Actress
സ്വന്തം നാട്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി കങ്കണ റണാവത്ത്
സ്വന്തം നാട്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി കങ്കണ റണാവത്ത്
പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് നടി കങ്കണ റണാവത്ത്. ഇപ്പോഴിതാ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ് നടി. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍നിന്ന് കങ്കണ ജനവിധി തേടുമെന്ന കാര്യം കഴിഞ്ഞദിവസമാണ് പാര്‍ട്ടി നേതൃത്വം അറിയിച്ചത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ അഞ്ചാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലാണ് കങ്കണയും ഇടംപിടിച്ചത്.
സ്വന്തം നാട്ടില്‍ത്തന്നെയാണ് കങ്കണ ജനവിധി തേടുന്നത്. മണാലിക്കടുത്ത ഭാംബ്ലയാണ് കങ്കണയുടെ ജന്മസ്ഥലം. മാണ്ഡി ജില്ലയിലാണ് ഈ സ്ഥലം. ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുംവേണ്ടി എപ്പോഴും പിന്തുണ നല്കുന്ന നടിയാണ് കങ്കണ. ഔദ്യോഗികമായി ബി.ജെ.പിയില്‍ അംഗത്വം നേടിയതുവഴി താന്‍ ആദരിക്കപ്പെട്ടു എന്നാണ് സോഷ്യല്‍ മീഡിയയില്‍ അവര്‍ കുറിച്ചത്.
‘എന്റെ പ്രിയപ്പെട്ട ഭാരതത്തിന്റെയും ഭാരതീയ ജനതയുടെ സ്വന്തം പാര്‍ട്ടിയായ ഭാരതീയ ജനതാ പാര്‍ട്ടിക്ക് (ബിജെപി) എപ്പോഴും എന്റെ നിരുപാധിക പിന്തുണയുണ്ട്. ഇന്ന് ബിജെപിയുടെ ദേശീയ നേതൃത്വം എന്നെ എന്റെ ജന്മസ്ഥലമായ ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ അവരുടെ ലോക്സഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ തീരുമാനത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. പാര്‍ട്ടിയില്‍ ഔദ്യോഗികമായി ചേരുന്നതില്‍ എനിക്ക് അഭിമാനവും സന്തോഷവും തോന്നുന്നു. യോഗ്യയായ ഒരു കാര്യകര്ത്തയും വിശ്വസ്തയായ ഒരു പൊതുപ്രവര്ത്തകയുമാകാനാണ് ആഗ്രഹിക്കുന്നത്. നന്ദി,’ എന്നും നടി സോഷ്യല്‍ മീഡിയാ പോസ്റ്റില്‍ പറഞ്ഞു.
രാഷ്ട്രീയത്തിലിറങ്ങുന്ന കാര്യം പദ്ധതിയിലുണ്ടെന്ന് കങ്കണ നേരത്തേ പറഞ്ഞിട്ടുണ്ട്. ദൈവം അനുഗ്രഹിച്ചാല്‍ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്നാണ് കഴിഞ്ഞവര്‍ഷം അവര്‍ പറഞ്ഞത്.
