News
ബിജെപി ടിക്കറ്റ് നല്‍കിയാല്‍ മത്സരിക്കും; കങ്കണയ്ക്ക് മറുപടിയുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ
ബിജെപി ടിക്കറ്റ് നല്‍കിയാല്‍ മത്സരിക്കും; കങ്കണയ്ക്ക് മറുപടിയുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ
കഴിഞ്ഞ ദിവസമായിരുന്നു 2024ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി കങ്കണാ റണാവത്ത് രംഗത്ത് എത്തിയത്. ഹിമാചല്‍ പ്രദേശിലെ മണ്ഡി മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് ആഗ്രഹം. ജനം ആഗ്രഹിക്കുകയും ബിജെപി ടിക്കറ്റ് നല്‍കുകയും ചെയ്താല്‍ മത്സരിക്കുമെന്നും കങ്കണ പറഞ്ഞു.
മിക്കപ്പോഴും ബിജെപി അനുകൂല നിലപാട് സ്വീകരിച്ചിരുന്ന കങ്കണയുടെ രാഷ്ട്രീയ പ്രവേശനം പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുമുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ. അജ്തക് ചാനലിന്റെ ഒരു പരിപാടിയിലാണ് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ പ്രതികരിച്ചത്.
ഒരു ചോദ്യത്തിന് മറുപടിയായി ബോളിവുഡ് നടിയായ കങ്കണയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് കൂടിയാലോചനയ്ക്ക് ശേഷമാണ് തീരുമാനമെന്നും ജെപി നദ്ദ പ്രതികരിച്ചു. അധികം വൈകാതെ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന സൂചനയാണ് കഴിഞ്ഞ ദിവസം കങ്കണ നല്‍കിയത്.
എല്ലാ തരം ജനവിഭാഗങ്ങളോടും തുറന്ന സമീപനമാണ് തനിക്കുള്ളതെന്നായിരുന്നു രാഷ്ട്രീയ പ്രവേശനമുണ്ടാകുമോ എന്ന ചോദ്യത്തിന് കങ്കണ മറുപടി നല്‍കിയത്. ഹിമാചല്‍ പ്രദേശിലെ ആളുകള്‍ അവരെ സേവിക്കാന്‍ തനിക്ക് അവസരം നല്‍കിയാല്‍ മികച്ചതായിരിക്കും. അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നും കങ്കണ പറഞ്ഞു.
മോദി രാജ്യത്തിന്റെ മഹാപുരുഷനാണെന്നും 2024ല്‍ മോദിയും രാഹുല്‍ ഗാന്ധിയുമായിരിക്കും മത്സരമെന്നും കങ്കണ പറഞ്ഞു. ആര് മത്സരിച്ചാലും മോദിക്ക് എതിരാളിയാകില്ലെന്നും അവര്‍ വ്യക്തമാക്കി. ഹിമാചലില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ചും കങ്കണ വാചാലയായി.
ആം ആദ്മി പാര്‍ട്ടിയുടെ വ്യാജ വാഗ്ദാനങ്ങളില്‍ ഹിമാചല്‍ പ്രദേശിലെ ജനം വീഴില്ലെന്നും ഹിമാചലിലെ ജനങ്ങള്‍ക്ക് സൗരോര്‍ജ്ജമുണ്ടെന്നും ആളുകള്‍ അവര്‍ക്കുവേണ്ട പച്ചക്കറികള്‍ സ്വയം വിളയിക്കുന്നവരാണെന്നും എഎപിക്ക് സൗജന്യ വാഗ്ദാനങ്ങള്‍ വിലപ്പോവില്ലെന്നും കങ്കണ പറഞ്ഞു.