Malayalam
തെളിവുകൾ തനിക്ക് കൈമാറണമെന്ന് ആവശ്യം; കോടതി നിയമം ആർക്ക് മുന്നിലും താഴ്ന്ന് കൊടുക്കില്ല, പ്രജ്വൽ രേവണ്ണയുടെ കേസിൽ ദിലീപ് കേസ് ഉദ്ധരിച്ച് കർണാടക ഹൈക്കോടതി
തെളിവുകൾ തനിക്ക് കൈമാറണമെന്ന് ആവശ്യം; കോടതി നിയമം ആർക്ക് മുന്നിലും താഴ്ന്ന് കൊടുക്കില്ല, പ്രജ്വൽ രേവണ്ണയുടെ കേസിൽ ദിലീപ് കേസ് ഉദ്ധരിച്ച് കർണാടക ഹൈക്കോടതി
മുൻ എംപിയും ജെഡിഎസ് നേതാവുമായ പ്രജ്വൽ രേവണ്ണയുമായി ബന്ധപ്പെട്ട, വീട്ടുജോലിക്കാരിയെ ലൈം ഗിക പീഡിപ്പിച്ചെന്ന കേസിൽ ഡിജിറ്റൽ ഫയലുകൾ കൈമാറണമെന്ന ഹർജിയിൽ ദിലീപ് കേസ് ഉദ്ധരിച്ച് കർണാടക ഹൈക്കോടതി. തെളിവുകൾ തനിക്ക് കൈമാറണമെന്ന പ്രജ്വലിന്റെ ആവശ്യം തള്ളിയ കോടതി നിയമം ആർക്ക് മുന്നിലും താഴ്ന്ന് കൊടുക്കില്ലെന്നും വ്യക്തമാക്കി.
ഇതിനിടെയാണ് ദിലീപ് കേസിലെ കാര്യം കോടതി ഉദ്ധരിച്ചത്. പൊതുവെ നടി ആക്രമിക്കപ്പെട്ട കേസ് എന്നറിയപ്പെടുന്ന ‘പി ഗോപാലകൃഷ്‌ണൻ ദിലീപ് വേഴ്സസ് സ്‌റ്റേറ്റ് ഓഫ് കേരള’ കേസിലെ സുപ്രീം കോടതി വിധി പരാമർശിച്ച് കൊണ്ടാണ് കർണാടക ഹൈക്കോടതി പ്രജ്വൽ രേവണ്ണയുടെ ആവശ്യം തള്ളിയത്.
പ്രജ്വൽ രേവണ്ണയ്ക്ക് താൻ പ്രതിയായ കേസുമായി നേരിട്ട് ബന്ധപ്പെട്ട വസ്‌തുക്കൾ മാത്രമേ പരിശോധിക്കാൻ കഴിയൂവെന്ന് ജസ്‌റ്റിസ് നാഗപ്രസന്ന പറഞ്ഞു. ഈ കേസിൽ ഇരയുടെ മൊഴികളും ഫോട്ടോകളും മറ്റും പരിശോധിക്കാൻ ഞങ്ങൾ നിങ്ങളെ അനുവദിക്കും… സുപ്രീം കോടതിയുടെ ദിലീപ് കേസിലെ വിധിക്ക് അനുസൃതമായി മാത്രം’ എന്നായിരുന്നു കോടതി വ്യക്തമാക്കിയത്.
നേരത്തെ നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപ് 2019ൽ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുടെ മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസിൽ മുഖ്യ സൂത്രധാരൻ ദിലീപ് ആണെന്നാണ് ആരോപണം. കേരള ഹൈക്കോടതിയും വിചാരണക്കോടതിയും തന്റെ ഹർജി തള്ളിയതിനെ തുടർന്നാണ് അദ്ദേഹം സുപ്രീം കോടതിയിലെത്തിയത്.
ആ കേസിൽ ഒരു മെമ്മറി കാർഡിലോ പെൻഡ്രൈവിലോ സംഭരിച്ചിരിക്കുന്ന ഡാറ്റ ഇന്ത്യൻ തെളിവ് നിയമപ്രകാരം രേഖകൾ ആയി കണക്കാക്കുമെന്നും അതിനാൽ സെക്ഷൻ 207 സിആർപിസി പ്രകാരം കുറ്റാരോപിതർക്ക് കാണിച്ചു കൊടുക്കണമെന്നും സുപ്രീം കോടതി വിധിച്ചു. എന്നാൽ ദൃശ്യങ്ങളുടെ പകർപ്പ് കൈമാറാൻ സുപ്രീം കോടതി അനുവദിച്ചിരുന്നില്ല.
ഈ വിധിയാണ് കർണാടക ഹൈക്കോടതിയും ഉദ്ധരിച്ചിരിക്കുന്നത്. അതേസമയം, പ്രജ്വൽ രേവണ്ണ പകർത്തിയതായി ആരോപിക്കപ്പെടുന്ന വീഡിയോകളിലും ഫോട്ടോകളിലും എഴുപതോളം സ്ത്രീകളുണ്ടെന്നാണ് പോലീസ് പറയുന്നത്. കേസിന്റെ നടപടികൾ നീട്ടി കൊണ്ട് പോവാനാണ് പ്രജ്വൽ ശ്രമിക്കുന്നത് എന്നായിരുന്നു പ്രോസിക്യൂഷൻ ആരോപണം.
സിആർപിസി സെക്ഷൻ 207 പ്രകാരം സമർപ്പിച്ച എല്ലാ രേഖകളുടെയും പകർപ്പുകളുടെയും ഇലക്ട്രോണിക് തെളിവുകളുടെയും പകർപ്പുകൾ നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ ഡിസംബർ ഒന്നിന് വിചാരണക്കോടതി നിരസിച്ചതിനെ തുടർന്നാണ് പ്രജ്വൽ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഇവിടെയും പ്രജ്വലിന് പ്രതികൂല വിധിയാണ് വന്നത്.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത വിചാരണ കോടതിയിൽ ഹർജി നൽകിയിരുന്നു. അടച്ചിട്ട കോടതിയിലെ വാദം അവസാനിപ്പിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. അന്തിമവാദം തുടങ്ങിയതിന് പിന്നാലെയാണ് ഈ ആവശ്യവുമായി അതിജീവിത വിചാരണക്കോടതിയെ സമീപിച്ചത്. എന്നാൽ ഇത് കോടതി തള്ളിയിരുന്നു.
മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തിൽ നേരത്തെ അതിജീവിത കോടതിയിൽ അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. താൻ ഇരയല്ല അതിജീവിതയാണെന്ന നിലപാട് തുടക്കം മുതൽ സ്വീകരിച്ച നടി ഇപ്പോൾ അന്തിമവാദം തുറന്ന കോടതിയിൽ നടക്കട്ടെ എന്ന നിലപാട് സ്വീകരിക്കുന്നതിന് വലിയ മാനങ്ങളുണ്ട്.
സുപ്രീം കോടതി മാർഗ്ഗ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നടിയെ ആക്രമിച്ച കേസിൻ്റെ ഇതുവരെയുള്ള വിചാരണ അടച്ചിട്ട കോടതിയിൽ നടന്നത്. എന്നാൽ വാദം അന്തിമഘട്ടത്തിലേയ്ക്ക് കടന്നതോടെ കോടതിയിൽ നടക്കുന്ന കാര്യങ്ങൾ പൊതുസമൂഹം കൂടി അറിയട്ടെ ഇതിൽ തൻ്റെ സ്വകാര്യതയുടെ വിഷയങ്ങളൊന്നുമില്ലെന്ന് കൂടിയാണ് അതിജീവിത കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വാദം നടക്കുന്നത്.
