Actor
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പഠിക്കാനായി യുഎസിലേയ്ക്ക് തിരിച്ച് കമൽ ഹാസൻ
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പഠിക്കാനായി യുഎസിലേയ്ക്ക് തിരിച്ച് കമൽ ഹാസൻ
പ്രേക്ഷകർക്കേറെ സുപരിചിതനായ താരമാണ് കമൽ ഹാസൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പഠിക്കാൻ അദ്ദേഹം യുഎസിലേക്ക് പോയതായാണ് പുറത്തുവരുന്ന വിവരം. 90 ദിവസത്തെ കോഴ്‌സ് ആണ് ഇത്.
എന്നാൽ അദ്ദേഹം 45 ദിവസത്തേയ്ക്ക് മാത്രമേ കോഴ്‌സിൽ പങ്കെടുക്കുകയുള്ളൂ എന്നാണ് റിപ്പോർട്ട്. കമൽ തൻ്റെ ഭാവി പ്രോജക്ടുകളിലേയ്ക്ക് എഐ സാങ്കേതിക വിദ്യയുടെ മികവ് വരുത്തുമെന്നാണ് വിവരം.
എനിക്ക് പുതിയ സാങ്കേതികവിദ്യകൾ പഠിക്കാൻ ഒരുപാട് താൽപ്പര്യമുണ്ട്. നിങ്ങൾക്ക് എൻ്റെ വരും സിനിമകളിൽ ഏറ്റവും പുതിയ സാങ്കേതിക വിദ്യപരീക്ഷിക്കുന്നത് കാണാം. സിനിമയാണ് എൻ്റെ ജീവിതം. എൻ്റെ എല്ലാ വരുമാനവും പല മാർഗങ്ങളിലൂടെ എൻ്റെ സിനിമകളിലേയ്ക്ക് തന്നെ തിരിച്ചുപോയിട്ടുണ്ട്.
ഞാൻ വെറുമൊരു നടനല്ല, നിർമ്മാതാവ് കൂടിയാണ്. സിനിമകളിൽ നിന്ന് സമ്പാദിക്കുന്നതെല്ലാം ഞാൻ സിനിമയിലേക്ക് വീണ്ടും നിക്ഷേപിക്കുന്നു എന്നാണ് കമൽ മുമ്പ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് അദ്ദേഹം എഐ പഠിക്കാനായി ഒരുങ്ങുന്നത്. ഇനി അദ്ദേഹത്തിന്റെതായി വരുന്നത് വലിയ പ്രൊജക്റ്റുകളായിരിക്കുമെന്നാണ് ആരാദകർ പറയുന്നത്.
അതേസമയം, ഇന്ത്യൻ 2 ആണ് അദ്ദേഹത്തിന്റേതായി പുറത്തെത്തിയ ചിത്രം. ഈ ചിത്രത്തിൽ എഐ, സിജിഐ, ബോഡി ഡബിൾസ് തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് അന്തരിച്ച നെടുമുടി വേണു, മനോബാല, വിവേക് എന്നിവരെ വീണ്ടുമെത്തിച്ചിരുന്നു. 2021ലായിരുന്നു വിവേകിന്റെ മരണം. 2019ൽ ഇന്ത്യൻ 2വിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നു.
വിവേകിന്റെ രംഗങ്ങളെല്ലാം നേരത്തെ തന്നെ ചിത്രീകരിച്ചുവച്ചിരുന്നു. വിവേകിന്റെ കാര്യത്തിൽ വളരെ കുറച്ചു രംഗങ്ങളിൽ മാത്രമായിരുന്നു വിഎഫ്എക്സ്. 2023ലായിരുന്നു മനോബാലയുടെ അന്ത്യം. ആരോഗ്യാവസ്ഥ മോശമായതിനാൽ മനോബാലയ്ക്ക് ഇന്ത്യൻ 2വിൽ അഭിനയിക്കാൻ സാധിച്ചില്ല. അദ്ദേഹത്തിന്റെ രംഗങ്ങളെല്ലാം പൂർണമായും വിഎഫ്എക്സിലാണ് ചിത്രീകരിച്ചത്. 2021 നായിരുന്നു നെടുമുടി വേണു അന്തരിച്ചത്.