Actress
തന്നെ കാണാൻ വരുന്നവർക്ക് ആധാർ കാർഡ് നിർബന്ധം, ആവശ്യം എന്തെന്ന് വെള്ളപേപ്പറിൽ എഴുതിക്കൊണ്ടുവരണം; കങ്കണ റണാവത്ത്
തന്നെ കാണാൻ വരുന്നവർക്ക് ആധാർ കാർഡ് നിർബന്ധം, ആവശ്യം എന്തെന്ന് വെള്ളപേപ്പറിൽ എഴുതിക്കൊണ്ടുവരണം; കങ്കണ റണാവത്ത്
തന്റെ നിലപാടുകൾ കൊണ്ടും പ്രസ്താവനകൾ കൊണ്ടും വിവാദങ്ങളിൽ പെട്ടും വാർത്തകളിൽ നിറയാറുള്ള താരമാണ് കങ്കണ റണാവത്ത്. ഇപ്പോഴിതാ തന്നെ കാണാൻ വരുന്നവർക്ക് ആധാർ കാർഡ് നിർബന്ധമാണെന്ന് പറയുകയാണ് ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്. നടിയുടെ ഈ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയകക്ഷികൾ രംഗത്ത് എത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മണ്ഡിയിലെ തന്റെ ഓഫീസിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു കങ്കണ ഇതേ കുറിച്ച് പറഞ്ഞത്. ഹിമാചൽ വിനോദ സഞ്ചാരികളുടെ കേന്ദ്രമാണ്. അതുകൊണ്ട് തന്നെ മൻഡിയിലുള്ളവർ ആധാർ കാർഡ് കൈയിൽ കരുതേണ്ടതുണ്ട്. മണ്ഡലത്തിലുള്ളവർ എന്താണ് ചെയ്യുന്നതെന്നും തന്നെ കാണാൻ വന്നതിൻറെ ഉദ്ദേശമെന്താണെന്നും പേപ്പറിൽ എഴുതണമെന്നും അങ്ങനെയാണെങ്കിൽ മറ്റ് അസൗകര്യങ്ങളില്ലാതെ കാണാമെന്നുമായിരുന്നു കങ്കണ പറഞ്ഞത്.
സന്ദർശകപ്രവാഹമായതിനാൽ സാധാരണക്കാർക്ക് ബുദ്ധിമുട്ടില്ലാതെ തൻറെ അടുക്കലെത്താനാണ് ഈ മാർഗമെന്നും താരം വിശദീകരിച്ചു. നഗരത്തിലുള്ളവർ മൻഡിയിലെ ഓഫിസിലും ഹിമാചലിൻറെ വടക്കൻ ഭാഗത്തുള്ളവർ മണാലിയിലെ തൻറെ വീട്ടിലേയ്ക്ക് വന്നാൽ മതിയെന്നും നേരിട്ട് കാണുന്നതാണ് ജോലികൾ എളുപ്പമാക്കുന്നതെന്നും കങ്കണ പറഞ്ഞിരുന്നു.
കങ്കണയുടെ ഈ ആധാർ പരാമർശത്തിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. ഈ പരാമർശത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി.ഇത് അൽപത്തരമാണെന്നായിരുന്നു കോൺഗ്രസിൻറെ പ്രതികരണം. ആധാറില്ലെങ്കിലും തന്നെ കാണാനെത്തുന്നവരെ കാണുമെന്ന് കങ്കണയോട് പരാജയപ്പെട്ട കോൺഗ്രസ് നേതാവ് വിക്രമാദിത്യ സിംഗ് വ്യക്തമാക്കി.
ഞങ്ങൾ ജനപ്രതിനിധികളാണ്. സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള ആളുകളെ കാണേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. അത് ചെറുതോ, വലുതോ, നയപരമോ , വ്യക്തിപരമോ എന്തുകാര്യത്തിനാണെങ്കിലും ഒരു തിരിച്ചറിയിൽ രേഖയുടെയും ആവശ്യമില്ല.
എന്തെങ്കിലും ആവശ്യത്തിനായിരിക്കും ഒരു വോട്ടർ ജനപ്രതിനിധിയെ കാണുന്നത് എന്നും ഹിമാചൽ പൊതുമരാമത്ത് മന്ത്രി കൂടിയായ സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. എം.പിയെ കാണാനെത്തുന്നവരോട് തിരിച്ചറിയൽ രേഖ ആവശ്യപ്പെടുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
