News
ടോം ക്രൂയിസിന്റെ റെക്കോര്‍ഡ് തകര്‍ത്ത് കേറ്റ് വിന്‍സ്ലെറ്റ്; വെള്ളത്തിനടിയില്‍ ഏഴര മിനിറ്റ് ശ്വാസം അടക്കി പിടിച്ച് നടി
ടോം ക്രൂയിസിന്റെ റെക്കോര്‍ഡ് തകര്‍ത്ത് കേറ്റ് വിന്‍സ്ലെറ്റ്; വെള്ളത്തിനടിയില്‍ ഏഴര മിനിറ്റ് ശ്വാസം അടക്കി പിടിച്ച് നടി
ലോകസിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജെയിംസ് കാമറൂണ്‍ ചിത്രമാണ് അവതാര്‍. വര്‍ഷങ്ങള്‍ക്ക് ശേഷം അവതാറിന്റെ രണ്ടാം ഭാഗം, അവതാര്‍ ദ വേ ഓഫ് വാട്ടര്‍ ഡിസംബര്‍ 16 ന് തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റേതായി പുറത്തെത്തിയ വിശേഷങ്ങളെല്ലാം തന്നെ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.
എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് വിശേഷങ്ങള്‍ വരെ വളരെ വലിയ രീതിയില്‍ വൈറലാകുകയാണ്. വെള്ളത്തില്‍ ഏറ്റവുമധികം സമയം ശ്വാസമടക്കി പിടിച്ച് ചെലവിട്ട അഭിനേതാവെന്ന റെക്കോഡാണ് ചിത്രത്തിലെ നായികയായ കേറ്റ് വിന്‍സ്ലെറ്റ് സ്വന്തം പേരിലാക്കിയിരിക്കുന്നത്.
ഏഴര മിനിറ്റ് ശ്വാസം പിടിച്ചു വെച്ചാണ് കേറ്റ്, സംവിധായകന് കാമറൂണടക്കം സെറ്റിലുണ്ടായിരുന്ന ഏവരെയും അമ്പരപ്പിച്ചത്. 2015 ല്‍ മിഷന് ഇംപോസിബിള്‍ റോഗ് നേഷന്റെ ചിത്രീകരണത്തിനിടെ ആറ് മിനിറ്റ് ശ്വാസം പിടിച്ച് വെള്ളത്തിനടിയില്‍ ചെലവിട്ട ടോം ക്രൂയിസിന്റെ പേരിലുള്ള റെക്കോഡാണ് കേറ്റ് തിരുത്തിയെഴുതിയത്.
അവതാറില്‍ കേറ്റിന്റെ സഹതാരമായ 72 കാരിയായ സിയോണി വീവര്‍ 6.5 മിനിറ്റ് വരെ ശ്വാസം പിടിച്ചുവെച്ച് വെള്ളത്തിനടിയില്‍ ചെലവിട്ടു. അവതാറിന്റെ രണ്ടാം ഭാഗത്തിന്റെ കഥ പൂര്‍ണമായും വെള്ളത്തിനുള്ളിലാണ്. 9 ലക്ഷം ഗ്യാലന് വെള്ളം കൊള്ളുന്ന കൂറ്റന്‍ ടാങ്കിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത്.
കടലിന്റെ അടിത്തട്ടിന് സമാനമായ അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ദീര്‍ഘനേരം ശ്വാസം പിടിച്ചു വെക്കാനും വെള്ളത്തിനടിയില്‍ നടക്കാനുമെല്ലാമുള്ള മാസങ്ങള്‍ നീണ്ട പരിശീലനമാണ് അഭിനേതാക്കള്‍ക്ക് ലഭിച്ചത്. 2009 ലാണ് അവതാര്‍ ആദ്യഭാഗം റിലീസ് ചെയ്തത്. ലോക സിനിമ ചരിത്രത്തില്‍ സാമ്പത്തികമായി ഏറ്റവും വരുമാനം നേടിയ ചിത്രമെന്ന ഖ്യാതിയും അവതാര്‍ സ്വന്തമാക്കിയിരുന്നു.
ശേഷം 2012ലാണ് അവതാറിന് തുടര്‍ഭാഗങ്ങളുണ്ടാകുമെന്ന് ജെയിംസ് കാമറൂണ്‍ പ്രഖ്യാപിച്ചത്. അന്നുതന്നെ ചിത്രങ്ങളുടെ റിലീസും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഭാഗം 2020 ഡിസംബറിലും മൂന്നാം ഭാഗം 2021 ഡിസംബര്‍ 17 നും നാലാം ഭാഗം 2024 ഡിസംബര്‍ 20നും അഞ്ചാം ഭാഗം 2025 ഡിസംബര്‍ 19നും റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ കൊവിഡ് പടര്‍ന്ന സാഹചര്യത്തില്‍ റിലീസുകള്‍ പ്രഖ്യാപിച്ച സമയത്ത് നടത്താനായില്ല.
