Actress
കവിയൂർ പൊന്നമ്മയുടെ ആരോഗ്യനിലയിൽ മാറ്റമില്ല!; മോഹൻലാൽ കാണാനെത്തിയെന്നും വിവരം
കവിയൂർ പൊന്നമ്മയുടെ ആരോഗ്യനിലയിൽ മാറ്റമില്ല!; മോഹൻലാൽ കാണാനെത്തിയെന്നും വിവരം
അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനസിലിടം നേടിയ താരമാണ് കവിയൂർ പൊന്നമ്മ. കഴിഞ്ഞ ദിവസമായിരുന്നു താരത്തെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് നടി. കുറച്ച് ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസമായിരുന്നു വാർത്തകൾ പുറത്തെത്തിയത്. എന്നാൽ ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം കവിയൂർ പൊന്നമ്മയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്.
നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ് നടിയെ പ്രവേശിപ്പിച്ചിട്ടുള്ളത് എന്നാണ് ലഭ്യമായ വിവരം. വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം തുടർച്ചയായി ആരോഗ്യസ്ഥിതി വിലയിരുത്തുന്നുണ്ട്. ഈ വേളയിൽ നടൻ മോഹൻലാൽ കവിയൂർ പൊന്നമ്മയെ കാണാനായി ആശുപത്രിയിലെത്തിയെന്നാണ് ചില റിപ്പോർട്ടുകൾ.
ഐസിയുവിൽ കഴിയുന്ന കവിയൂർ പൊന്നമ്മയെ മോഹൻലാൽ കയറി കണ്ടുവെന്നും കണ്ണ് നിറഞ്ഞാണ് അദ്ദേഹം തിരിച്ചിറങ്ങിയതെന്നുമാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നതെന്നാണ് സൂചന. പുലർച്ചെയാണ് അദ്ദേഹം ആശുപത്രിയിലെത്തിയതെന്നും പറയുന്നു. ഇത് സംബന്ധിച്ച് ചില ചിത്രങ്ങളും പുറത്തെത്തിയിട്ടുണ്ട്.
ഷൂട്ടിംഗ് തിരക്കുകളിലായതിനാൽ അദ്ദേഹം പെട്ടെന്ന് തന്നെ മടങ്ങിപ്പോയെന്നും ഇടയ്ക്കിടെ വിളിച്ച് സുഖവിവരങ്ങൾ അന്വേഷിക്കുന്നുണ്ടെന്നുമാണ് വിവരം. സ്വന്തം അമ്മയെ പോലെയാണ് മോഹൻലാൽ കവിയൂർ പൊന്നമ്മയെ കാണുന്നത്. നിരവധി ചിത്രങ്ങളിൽ മോഹൻലാലിന്റെ അമ്മ വേഷം കവിയൂർ പൊന്നമ്മ ചെയ്തിട്ടുണ്ട്.
നടിയുടെ തിരിച്ച് വരവിന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് സഹപ്രവർത്തകരും സിനിമാലോകവും. അതേ സമയം അമ്മയുടെ അസുഖം ഗുരുതരമായതിനെ തുടർന്ന് അമേരിക്കയിലുള്ള ഏകമകൾ ബിന്ദു അമ്മയെ കാണാൻ നാട്ടിലെത്തിയെങ്കിലും മടങ്ങി പോയി എന്നും പറയപ്പെടുന്നുണ്ട്.
കുറച്ചേറെ കാലങ്ങളായി ആരോഗ്യസ്ഥിതി മോശമായതിനാൽ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു നടി. വടക്കൻ പറവൂർ കരിമാളൂരിലെ വസതിയിൽ പൂർണ വിശ്രമജീവിതത്തിലായിരുന്നു. അടുത്ത കാലത്തായി കുടുംബാംഗങ്ങളോ ബന്ധുക്കളോ ആരും നോക്കാനില്ലാതെ ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണെന്ന തരത്തിൽ നടിയെ കുറിച്ച് വാർത്തകൾ പ്രചരിച്ചിരുന്നു.
എന്നാൽ ഒരു പണിയുമില്ലാത്ത ആളുകളാണ് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും ഇക്കാര്യത്തിൽ കൂടുതലൊന്നും പറയുവാനില്ലെന്നും കവിയൂർ പൊന്നമ്മ തന്നെ പറഞ്ഞിരുന്നു. ഇതിനിടെ വീട്ടിലെത്തിയ അതിഥികളിലൊരാൾ പകർത്തിയ കവിയൂർ പൊന്നമ്മയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് അവർ ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്.
എന്റെ ഇളയസഹോദരനും കുടുംബവും എത്രയോ നാളുകളായി എന്റെ കൂടെയുണ്ട്. അവരാണ് എന്നെ നോക്കുന്നതും എന്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതും. ഈ വരുന്നതൊക്കെ തെറ്റായ വാർത്തകളാണ്. ഒരു പണിയുമില്ലാത്ത കുറേ ആളുകൾ, അവരോട് എന്തു പറയാൻ. സന്തോഷത്തോടെ പോകുന്നു. വളരെ സന്തോഷം.
ശാരദയും സീമയും ‘അമ്മ’യിൽ നിന്ന് ഇടവേള ബാബുവും അമേരിക്കയിൽ നിന്നും മകളും വിശേഷങ്ങൾ അന്വേഷിച്ച് വിളിക്കുന്നുണ്ട് എന്നുമാണ് താരം അന്ന് ഒരു മാധ്യമത്തോട് പ്രതികരിച്ചത്. ചെറിയ പ്രായത്തിൽ മലയാള സിനിമയിൽ അഭിനയിച്ച് തുടങ്ങിയ പൊന്നമ്മ എഴുനൂറിൽപരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
നീണ്ട അറുപതാണ്ടു കൊണ്ട് എഴുനൂറിൽപരം സിനിമകളിലാണ് പൊന്നമ്മ അഭിനയിട്ടുള്ളത്. നാലു തവണ ഏറ്റവും മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്. 2021 ൽ റിലീസ് ചെയ്ത ആണു പെണ്ണും എന്ന ആന്തോളജി ചിത്രമാണ് കവിയൂർ പൊന്നമ്മയുടേതായി അവസാനം തിയറ്ററുകളിലെത്തിയ സിനിമ.