നമ്മൾ തളർന്നിരിക്കുമ്പോൾ പിടിച്ചെഴുന്നേൽപ്പിക്കുന്ന ആളാണ് അദ്ദേഹം, ആ കുടുംബം എന്റെ സ്വന്തം കുടുംബം പോലെയാണ്; കാവ്യ മാധവൻ ലൈവിൽ!
ഒരു കാലത്ത് മലയാള സിനിമയുടെ എല്ലാമായിരുന്നു കാവ്യ മാധവന്‍. മലയാള സിനിമയുടെ നായിക സങ്കല്‍പം എന്നാല്‍ കാവ്യ എന്ന് മാത്രം മന്ത്രിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. മലയാളത്തിന്റെ മുഖശ്രീ എന്നിങ്ങനെ പല വിശേഷണങ്ങളാണ് കാവ്യക്കുള്ളത്. ബാലതാരമായിട്ടാണ് കാവ്യ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. നിരവധി സിനിമകളില്‍ കാവ്യ ഇതിനകം അഭിനയിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളു നടി സ്വന്തമാക്കിയിട്ടുണ്ട്. അഭിനയത്തിന് പുറമെ മികച്ച നർത്തകി കൂടിയാണ് കാവ്യ.
അതേസമയം, നടൻ ദിലീപിനെ വിവാഹം ചെയ്ത ശേഷം സിനിമയിൽ നിന്ന് പൂർണമായി വിട്ടു നിൽക്കുകയാണ് കാവ്യ. പൊതുവേദികളിൽ അടക്കം വളരെ വിരളമായി മാത്രമാണ് ഇപ്പോൾ കാവ്യയെ കാണാറുള്ളത്. കുടുംബ കാര്യങ്ങളും മകൾ മഹാലക്ഷ്‌മിയുടെ കാര്യങ്ങളുമെല്ലാം നോക്കി അതിന്റെ തിരക്കുകളുമായി കഴിയുകയാണ് കാവ്യ.
സോഷ്യൽ മീഡിയയിൽ നിന്നടക്കം അകലം പാലിച്ച് നിൽക്കുന്ന കാവ്യയെ ഇടയ്ക്ക് മീനാക്ഷിയും ദിലീപും പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയാണ് പ്രേക്ഷകർ കാണാറുള്ളത്. എന്നാൽ ഇപ്പോഴിതാ, കുറെ നാളുകൾക്ക് ശേഷം ഒരു ലൈവ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് കാവ്യ മാധവൻ. വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാണ്.
ആഷ് കളർ ചുരിദാറിൽ, മുൻപ് മീനാക്ഷി ധരിച്ചു കണ്ടിട്ടുള്ള ജിമുക്കയുമണിഞ്ഞ് അതിസുന്ദരിയായാണ് കാവ്യയെ വീഡിയോയിൽ കാണാനാവുന്നത്. തന്റെ നൃത്ത ഗുരുനാഥനെക്കുറിച്ചും അദ്ദേഹം ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചുമാണ് കാവ്യ വീഡിയോയിൽ സംസാരിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷം നടിയെ ഒരു ലൈവ് വീഡിയോയിൽ കണ്ടതിന്റെ ആവേശത്തിലാണ് ആരാധകരും. കാവ്യയുടെ വാക്കുകൾ ഇങ്ങനെ.
ലോകത്തിലെ ആദ്യത്തെ ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് ബാൻഡ് ആനന്ദവൈഭവം. അത് എന്റെ ഗുരുനാഥന്റെ ആണെന്ന് ഉള്ളതാണ് ഏറ്റവും വലിയ സന്തോഷം. അദ്ദേഹത്തോട് നിർവ്വചിക്കാൻ കഴിയാത്ത അത്രയും വലിയ ബന്ധമാണ്. എറണാകുളത്തേക്ക് താമസം മാറി, നൃത്തം പഠിക്കണം എന്ന ആഗ്രഹം വന്നപ്പോൾ ഒരു ഗുരുനാഥനെ കണ്ടത്തേണ്ട ആവശ്യം വന്നു. അങ്ങനെയാണ് ഗുരുനാഥനിലേക്ക് എത്തുന്നത്,’
‘തികച്ചും വ്യത്യസ്തമായിരുന്നു പിന്നീടുള്ള നൃത്ത പഠനം. അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത വിദ്യാർത്ഥികളെ അദ്ദേഹം അത്രയും മനസിലാക്കിയാണ് അടവുകൾ പഠിപ്പിച്ചിരുന്നത് എന്നതാണ്. മാഷ് ഒരിക്കലും വഴക്ക് പറഞ്ഞിട്ടില്ല. കേരളത്തിൽ ഒരുപാട് നൃത്ത വേദികളിൽ നൃത്തം അവതരിപ്പിക്കാൻ എനിക്ക് കഴിഞ്ഞു. അത് അദ്ദേഹം കാരണമാണ്,’
‘ഞാൻ അത്രയ്ക്ക് കോൺഫിഡൻസും ധൈര്യവുമുള്ള ആളൊന്നുമല്ല. എന്നിട്ടും നൃത്തം മനോഹരമായ രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് അദ്ദേഹം കാരണമാണ്. എനിക്ക് പേടി ആയിരുന്നപ്പോഴൊക്കെ എനിക്ക് മാഷ് തന്ന ഒരു ധൈര്യം അത് എടുത്തു പറയേണ്ടതാണ്. മാഷുമായുള്ള അനുഭവം ചുരുങ്ങിയ സമയം കൊണ്ട് പറഞ്ഞു തീർക്കാൻ പറ്റുന്ന ഒന്നല്ല,’
‘നമ്മൾ തളർന്നിരിക്കുമ്പോൾ പിടിച്ചെഴുന്നേൽപ്പിക്കുന്ന ആളാണ് അദ്ദേഹം. ആ കുടുംബം എന്റെ സ്വന്തം കുടുംബം പോലെയാണ്. അദ്ദേഹത്തിന്റെ പുതിയ സംരഭത്തിന് എന്റെ എല്ലാവിധ ആശംസകളും. അവിടേക്ക് എത്താൻ കഴിയില്ലെങ്കിലും മനസ്സുകൊണ്ട് താൻ പെരിങ്ങോട്ടുകരയിൽ തന്നെ ഉണ്ട്’ എന്നും കാവ്യ പറഞ്ഞു.
അതേസമയം. ഒരുപാട് കാലത്തിനു ശേഷം കവിയെ ഇങ്ങനെ കണ്ടതിലെ സന്തോഷം ആരാധകർ പ്രകടമാക്കുന്നുണ്ട്. കാവ്യ തിരിച്ചു വരണം. ദൈവം അനുഗ്രഹിച്ച കലാകാരിയാണ്. മലയാളികൾ ഇത്രയേറെ പിന്തുണയും സ്നേഹവും കൊടുത്ത മറ്റൊരു നടിയില്ല. കാവ്യയെ കുറ്റപെടുത്തുന്നവർ ഉണ്ടാവാം അവരെന്തും പറയട്ടെ, കാവ്യ സിനിമയിലേക്ക് തിരിച്ചുവന്നാൽ പഴയ അംഗീകാരം കിട്ടുമെന്ന് ഉറപ്പാണ്. സന്തോഷമായിരിക്കൂ, സോഷ്യൽ മീഡിയയിൽ സജീവമാകണം. ദൈവാനുഗ്രഹം ഉണ്ടാവട്ടെ, ജീവിതത്തിൽ നല്ലത് മാത്രം സംഭവിക്കട്ടെ. എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.