News
പോസ്റ്റർ അല്ലല്ലോ… പോസ്റ്റ്‌കാർഡ് ഫീൽ…; ജിയോ സിനിമയിലെ മമ്മുട്ടിയും, ജ്യോതികയും എങ്ങിനായിരിക്കും?; ആകാംക്ഷയും ഫീലും നിറഞ്ഞ ‘കാതൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ !
പോസ്റ്റർ അല്ലല്ലോ… പോസ്റ്റ്‌കാർഡ് ഫീൽ…; ജിയോ സിനിമയിലെ മമ്മുട്ടിയും, ജ്യോതികയും എങ്ങിനായിരിക്കും?; ആകാംക്ഷയും ഫീലും നിറഞ്ഞ ‘കാതൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ !
മമ്മൂട്ടി കമ്പനിയുടെ കാതൽ ഫസ്റ്റ് പോസ്റ്റർ റിലീസ് മുതൽ മലയാളികൾ സിനിമയ്ക്കായി കാത്തിരിക്കുകയാണ്. ജിയോ ബേബി സംവിധാനം കൂടിയായതുകൊണ്ട് കൂടുതൽ പ്രതീക്ഷയോടെയാണ് എല്ലാ സിനിമാ പ്രേമികളും കാത്തിരിക്കുന്നത്.
മലയാളത്തിൻ്റെ നിത്യ വസന്തം മമ്മൂട്ടിയും തമിഴകത്തിൻ്റെ നിത്യ സുന്ദരി ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകത കൂടി കാതലിന് ഉണ്ട് . ഇപ്പോഴിതാ കാതലിൻ്റെ പോസ്റ്റർ റിലീസായിരിക്കുകയാണ്.
വളരെ സാധാരണക്കാരായ ഭാര്യയും ഭാർത്താവും അവരുടെ സുഖദുഃഖങ്ങൾ പങ്കുവെയ്ക്കുന്ന കുടുംബത്തിൻ്റെയും അന്തരീഷം ആദ്യ പോസ്റ്റർ തന്നെ പകരുന്നുണ്ട്. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പൂമുഖത്ത് സന്തോഷത്തോടിരിക്കുന്ന കഥാപാത്രങ്ങളായി മമ്മൂട്ടിയും ജ്യോതികയും എത്തുമ്പോൾ ചിത്രത്തിൻ്റെ പേര് നൽകുന്ന അനുഭൂതി വെള്ളിത്തിരയിലും പകരുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും.
ഏറെ ശ്രദ്ധ നേടിയ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിനു ശേഷം സംവിധായകൻ ജിയോ ബേബി അണിയിച്ചൊരുക്കുന്ന ചിത്രമാണ് കാതൽ. പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചുവരുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.
കാതൽ- ദ് കോർ എന്നാണ് ചിത്രത്തിൻ്റെ യഥാർഥ പേര്. മമ്മൂട്ടി കമ്പനി നിർമ്മാണം നിർവഹിക്കുന്ന കാതൽ ദുൽഖർ സൽമാൻ്റെ വേഫേറെർ ഫിലിംസാണ് വിതരണം നിർവഹിക്കുന്നത്. സിനിമാസ്വാദകരെ സംബന്ധിച്ചിടത്തോളം വെള്ളിത്തിരയിൽ വ്യത്യസ്ത ദൃശ്യാവിഷ്കാരം സമ്മാനിച്ച റോഷാക്കും ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടുന്ന നൻപകൻ നേരത്തു മയക്കവും സമ്മാനിച്ച മമ്മൂട്ടി കമ്പനി പുതിയൊരു ആസ്വാദന മികവ് മലയാള സിനിമക്ക് നൽകുന്ന ചിത്രമാണ് കാതൽ എന്നുറപ്പാണ്.
സാലു കെ തോമസാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ആദർശ് സുകുമാരൻ, പോൾസൺ സക്കറിയ എന്നിവരുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്. ജോർജാണ്.
ചിത്രത്തിൽ രാഷ്ട്രീയക്കാരനായാണ് മമ്മൂട്ടിയെത്തുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. തീക്കോയി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഇടത് സ്വതന്ത്ര സ്ഥാനാർഥി മാത്യു ദേവസിയെ വിജയിപ്പിക്കുക എന്ന മമ്മൂട്ടിയുടെ ചിത്രമുള്ള ഇലക്ഷൻ പ്രചരണ പോസ്റ്റർ കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ടോർച്ചാണ് മാത്യു ദേവസിയുടെ ചിഹ്നം.
ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രം തിയറ്റർ റിലീസായിരിക്കും. മമ്മൂട്ടി കമ്പനി തിയേറ്ററിൽ റിലീസ് ചെയ്ത നിസ്സാം ബഷീർ സംവിധാനം നിർവഹിച്ച റോഷാക്കിന് ഒടിടി പ്ലാറ്റ് ഫോമായ ഡിസ്‌നി ഹോട്ട്സ്റ്റാറിലും ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്.
എഡിറ്റിങ് ഫ്രാൻസിസ് ലൂയിസും സംഗീതം മാത്യൂസ് പുളിക്കനും ആർട്ട് ഷാജി നടുവിലും നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : ഡിക്സൺ പൊടുത്താസ്സ് , സൗണ്ട് ഡിസൈൻ : ടോണി ബാബു, ഗാനരചന : അലീന, വസ്ത്രലങ്കാരം : സമീറാ സനീഷ്, മേക്ക് അപ്പ് : അമൽ ചന്ദ്രൻ, കോ ഡയറക്ടർ : അഖിൽ ആനന്ദൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : മാർട്ടിൻ എൻ ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അസ്‌ലാം പുല്ലേപ്പടി, സ്റ്റിൽസ് : ലെബിസൺ ഗോപി, ഡിസൈൻ : ആന്റണി സ്റ്റീഫൻ, പിആർഓ : പ്രതീഷ് ശേഖർ.
about kathal new movie
