Malayalam
പൃഥ്വിരാജ് തന്നെ സംബന്ധിച്ചിടത്തോളം ആരുമല്ല, എന്റെ വേദന പൃഥ്വിരാജ് ഇത്രയും മണ്ടനായിപ്പോയല്ലോയെന്ന് ആലോചിച്ചാണ്; നടനെതിരെ വീണ്ടും കൈതപ്രം ദാമമോദരന്‍ നമ്പൂതിരി
പൃഥ്വിരാജ് തന്നെ സംബന്ധിച്ചിടത്തോളം ആരുമല്ല, എന്റെ വേദന പൃഥ്വിരാജ് ഇത്രയും മണ്ടനായിപ്പോയല്ലോയെന്ന് ആലോചിച്ചാണ്; നടനെതിരെ വീണ്ടും കൈതപ്രം ദാമമോദരന്‍ നമ്പൂതിരി
മലയാളികളുടെ പ്രിയ ഗാനരചയിതാവാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ഗാനരചയിതാവ് എന്ന നിലയില്‍ മാത്രമല്ല കവി, സംഗീത സംവിധായകന്‍, നടന്‍, ഗായകന്‍, തിരക്കഥാകൃത്ത്, മ്യൂസിക് തെറാപ്പിസ്റ്റ്, കര്‍ണ്ണാട്ടിക് സംഗീത വിദഗ്ദ്ന്‍ എന്ന നിലയിലും അദ്ദേഹം പ്രശസ്തനാണ്. പൊന്മുരളിയൂതും കാറ്റില്‍, കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി, രാമായണ കാറ്റേ തുടങ്ങി മലയാളികള്‍ ഇന്നും ഏറ്റ് പാടുന്ന ഒരു പിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ച അദ്ദേഹം തന്നെയാണ് ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണില്‍ എന്ന ഗാനത്തിലൂടെ മലയാളക്കരയെയാകെ ആവേശത്തിലാക്കിയതും.
കണ്ണൂര്‍ ജില്ലയിലെ കൈതപ്രം എന്ന ഗ്രാമത്തില്‍ കണ്ണാടി ഇല്ലത്ത് കേശവന്‍ നമ്പൂതിരിയുടെയും അദിതി അന്തര്‍ജ്ജനത്തിന്റെയും മൂത്ത മകനായി 1950 ഓഗസ്റ്റ് 4 നാണ് കൈതപ്രം ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനൊപ്പം തന്നെ അദ്ദേഹം കര്‍ണാടക സംഗീതവും അഭ്യസിച്ചു. 1970കളിലാണ് അദ്ദേഹം കവിത ഗാന രംഗത്തേക്ക് കടന്ന് വരുന്നത്. 1985ല്‍ ഫാസില്‍ സംവിധാനം ചെയ്ത എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തിലൂടെയാണ് കൈതപ്രം മലയാള സിനിമ രംഗത്തേയ്ക്ക് കടക്കുന്നത്.
അദ്ദേഹത്തിന്റെ അഭിമുഖങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. മുമ്പ് നടന്‍ പൃഥ്വിരാജ് തന്നെ സിനിമയില്‍ നിന്ന് മാറ്റാന്‍ ഇടപെട്ടുവെന്ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി മുമ്പ് പറഞ്ഞത് സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ നടനെതിരെ വീണ്ടും തുറന്നടിച്ചിരിക്കുകയാണ് കൈതപ്രം. പൃഥ്വിരാജ് തന്നെ സംബന്ധിച്ചിടത്തോളം ആരുമല്ല. മലയാള സിനിമ പൃഥ്വിരാജിന്റെ കുത്തകയായാല്‍ പോലും തനിക്ക് ഭയപ്പെടേണ്ട ആവശ്യമില്ലെന്ന് കൈതപ്രം പറഞ്ഞു.
ഒരിക്കല്‍ ദേവരാജന്‍ മാസ്റ്റര്‍ തന്നോട് പറഞ്ഞിട്ടുണ്ട്, യേശുദാസിന്റെ ഒരേയൊരു തെറ്റ് അദ്ദേഹമാണ് ലോകത്തിലെ ഏറ്റവും മികച്ച ഗായകനെന്ന് അദ്ദേഹത്തിനും അറിയാമായിരുന്നു എന്നതാണെന്ന്. അതുപോലെ തന്റെ കഴിവും തനിക്കറിയാം. താന്‍ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അത് തപസ്സും സമര്‍പ്പണവും വഴിയാണ് എന്ന് കൈതപ്രം പറഞ്ഞു. മലയാള സിനിമയിലെ പുതിയ തലമുറയ്ക്ക് നല്ല ഗാനങ്ങള്‍ തിരിച്ചറിയാന്‍ പോലും കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
മുമ്പ് ദീപക് ദേവ് സംഗീത സംവിധാനം ചെയ്ത സിനിമയില്‍ പാട്ടെഴുതാനായി വിളിച്ചുവരുത്തിയ ശേഷം പൃഥ്വിരാജ് ഇടപെട്ട് ഒഴിവാക്കി എന്നായിരുന്നു കൈതപ്രം ആരോപിച്ചത്. ’72 വയസായ ഞാന്‍ മുടന്തി മുടന്തിയാണ് ദീപക് ദേവിന്റെ സ്റ്റുഡിയോയില്‍ പോയത്. പാട്ട് എഴുതിയിട്ട് എന്നെ പറഞ്ഞയക്കുമ്പോഴുള്ള വേദന എത്രയാണെന്ന് ആലോചിച്ചു നോക്കൂ. എന്റെ വേദന പൃഥ്വിരാജ് ഇത്രയും മണ്ടനായിപ്പോയല്ലോയെന്ന് ആലോചിച്ചാണ്,’ എന്നായിരുന്നു കൈതപ്രം അന്ന് പറഞ്ഞത്.
