Actress
ആരാധികയിൽ നിന്നും നിർമാതാവിലേയ്ക്ക്; അക്ഷയ് കുമാറിന് ആശംസകളുമായി ജ്യോതിക
ആരാധികയിൽ നിന്നും നിർമാതാവിലേയ്ക്ക്; അക്ഷയ് കുമാറിന് ആശംസകളുമായി ജ്യോതിക
തമിഴിൽ സുധ കൊങ്കരയുടെ സംവിധാനത്തിൽ സൂര്യയും അപർമ ബാലമുരളിയും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ‘സൂരരൈ പോട്ര്’. മികച്ച നടൻ, ചിത്രം, നടി ഉൾപ്പടെ മൂന്ന് പ്രധാന ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് റിലീസിനൊരുങ്ങുകയാണ്. അക്ഷയ് കുമാറാണ് പ്രധാന വേഷത്തിലെത്തുന്നത്. സർഫിറാ എന്നാണ് ചിത്രത്തിന്റെ പേര്.
ഇപ്പോഴിതാ ഈ വേളയിൽ അക്ഷയ് കുമാറിന് ആശംസകൾ നേർന്ന് എത്തിയിരികുക്കയാണ് തെന്നിന്ത്യൻ താരം ജ്യോതിക. അർഹിച്ച വിജയത്തിനും ഹൃദയസ്പർശിയായ പ്രകടനത്തിനും ആശംസകൾ!
ബെഡ്റൂമിൽ നിങ്ങളുടെ ചിത്രം ഒട്ടിച്ചു വച്ചിരുന്ന ആരാധികയിൽ നിന്നും താരത്തിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട 150–ാമത് ചിത്രത്തിന്റെ നിർമാതാവാകാൻ കഴിഞ്ഞത് തീർച്ചയായും കാലം എനിക്കായി കാത്തുവെച്ച നിമിഷമാണ് എന്നാണ് ജ്യോതിക കുറിച്ചത്. അക്ഷയ് കുമാറിനൊപ്പം നിൽക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ അതിഥി വേഷത്തിൽ സൂര്യ എത്തും. സുധാ കൊങ്കര തന്നെയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സാധാരണക്കാരായവർക്ക് ടിക്കറ്റിന് ഒരു രൂപ നൽകി വിമാനയാത്ര യാഥാർത്ഥ്യമാക്കുന്ന എയർലൈൻ കമ്പനി തുടങ്ങാനുള്ള വീർ മാഹ്ത്രേയുടെ ഉയർച്ച താഴ്ചകളുടെ കഥയാണ് സർഫിറാ.
അരുണ ഭാട്ടിയ, സൂര്യ, ജ്യോതിക, വിക്രം മൽഹോത്ര എന്നിവരാണ് സർഫിറാ നിർമിച്ചിരിക്കുന്നത്. ജി വി പ്രകാശാണ് ചിത്രത്തിന് സംഗീതം നിർവഹിച്ചിരുന്നത്. അക്ഷയ് കുമാറിനെ കൂടാതെ പരേഷ് റാവൽ, ശരത്കുമാർ, രാധികാ മദൻ, സീമാ ബിശ്വാസ് എന്നിവരും ചിത്രത്തിലുണ്ട്.
എയർ ഡെക്കാൺ എന്ന ആഭ്യന്തര വിമാന സർവീസിന്റെ സ്ഥാപകൻ ജി ആർ ഗോപിനാഥിന്റെ ജീവിതം ആസപ്ദമാക്കിയുള്ള സിനിമയായിരുന്നു ‘സൂററൈ പോട്ര്’. 2020-ലാണ് സൂററൈ പോട്ര് എത്തിയത്.
കോവിഡ് കാലമായതിനാൽ ചിത്രം നേരിട്ട് ഒടിടി റിലീസായിരുന്നു. ജി.ആർ. ഗോപിനാഥ് എഴുതിയ സിംപ്ലി ഫ്ളൈ – എ ഡെക്കാൺ ഒഡീസി എന്ന പുസ്തകത്തെ ആധാരമാക്കിയാണ് സർഫിറാ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. സംവിധായികയും ശാലിനി ഉഷാദേവിയും ചേർന്നാണ് തിരക്കഥ.