News
പുതിയ ചിത്രമായ ‘എമര്‍ജന്‍സി’യുടെ ചിത്രീകരണത്തിന് പിന്തുണ; അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയ്ക്ക് നന്ദിയറിയിച്ച് കങ്കണ റണാവത്ത്
പുതിയ ചിത്രമായ ‘എമര്‍ജന്‍സി’യുടെ ചിത്രീകരണത്തിന് പിന്തുണ; അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയ്ക്ക് നന്ദിയറിയിച്ച് കങ്കണ റണാവത്ത്
ഇടയ്ക്കിടെ വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളിലിടം നേടാറുള്ള ബോളിവുഡ് നടിയാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും അഭിപ്രായങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയെ സന്ദര്‍ശിച്ചിരിക്കുകയാണ് കങ്കണ റണാവത്ത്.
എമര്‍ജന്‍സി എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അസമില്‍ എത്തിയപ്പോഴാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ഷൂട്ടിങ്ങിന് പിന്തുണ നല്‍കിയ അസം മുഖ്യമന്ത്രിക്ക് വളരെയധികം നന്ദിയുണ്ടെന്ന് കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവെച്ച കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
‘ബഹുമാനപ്പെട്ട അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ജി, കണ്ടതില്‍ വളരെ സന്തോഷം. എമര്‍ജന്‍സിയുടെ ഔട്ട്‌ഡോര്‍ ഷൂട്ടുകള്‍ അസമിലെ വിവിധ മേഖലകളില്‍ ചിത്രീകരിക്കുന്നതിന് മുന്നോടിയായി ഞങ്ങളുടെ ടീമിന് മുഖ്യമന്ത്രി നല്‍കിയ പിന്തുണ വളരെ വലുതാണ്. അദ്ദേഹത്തിന്റെ പ്രോത്സാഹനവും പിന്തുണയും നല്‍കിയതിന് വളരെയധികം നന്ദി..’ കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കൂടിക്കാഴ്ചയില്‍ വളരെയധികം സന്തോഷമുണ്ടെന്ന് അസം മുഖ്യമന്ത്രിയും പ്രതികരിച്ചു. ‘അഭിനേത്രിയും എഴുത്തുകാരിയും സംവിധായകയുമായ കങ്കണ റണാവത്ത് ജിയെ ഇന്ന് എന്റെ ഓഫീസില്‍ വെച്ച് കണാന്‍ കഴിഞ്ഞു. സിനിമാ ചിത്രീകരണത്തിനായി എല്ലാവിധ പിന്തുണയും സഹായവും ഉണ്ടാകുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.’ ശര്‍മ്മ ട്വിറ്ററില്‍ കുറിച്ചു. പരമ്പരാഗതമായ ഒരു അസമീസ് ഷാളും കങ്കണയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.
നടി കങ്കണ റണാവത്ത് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി വേഷമിടുന്ന ചിത്രമാണ് എമര്‍ജന്‍സി. ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍മ്മാണവും കങ്കണ തന്നെയാണ് നിര്‍വഹിക്കുന്നത്. പേര് പോലെ തന്നെ അടിയന്തിരാവസ്ഥ കാലഘട്ടം പശ്ചാത്തലമാക്കുന്ന ചിത്രമാണിത്. കങ്കണയുടെ രണ്ടാമത്തെ സംവിധാന സംരംഭമാണിത്. 2023ല്‍ ചിത്രം തിയേറ്ററുകളിലെത്തും.
