News
ഇന്ത്യയില്‍ മാത്രമല്ല, ദക്ഷിണ കൊറിയയിലും ‘വിക്രം’ ഹൗസ് ഫുള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
ഇന്ത്യയില്‍ മാത്രമല്ല, ദക്ഷിണ കൊറിയയിലും ‘വിക്രം’ ഹൗസ് ഫുള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
കമല്‍ ഹാസന്-ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ പുറത്തെത്തി ബോക്സോഫീസ് തൂത്തുവാരിയ ചിത്രമായിരുന്നു വിക്രം. ഈ ചിത്രം കഴിഞ്ഞ ദിവസമാണ് 27ാമത് ബുസാന്‍ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചത്. ഇപ്പോഴിതാ വിക്രം പ്രദര്‍ശനം നടന്നിടത്തെ വീഡിയോ വൈറലാവുകയാണ്.
സിനിമ ദക്ഷിണ കൊറിയന്‍ സിനിമാസ്വദകരും എറ്റെടുത്തിരിക്കുകയാണ്. ലോകേഷിന് ഒരു പൊന്‍തൂവല്‍ കൂടി എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ഹാള്‍മാര്‍ക്ക് ഔട്ട്ഡോര്‍ തിയേറ്ററിലായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചത്. ജൂണ്‍ മൂന്നിന് റിലീസ് ചെയ്ത ചിത്രം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കോളിവുഡിന്റെ ചരിത്രത്തിലെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തിരുന്നു.
ഇന്ത്യയില്‍ നിന്ന് മാത്രം 307.60 കോടിയാണ് സിനിമ കളക്ട് ചെയ്തത്. കേരളത്തില്‍ നിന്നുള്ള സിനിമയുടെ കളക്ഷന്‍ 40.50 കോടി രൂപയാണ്. ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലും 42.60 കോടി വിക്രം നേടി. കര്‍ണാടകയില്‍ നിന്നും 25.40 കോടിയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമായി 27.30 കോടിയാണ് വിക്രം കളക്ട് ചെയ്തത്.
ഇന്ത്യ കൂടാതെ നോര്‍ത്ത് അമേരിക്ക, മിഡില്‍ ഈസ്റ്റ്, മലേഷ്യ, സിംഗപ്പൂര്‍, ഓസ്ട്രേലിയ, യുകെ, ഫ്രാന്‍സ്, യൂറോപ്പ് എന്നിങ്ങനെ അന്താരാഷ്ട്ര ബോക്സ് ഓഫീസില്‍ നിന്നായി 124.90 കോടി വിക്രം സ്വന്തമാക്കി. ഇതിന് ശേഷമാണ് ബുസാന്‍ ചലച്ചിത്ര മേളയിലും സിനിമയെ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്.
