Actress
നിർമിച്ച എല്ലാ ചിത്രങ്ങളും വൻ പരാജയം; കടക്കെണിയിൽ നിന്ന് കരകയറാൻ നിർമാണ കമ്പനിയായി ഉപയോഗിച്ചിരുന്ന ബംഗ്ലാവ് വിറ്റ് കങ്കണ റണാവത്ത്
നിർമിച്ച എല്ലാ ചിത്രങ്ങളും വൻ പരാജയം; കടക്കെണിയിൽ നിന്ന് കരകയറാൻ നിർമാണ കമ്പനിയായി ഉപയോഗിച്ചിരുന്ന ബംഗ്ലാവ് വിറ്റ് കങ്കണ റണാവത്ത്
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ കങ്കണയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ ബംഗ്ലാവ് വിറ്റിരിക്കുകയാണ് നടിയും എംപിയുമായ കങ്കണ റണാവത്ത്. മുംബൈ ബാന്ദ്രയിലെ പാലി ഹില്ലിലുള്ള ബംഗ്ലാവാണ് നടി വിറ്റത്.
2017ൽ 20 കോടി രൂപക്ക് വാങ്ങിയ ബംഗ്ലാവ് 32 കോടി രൂപക്ക് കങ്കണ വിറ്റതെന്നാണ് വിവരം. ബംഗ്ലാവ് കങ്കണയുടെ ചലച്ചിത്രം നിർമാണ കമ്പനിയായ മണികർണിക ഫിലിംസിന്റെ ഓഫീസായി ഉപയോഗിച്ചു വരുകയായിരുന്നു. സിനിമ നിർമാണവുമായി ബന്ധപ്പെട്ട് തന്റെ കടങ്ങൾ വീട്ടാനാണ് കങ്കണ ബംഗ്ലാവ് വിറ്റതെന്നാണ് റിപ്പോർട്ടുകൾ.
ഇപ്പോൾ എംപി എന്ന നിലയിൽ ഹിമാചലിലെ മണ്ഡലത്തിലും ഡൽഹിയിലും പ്രവർത്തിക്കുന്നതിന്റെ സൗകര്യത്തിനും വേണ്ടിയാണ് ഈ നീക്കമെന്നും വിവരമുണ്ട്. ഈ അടുത്തിടെ കങ്കണ നിർമിച്ച എല്ലാ ചിത്രങ്ങളും വൻ പരാജയമായിരുന്നു. ഇതിന്റെയെല്ലാം പിന്നാലെ കങ്കണ വൻ കടക്കെണിയിലായെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, കങ്കണയുടെ പുതിയ ചിത്രമാണ് എമർജൻസി. നടിയുടെ തന്നെ സംവിധാനത്തിലും നിർമ്മാണത്തിലും ഒരുങ്ങുന്ന ചിത്രമാണ് എമർജൻസി. 1975 മുതൽ 77 വരെ ഇന്ത്യയിൽ ഉണ്ടായ എമർജൻസി കാലഘട്ടത്തിനെ കുറിച്ചാണ് സിനിമ പറയുന്നത്. ചിത്രത്തിൽ ഇന്ദിരാ ഗാന്ധി ആയാണ് കങ്കണ വേഷമിടുന്നത്.
ഇന്ദിരാ ഗാന്ധി ആയുള്ള കങ്കണയുടെ മേക്കോവർ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ ശ്രേയസ് താപ്‌ഡെയാണ് അടൽ ബിഹാരി ബാജ്‌പേയി ആയി വേഷമിടുന്നത്. മലയാളി താരം വിശാഖ് നായർ വിശാഖ് നായർ ചിത്രത്തിൽ സഞ്ജീവ് ഗാന്ധിയായി എത്തും. അനുപം ഖേർ, അശോക് ഛബ്ര, മഹിമ ചൗധരി, മിലിന്ദ് സോമൻ, സതീഷ് കൗശിക്, ലാറി ന്യൂയോർക്കർ എന്നിങ്ങനെ നിരവധി താരങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
ഈ സിനിമ എടുക്കാനായി വായ്പ എടുത്തിട്ടുണ്ടെന്നും കടം വാങ്ങിയിട്ടുണ്ടെന്നും മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ കങ്കണ പറഞ്ഞിരുന്നു. 2020ൽ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അനധികൃത നിർമ്മാണം ആരോപിച്ച് കങ്കണയുടെ ബാന്ദ്ര ഓഫീസിന്റെ ചില ഭാഗങ്ങൾ പൊളിച്ചുനീക്കിയിരുന്നു.
സെപ്തംബർ 9ന് ബോംബെ ഹൈകോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് പൊളിക്കൽ നിർത്തിവെച്ചത്. പിന്നാലെ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കങ്കണ കേസ് ഫയൽ ചെയ്തിരുന്നു. കേസ് പിന്നീട് ഉപേക്ഷിച്ചു. 2022 ഡിസംബറിൽ ഈ ബംഗ്ലാവ് ഈട് വെച്ച് കങ്കണ 27 കോടി രൂപ വായ്പ എടുക്കുകയും ചെയ്തിരുന്നു.
