിവാഹാഘോഷത്തിന്റെ ഒരുക്കങ്ങൾ തുടങ്ങിക്കഴഞ്ഞുവെന്ന് അറിയിച്ചിരിക്കുകയാണ് കീർത്തി സുരേഷ്. പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി വിശേഷം പങ്കുവെച്ചത്. വിവാഹത്തിനായി എല്ലാവരും ഗോവയിലേക്ക് പുറപ്പെട്ടു. അതിന്റെ ഫ്‌ളൈറ്റ് ടിക്കറ്റിന്റെ ചിത്രങ്ങളാണ് കീർത്തി സുരേഷ് പങ്കുവെച്ചിരിയ്ക്കുന്നത്.
തമിഴ്, തെലുങ്ക്, മലയാളം ഇന്റസ്ട്രിയിലെ പ്രമുഖ താരങ്ങൾ എല്ലാം പങ്കെടുക്കുന്ന വിവാഹത്തിന് രണ്ട് ചടങ്ങുകളാണ് ഉണ്ടായിരിക്കുക. ഡിസംബർ 12ാം തിയതി രാവിലെയാണ് ആദ്യത്തെ ചടങ്ങ്. പരമ്പരാഗത ഹിന്ദു ആചാരപ്രകാരം എല്ലാ ചടങ്ങുകളോടൊയുമായിരിക്കും വിവാഹമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഹിന്ദു തമിഴ് ബ്രാഹ്മണ ശൈലിയിലുള്ള വസ്ത്രങ്ങളായിരിക്കും ധരിക്കുക. അതിഥികൾക്കും ഡ്രസ് കോഡുണ്ടാകും.
വൈകീട്ടാണ് രണ്ടാമത്തെ ചടങ്ങ്. പേസ്റ്റൽ നിറത്തിലുള്ള വസ്ത്രങ്ങളായിരിക്കും അതിഥികളുടെ ഡ്രസ് കോഡ്. രാത്രിയിൽ കാസിനോ നൈറ്റ് പാർട്ടിയുണ്ടാകും. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ ഡിസംബർ 10 ന് ആരംഭിക്കും. ഡിസംബർ 11 ന് രാവിലെ സംഗീത് പരിപാടികൾ നടക്കും. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹം. സിനിമാ രംഗത്ത് നിരവധി സൗഹൃദങ്ങൾ കീർത്തിക്കുണ്ട്. വിവാഹ ചിത്രങ്ങൾ പുറത്ത് വരാൻ കാത്തിരിക്കുകയാണ് ആരാധകർ.
കീർത്തി ഹൈസ്‌കൂളിൽ പഠിക്കുന്ന സമയത്ത് ആയിരുന്നു ഈ പ്രണയത്തിന്റെ തുടക്കം. അന്ന് ആന്റണി കൊച്ചിയിൽ ബിരുദാനന്തര ബിരുദം പഠിക്കുക ആയിരുന്നു. ഇരുവരും തമ്മിൽ ഏഴുവയസോളം പ്രായ വ്യത്യാസം ഉണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, താൻ പ്രണയത്തിലാണെന്ന വിവരം മുൻപ് ചില അഭിമുഖങ്ങളിൽ കീർത്തി വെളിപ്പെടുത്തിയിരുന്നു. എന്നാൽ കാമുകനെക്കുറിച്ചുള്ള വിവരങ്ങളൊന്നും കീർത്തി പുറത്തു വിട്ടിരുന്നില്ല.
താൻ സിംഗിളാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ കീർത്തി സുരേഷ് പറഞ്ഞിരുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ താരം പങ്കുവെച്ചിരുന്നില്ല. അതേസമയം, ബേബി ജോൺ എന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് കടക്കുകയാണ് കീർത്തി. വരുൺ ധവാൻ നായകനാകുന്ന ബേബി ജോൺ തമിഴ് ചിത്രം തെറിയുടെ റീമേക്കാണ്.
തമിഴിൽ സമാന്ത ചെയ്ത വേഷമാണ് ബോളിവുഡ് റീമേക്കിൽ കീർത്തി ചെയ്യുന്നത്. നടിയുടെ ആദ്യ ബോളിവുഡ് സിനിമയാണ് ബേബി ജോൺ. മാമന്നൻ, ഭോല ശങ്കർ,ദസറ എന്നീ സിനിമകളിലെ കീർത്തിയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടി മേനകയുടെയും നിർമാതാവും നടനുമായ സുരേഷ് കുമാറിന്റെ മകളുമായ കീർത്തിയ്ക്ക് ഇന്ന് തമിഴിലും തെലുങ്കിലുമെല്ലാമായി സിനിമകൾ ഉണ്ട്.
മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും നടിയ്ക്ക് ലഭിച്ചിരുന്നു. ദിലീപിന്റെ കുബേരൻ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലിയുടെയാണ് നായികയാകുന്നത്. പിന്നീടായിരുന്നു തമിഴിലേയ്ക്കും തെലുങ്കിലേക്കുമുള്ള ചുവടുവയ്പ്പ്. അഭിനയം കൊണ്ടും തന്റെ വ്യക്തിത്വം കൊണ്ടും നിരവധി ആരാധകരെ സ്വന്തമാക്കാൻ കീർത്തിക്ക് കഴിഞ്ഞു. താരമൂല്യത്തിന്റെ കാര്യത്തിലും മുന്നിലാണ് താരം. 32 കാരിയായ കീർത്തി സുരേഷ് കരിയറിൽ തന്റെ സ്ഥാനം ഉറപ്പിച്ച ശേഷമാണ് വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്.