Connect with us

കാവ്യ ബുദ്ധിയുള്ള കുട്ടിയാണ്, ക്ലാസ്‌മേറ്റ്‌സില്‍ അഭിനയിച്ചത് മനസ്സില്ലാമനസ്സോടെയായിരുന്നു; കാരണം!; തുറന്ന് പറഞ്ഞ് ലാല്‍ ജോസ്

Malayalam

കാവ്യ ബുദ്ധിയുള്ള കുട്ടിയാണ്, ക്ലാസ്‌മേറ്റ്‌സില്‍ അഭിനയിച്ചത് മനസ്സില്ലാമനസ്സോടെയായിരുന്നു; കാരണം!; തുറന്ന് പറഞ്ഞ് ലാല്‍ ജോസ്

കാവ്യ ബുദ്ധിയുള്ള കുട്ടിയാണ്, ക്ലാസ്‌മേറ്റ്‌സില്‍ അഭിനയിച്ചത് മനസ്സില്ലാമനസ്സോടെയായിരുന്നു; കാരണം!; തുറന്ന് പറഞ്ഞ് ലാല്‍ ജോസ്

ലാല്‍ജോസിന്റെ എവര്‍ഗ്രീന്‍ ഹിറ്റായ ക്ലാസ്‌മേറ്റ്‌സില്‍ കാവ്യ മാധവന്‍ അഭിനയിച്ചത് മനസ്സില്ലാമനസ്സോടെയായിരുന്നുവെന്ന് സംവിധായകന്‍ ലാല്‍ ജോസ്. തിരക്കഥ മുഴുവന്‍ വായിച്ചപ്പോള്‍, റസിയയാണ് നായികയെന്നും തനിക്ക് റസിയയുടെ കഥാപാത്രം തന്നെ വേണമെന്നും കാവ്യ നിര്‍ബന്ധം പിടിച്ചു. പക്ഷേ താരമൂല്യമുള്ള കാവ്യ ആ കഥാപാത്രം ചെയ്താല്‍ ആ വേഷത്തിന്റെ പ്രധാന്യം ആദ്യം തന്നെ പ്രേക്ഷകര്‍ക്കു ബോധ്യമാകുമെന്ന് ലാല്‍ജോസിന് ഉറപ്പുണ്ടായിരുന്നു. ഒടുവില്‍ കഥയുടെ ഗൗരവം ചെറിയ ഉദാഹരണത്തിലൂടെ ബോധ്യപ്പെടുത്തിയപ്പോള്‍ കാവ്യ മനസ്സില്ലാമനസ്സോടെ അഭിനയിക്കാന്‍ സമ്മതിക്കുകയായിരുന്നു.

”ക്ലാസ്‌മേറ്റ്‌സിലെ ആദ്യ രംഗം ഷൂട്ട് ചെയ്യുമ്പോള്‍ കാവ്യ മാത്രം വന്നിരുന്നില്ല. കരാര്‍ ഒപ്പിടുന്ന സമയത്ത് റഫ് ആയി മാത്രം ഒരു കഥ ഞാന്‍ പറഞ്ഞിരുന്നു. ”കഥ മുഴുവന്‍ പിടികിട്ടിയില്ല, പിന്നെ ലാലു ചേട്ടന്റെ പടമല്ലേ, ഞാനങ്ങട് പൂവാന്ന് വച്ചു” എന്ന് പിന്നീട് കാവ്യ ആരോടോ പറഞ്ഞുവെന്ന് കേട്ടു. പിടികിട്ടാണ്ട് അഭിനയിക്കാന്‍ പാടില്ല, അതുകൊണ്ട് മുഴുവന്‍ കഥയും കാവ്യയോട് പറയാന്‍ ജയിംസിനോട് ഞാന്‍ ആവശ്യപ്പെട്ടു.

കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ എന്തോ പന്തികേടുണ്ടെന്ന് ജയിംസ് എന്നോടു പറഞ്ഞു. കണ്ണില്‍ നിന്നൊക്കെ വെള്ളം വന്ന് മാറി ഇരിക്കുകയാണ് കാവ്യ. കഥ കേട്ടതിന്റെ ഇമോഷന്‍ കൊണ്ടാകും കരയുന്നതെന്ന് ഞാനും പറഞ്ഞു. എല്ലാവരും ലൊക്കേഷനില്‍ റെഡിയാണ്, പെട്ടെന്നു വരാന്‍ പറഞ്ഞ് ഞാനും ദേഷ്യം പിടിക്കാന്‍ തുടങ്ങി.

എന്നാല്‍ കാവ്യ വരാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ കാര്യമെന്തെന്ന് അറിയാന്‍ ഞാന്‍ നേരിട്ടു ചെന്നു. കാവ്യയുടെ പ്രശ്‌നം ഈ പടത്തിലെ നായിക താനല്ല, അത് റസിയ ആണെന്നതായിരുന്നു. റസിയയെ കാവ്യ ചെയ്യാമെന്നും താര കുറുപ്പിനെ മറ്റാരെക്കൊണ്ടെങ്കിലും ചെയ്യിക്കാനും പറഞ്ഞു. കാവ്യയെക്കൊണ്ട് ഒരിക്കലും റസിയയെ അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് ഞാന്‍ പറഞ്ഞു. കാവ്യയെപ്പോലെ ഇത്രയും താരമൂല്യം ഉള്ള ഒരാള്‍ റസിയയുടെ കഥാപാത്രം ചെയ്യുമ്പോള്‍ തന്നെ പ്രേക്ഷകര്‍ക്കു മനസ്സിലാകും ഈ കഥാപാത്രം കൊണ്ട് സിനിമയിലെന്തോ പരിപാടിയുണ്ടെന്ന്. അതുകൊണ്ട് ആ കഥാപാത്രം എന്തായാലും കാവ്യ ചെയ്യാന്‍ പറ്റില്ല.

ഒരുവിധം പറഞ്ഞു മനസ്സിലാക്കിയതിനു ശേഷമാണ് കാവ്യ അഭിനയിക്കാന്‍ വരുന്നത്. ഞാനാണ് ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ എന്ന സിനിമയില്‍ അവളെ അവതരിപ്പിച്ചത് എന്നുള്ളതുകൊണ്ടാണ് അപ്പോഴും ഈ ചിത്രം ചെയ്യാന്‍ കാവ്യ തയാറായത്. ‘മീശമാധവന്‍’ എന്ന ബ്ലോക്ക് ബസ്റ്റര്‍ സിനിമയില്‍ അവള്‍ എന്നോടൊപ്പം വര്‍ക്ക് ചെയ്തതുമാണ്. ആ ഒരു കടപ്പാടും സ്‌നേഹവും ഉള്ളതുകൊണ്ടാണ് ഈ സിനിമയില്‍ അഭിനയിക്കാം എന്ന് സമ്മതിച്ചത്. കാവ്യ ബുദ്ധിയുള്ള കുട്ടിയാണ്.

ഷൂട്ട് നടക്കുന്ന ഒരു ദിവസം പുറത്തുനിന്നു കുറച്ച് പേര്‍ സെറ്റില്‍ വന്നു പ്രശ്‌നമുണ്ടാക്കി. അവര്‍ ഈ കോളജിലെ മുന്‍ വിദ്യാര്‍ഥികള്‍ ആണെന്നാണ് പറഞ്ഞത്. അപ്പുറത്തെ ബാറില്‍ നിന്നു മദ്യപിച്ച് അവര്‍ സെറ്റില്‍ വന്ന് അഭിനയിക്കുന്ന പെണ്‍കുട്ടികളെ തെറിവിളി തുടങ്ങി. അവസാനം ഇന്ദ്രനും പൃഥ്വിരാജും ജയസൂര്യയും നരേനുമൊക്കെ ചെന്ന് ഈ ബഹളം ഉണ്ടാക്കുന്ന ആളുകളെ പിടിച്ചു തള്ളുകയും ചെയ്തു. അവിടെ ഒരു ഉന്തും തള്ളും ഉണ്ടാവുകയും കാവ്യയെ എന്തോ പറഞ്ഞ ഒരാളെ കാവ്യയുടെ അച്ഛന്‍ അടിക്കുകയും ചെയ്തു. പിന്നെ അവിടെ ഒരു ഭയങ്കര ബഹളം ആയിരുന്നു.

അവിടുത്തെ പരിപാടികളൊക്കെ തീര്‍ത്ത് രാത്രി പോളിടെക്‌നിക്കിലെ ഹോസ്റ്റലിലാണ് ഹോസ്റ്റലിലെ സീനുകള്‍ ഷൂട്ട് ചെയ്യാന്‍ പോയത്. അന്ന് നല്ല മഴയുണ്ട്. ഹോസ്റ്റലില്‍ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ക്യാമറയുടെ തൊട്ടടുത്ത് ഒരുത്തന്‍ വന്നു നില്‍ക്കുന്നു, നല്ല മദ്യത്തിന്റെ മണമുണ്ട്. എനിക്ക് പെട്ടെന്ന് മനസ്സിലായി, കോളജില്‍ ഉന്തും തള്ളും ഉണ്ടാക്കിയ ഒരാളാണ്. ഞാന്‍ നോക്കിയപ്പോള്‍ അവന്‍ കയ്യില്‍ എന്തോ മറച്ച് പുറകോട്ട് പിടിച്ചിട്ടുണ്ട്. നോക്കിയപ്പോള്‍ വലിയൊരു കരിങ്കല്ലിന്റെ കഷണം കയ്യില്‍ പിടിച്ചിരിക്കുകയാണ്. അതുമായിട്ടാണ് അവന്‍ അവിടെ വന്നു നില്‍ക്കുന്നത്. ഇവനിതെടുത്ത് ക്യാമറയില്‍ അടിക്കുകയോ എന്നെയോ അവിടെ അഭിനയിച്ചുകൊണ്ട് നില്‍ക്കുന്നവരെയോ അടിക്കുകയോ എറിയുകയോ ചെയ്തു കഴിഞ്ഞാല്‍ ഭയങ്കര പ്രശ്‌നമാകും.

ഞാന്‍ പെട്ടെന്ന് യൂണിറ്റിലെ ആളുകളോട് അലര്‍ട്ട് ആകാന്‍ പറഞ്ഞു. ആരും ഒന്നും മിണ്ടരുത് എന്ന് പറഞ്ഞു. എന്നിട്ട് ഷൂട്ടിങ് പയ്യെ നിര്‍ത്തി, ക്യാമറ എടുത്തു മാറ്റാന്‍ പറഞ്ഞു. ഞങ്ങള്‍ ഇങ്ങനെ ചെയ്തു തുടങ്ങിയപ്പോഴേക്കും ഇവന് കാര്യം മനസ്സിലായി. ഉടനെ വയലന്റായി, കല്ലെടുത്ത് അടിക്കാന്‍ നോക്കി. അപ്പോഴേക്കും യൂണിറ്റിലെ ആള്‍ക്കാരെല്ലാം കൂടി ഓടിവന്ന് ഇവനെ പിടിച്ച് നിര്‍ത്തി പുറത്തേക്ക് കൊണ്ടുപോകാന്‍ നോക്കിയപ്പോഴേക്കും ഇവന്റെ കുറെ ആള്‍ക്കാര്‍ കല്ലും വടിയുമായി പുറത്തുനിപ്പുണ്ട്.

അപ്പോഴേക്കും പാര്‍ട്ടി ഓഫിസില്‍ നിന്ന് കുറെ പേര്‍ വന്നു. എല്ലാവരും കൂടി ഇവരെ അടിച്ചു ഓടിച്ചു. ഇവന്മാര്‍ മതിലൊക്കെ ചാടി ഓടി, ഒരുത്തന്‍ ഒരു ചാലില്‍ വീണു. അവിടെ കാലു കുടുങ്ങി നില്‍പ്പായി അവനെ കിട്ടി. അപ്പോഴേക്കും പൊലീസ് വന്നു, ഇവനെ പിടിച്ച് കൂടെ ഉണ്ടായിരുന്നവര്‍ ആരൊക്കെയാണെന്ന് ചോദിച്ചു. അവന്‍ തത്ത പറയുന്നതുപോലെ കാര്യങ്ങളൊക്കെ പറഞ്ഞു. ആ രാത്രിയില്‍ ഞങ്ങള്‍ ശരിക്കും പേടിച്ചുപോയി എന്നും ലാല്‍ ജോസ് പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top