Actor
ലാലേട്ടനു കൊടുക്കുന്നത്ര കോടികൾ എനിക്കു വേണമെന്നു പറഞ്ഞാൽ അത് വിവരമില്ലായ്മ അല്ലേ; ജയൻ ചേർത്തല
ലാലേട്ടനു കൊടുക്കുന്നത്ര കോടികൾ എനിക്കു വേണമെന്നു പറഞ്ഞാൽ അത് വിവരമില്ലായ്മ അല്ലേ; ജയൻ ചേർത്തല
ഹേമ കമ്മിറ്റി പുറത്ത് വന്നതിന് പിന്നാലെ മലയാള താര സംഘടനയായ അമ്മയുടെ മൗനം ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ ഇന്ന് വാർത്താ സമ്മേളനം വിളിച്ച് ചേർത്ത് അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് കാര്യങ്ങൾ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെ സംഘടനയുടെ വൈസ് പ്രസിഡന്റ് ജയൻ ചേർത്തല പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
അമ്മ ഷോ നടക്കുന്ന സമയത്താണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നത്. അന്നതിന്റെ റിഹേഴ്സലും പരിപാടികളുമൊക്കെ നടക്കുകയാണ്. മൂന്ന് ദിവസം തുടർച്ചയായി റിഹേഴ്സലുണ്ടായിരുന്നു. ആ സാഹചര്യമായതുകൊണ്ടാണ് വിഷയത്തിൽ കൂടുതൽ പഠിച്ചിട്ട് സംസാരിക്കാമെന്നു പറഞ്ഞത്. സിനിമയിൽ അങ്ങനെ കുഴപ്പമുണ്ടെന്നു വിശ്വസിക്കുന്നവരല്ല ഞങ്ങളാരും, സിനിമ ഞങ്ങളുടെ ഉപജീവന മാർഗമാണ്.
അതുകൊണ്ട് തന്നെ ഇങ്ങനെയൊരു റിപ്പോർട്ട് വന്നപ്പോൾ അങ്കലാപ്പിലായിപ്പോയി എന്നത് സത്യമാണ്. 17 എക്സിക്യൂട്ടിവ് മെംബേഴ്സ് ഉണ്ട്. അവർ പ്രതിനിധാനം ചെയ്യുന്ന 506 മെംബേഴ്സ് ഉണ്ട്. അവരുടെ അഭിപ്രായങ്ങൾ കൂടി ചോദിച്ചറിയണം. അല്ലാതെ ചാനലിൽ വന്ന് നമ്മുടെ വ്യക്തിപരമായ അഭിപ്രായം പറയുന്നത് ശരിയാണോ? ഇപ്പോൾ ഞാൻ പറയുന്നതും എന്റെ വ്യക്തിപരമായ അഭിപ്രായമാണ്.
‘അമ്മ’ ഇരകൾക്കൊപ്പമാണ്. വിഷയത്തിൽ അന്വേഷണം നടന്ന് കുറ്റക്കാരനാണെന്നു കണ്ടെത്തിയാൽ ഒരാളെപ്പോലും സംരക്ഷിക്കില്ല. അതിനുദാഹരണം ഉണ്ടല്ലോ. ജനങ്ങൾ ടിക്കറ്റെടുത്ത് കാണുന്ന സിനിമയുടെ പൈസകൊണ്ട് ജീവിക്കുന്നവരാണ് ഞങ്ങൾ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ ഈ വിഷയത്തിൽ ഉടൻ മറുപടി പറയണം, വച്ചുനീട്ടിക്കൊണ്ടുപോകരുത് എന്നാണ് ഞാൻ പറഞ്ഞത്. ആദ്യം പിന്തുണച്ചത് ലാലേട്ടനാണ്. സിദ്ദിഖ് ഇക്കയും പറഞ്ഞു നമുക്ക് പ്രതികരിക്കാം.
ആദ്യ കാലങ്ങളിൽ ഞങ്ങളടക്കം ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട്. ഈ അടുത്ത്, ഞാനും ഇന്ദ്രൻസേട്ടനുമടക്കം ഞങ്ങൾ ഒരു അഞ്ച് അഭിനേതാക്കളുണ്ട്. ഒരു നൂറ്റമ്പത് ജൂനിയർ ആർടിസ്റ്റുകളുണ്ട്. ഇവർക്കൊക്കെ കാരവാൻ സിസ്റ്റം കൊടുക്കാൻ പറ്റുമോ? അവർ പൊതുശൗചാലയമാണ് ഉപയോഗിച്ചത്. എങ്കിൽപോലും എല്ലാവരും ഉപയോഗിക്കുമ്പോൾ കുറച്ച് മോശമാകും.
ഈ റിപ്പോർട്ടിന് അടിസ്ഥാനപരമായ കാര്യങ്ങൾ നോക്കുകയാണെങ്കിൽ അന്നൊന്നും കാരവാൻ സംസ്കാരം മലയാള സിനിമയിൽ വന്നിട്ടില്ല. തുണി മറച്ചുപിടിച്ചൊക്കെയാണ് മരത്തിന്റെ ചുവട്ടിൽപോയി വസ്ത്രം മാറിയിരുന്നത്. അത് മലയാള സിനിമയുടെ പഴയകാലമാണ്. ഇപ്പോൾ അത് മാറി. കാരവൻ വന്നു, എല്ലാവർക്കും സൗകര്യങ്ങൾ വന്നു. ജൂനിയർ, സീനിയർ എന്നുപോലും അതിൽ നോക്കാറില്ല.
ഇതൊരു കച്ചവടമാണ്. മോഹൻലാലിന്റെ സിനിമ തിയേറ്ററിൽവരുമ്പോൾ ഇടിച്ചുതള്ളിയാണ് ആളുകൾ വരുന്നത്. അതിന്റെ കലക്‌ഷനും പൈസയും വലുതാണ്. ഞാൻ നായകനായാൽ എന്റെ ഭാര്യപോലും സിനിമ കാണാൻ വരില്ല. ലാലേട്ടനു കൊടുക്കുന്ന അത്രയും കോടികൾ എനിക്കു വേണമെന്നു പറഞ്ഞാൽ അതൊരു വിവരമില്ലായ്മ അല്ലേ. മാഡം അന്വേഷിച്ചപ്പോൾ മലയാള സിനിമയിൽ പത്ത് പതിനഞ്ച് സൂപ്പർസ്റ്റാറുകൾ ഉണ്ട്, ഇവർക്ക് ഭയങ്കര പൈസ കിട്ടുന്നുണ്ട്.
അവിടെ അഭിനയിക്കാൻ വരുന്ന ജൂനിയർ ആർട്ടിസ്റ്റുകൾക്ക് 350 രൂപയാണ് കിട്ടുന്നത്. മാഡത്തിന്റെ കാഴ്ചപ്പാട് സോഷ്യലിസ്റ്റ് കാഴ്ചപ്പാടായിരിക്കും. ആ ചിന്തയിൽ നിന്നു വന്നതാകും പതിനഞ്ച് അംഗ പവർ ഗ്രൂപ്പ്. പതിനഞ്ച് വർഷമായി സിനിമയിൽ ഉള്ള ആളാണ് ഞാൻ. അങ്ങനെയൊരു പവർ ഗ്രൂപ്പ് സിനിമയിലുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
അതുണ്ടെങ്കിൽ പുതിയ തലമുറയിലെ ആളുകൾ കടന്നുവരുമോ? പ്രേമലു സിനിമയൊക്കെ നോക്കൂ. പവർ ഗ്രൂപ്പ് തടസം നിന്നാൽ ഈ ആളുകളൊക്കെ എങ്ങനെ വരും. കഴിഞ്ഞ വർഷം 160 സിനിമകളിറങ്ങി, ഈ സിനിമകളൊക്കെ നിയന്ത്രിക്കുന്നത് ഈ പവർ ഗ്രൂപ്പ് ആണോ? അങ്ങനെയൊന്നില്ല എന്നും ജയൻ ചേർത്തല പറഞ്ഞു.
