Uncategorized
മഞ്ജു ചേച്ചിക്ക് ദേഷ്യമൊന്നും വരില്ല. ആ സമയത്ത് വേറെ ഏതെങ്കിലും ആര്‍ട്ടിസ്റ്റാണെങ്കില്‍ ചിലപ്പോള്‍ എന്നെ കൊന്നേനേ…; മഞ്ജു വാര്യരെക്കുറിച്ച് ജാന്മണി പറഞ്ഞത്!
മഞ്ജു ചേച്ചിക്ക് ദേഷ്യമൊന്നും വരില്ല. ആ സമയത്ത് വേറെ ഏതെങ്കിലും ആര്‍ട്ടിസ്റ്റാണെങ്കില്‍ ചിലപ്പോള്‍ എന്നെ കൊന്നേനേ…; മഞ്ജു വാര്യരെക്കുറിച്ച് ജാന്മണി പറഞ്ഞത്!
നിരവധി കാഴ്ചക്കാരുള്ള, ബിഗ് ബോസ് ആറാം സീസണില്‍ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ മത്സരാര്‍ത്ഥിയാണ് ജാന്മണി. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ ജാന്മണി ഗുവാഹത്തി സ്വദേശിയാണ്. തെന്നിന്ത്യന്‍ സിനിമാ രംഗത്തെ താര റാണിമാരെ മേക്കപ്പ് ചെയ്താണ് ജാന്മണി ശ്രദ്ധ നേടുന്നത്. ജാന്മണി മേക്കപ്പ് ചെയ്ത പ്രമുഖ നടിമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. തിരിച്ച് വരവില്‍ സിനിമകളിലും നിരവധി ഫോട്ടോഷൂട്ടുകള്‍ക്കും ഇവന്റുകള്‍ക്കുമെല്ലാം ജാന്മണി മഞ്ജുവിന് മേക്കപ്പ് ചെയ്തിട്ടുണ്ട്.
മഞ്ജു വാര്യരെക്കുറിച്ച് മുമ്പൊരിക്കല്‍ ജാന്മണി പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ആദ്യമായി മേക്കപ്പ് ചെയ്യുമ്പോള്‍ മഞ്ജു വാര്യര്‍ ആരാണെന്ന് തനിക്ക് അറിയില്ലായിരുന്നെന്ന് ജാന്മണി തുറന്ന് പറഞ്ഞു. പൂര്‍ണിമ ചേച്ചി പറഞ്ഞത് എന്റെയൊരു സുഹൃത്താണെന്നാണ്. ഞാന്‍ ഫോട്ടോഷൂട്ടിന് മേക്കപ്പ് ചെയ്ത് പോയി. മാഗസിന്‍ പുറത്തിറങ്ങി. പിന്നീട് യുകെയില്‍ നിന്നും ഒരു സ്ത്രീ വിളിച്ചു. എന്താണിപ്പോള്‍ വിളിക്കുന്നതെന്ന് തോന്നി. രാവിലെ നാല് മണിയാണ്. ജാന്‍മണിയാണോ എന്ന് ചോദിച്ചു.
മഞ്ജു വാര്യര്‍ 14 വര്‍ഷത്തിന് ശേഷം തിരിച്ച് വരികയാണ്, പക്ഷെ രണ്ട് ദിവസത്തിന് ശേഷം തിരിച്ച് വരുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. അത്രയും മനോഹരമാണെന്ന് അവര്‍ പറഞ്ഞു. എന്റെ പ്രായമെത്രയെന്നും ചോദിച്ചു. 23 എന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ നീയെന്നെ ഗ്രാന്റ് മദര്‍ എന്ന് വിളിക്കണമെന്ന് അവര്‍ പറഞ്ഞു. മഞ്ജു വാര്യരുടെ കടുത്ത ആരാധികയാണ് അവര്‍. അത് കഴിഞ്ഞ് ഞാന്‍ പൂര്‍ണിമ ചേച്ചിയെ വിളിച്ചു.
മഞ്ജു ചേച്ചി സിനിമ ചെയ്യാറുണ്ടോ എന്ന് ചോദിച്ചു. നീ ഉറങ്ങിയില്ല, എന്റെ ഉറക്കവും പോയി, നിനക്കറിയില്ലേ ലേഡി സൂപ്പര്‍സ്റ്റാറാണെന്ന് പൂര്‍ണിമ ചേച്ചി പറഞ്ഞു. നീ എന്താണ് അവരോട് പറഞ്ഞതെന്ന് പൂര്‍ണിമ ചേച്ചി ചോദിച്ചു. ഒന്നും പറഞ്ഞില്ല, ആളെ മനസിലായില്ലെന്ന് ഞാന്‍. പിന്നെ ഞാന്‍ മഞ്ജു ചേച്ചിയെ വിളിച്ചെന്നും ജാന്‍മണി അന്ന് വ്യക്തമാക്കി. മഞ്ജുവിന്റെ നല്ല മനസിനെക്കുറിച്ചും അന്ന് ജാന്മണി സംസാരിച്ചു.
മഞ്ജു ചേച്ചിയെ പോലെ ആള്‍ക്കാരെ കിട്ടാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്. കാരണം എത്ര നിശബ്ദയാണ്. എന്തൊരു സ്‌നേഹമാണ്. ഒരു ദിവസം ഭയങ്കര കോമഡിയായി. ഞാന്‍ തിരുവനന്തപുരത്തേയ്ക്ക് വന്നു. മൂന്ന് മണിയായി. എട്ട് മണിക്ക് വീട്ടിലേയ്‌ക്കെത്തണം എന്ന് മഞ്ജു ചേച്ചി പറഞ്ഞു. അഞ്ച് മണിക്ക് മഞ്ജു ചേച്ചിയുടെ അസിസ്റ്റന്റ് വന്നു. സമയമുണ്ടെന്ന് കരുതി ഞാന്‍ ഉറങ്ങി. ആ പയ്യന്‍ സോഫയില്‍ ഉറങ്ങി. എഴുന്നേറ്റപ്പോള്‍ 7.45 ആയി. എട്ട് മണിക്ക് എത്തണം. 9.30 ന് മഞ്ജു ചേച്ചിക്ക് പോകണം. കല്യാണിന്റെ ഉദ്ഘാടനമാണ്. ഞാനെത്തിയത് 9.25 നാണ്. മഞ്ജു ചേച്ചി ഒന്നും പറഞ്ഞില്ല.
കുഴപ്പമില്ല ജാനു, എനിക്ക് ടച്ചപ്പ് മാത്രം മതിയെന്ന് പറഞ്ഞു. അഞ്ച് മിനുട്ടിനുള്ളില്‍ ഞാന്‍ മേക്കപ്പും ഹെയറും ചെയ്തു. മഞ്ജു ചേച്ചി പോയി. ഒന്നും ചോദിച്ചില്ല. ഇവന്റ് കഴിഞ്ഞ് എന്നെ വിളിച്ചു. ജാനു ഉറങ്ങിപ്പോയല്ലേ എന്ന് ചോദിച്ചു. മഞ്ജു ചേച്ചിക്ക് ദേഷ്യമൊന്നും വരില്ല. ആ സമയത്ത് വേറെ ഏതെങ്കിലും ആര്‍ട്ടിസ്റ്റാണെങ്കില്‍ ചിലപ്പോള്‍ എന്നെ കൊല്ലും. കാരണം ഹെലികോപ്ടര്‍ കാത്ത് നില്‍ക്കുകയാണ്. ആ സമയത്ത് മഞ്ജു ചേച്ചി റെഡി ആയില്ലെങ്കില്‍ പ്രശ്‌നമായേനെയെന്നും ജാന്മണി അന്ന് ചൂണ്ടിക്കാട്ടി.
അതേസമയം, കരിയറിലെ തിരക്കുകളിലാണ് നടിയിപ്പോള്‍. തമിഴില്‍ രജിനികാന്തിനൊപ്പമുള്ള സിനിമ അണിയറയില്‍ ഒരുങ്ങുന്നു. മലയാളത്തില്‍ ഫൂട്ടേജ് ഉള്‍പ്പെടെയുള്ള സിനിമകളും പുറത്തിറങ്ങാനുണ്ട്. മലയാളത്തോടൊപ്പം തമിഴിലും ഇന്ന് മഞ്ജുവിന് തിരക്കേറുകയാണ്. ഇതുവരെ പുറത്തിറങ്ങിയ അസുരന്‍, തുനിവ് എന്നീ രണ്ട് സിനിമകളും ഹിറ്റായി. ഇതിനോടകം തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍ മഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്.
‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് മഞ്ജു വാര്യര്‍ തിരിച്ച് വന്നത്. സിനിമ മികച്ച വിജയം നേടി. പിന്നീട് അഭിനയ രംഗത്ത് താരം സജീവമായി. ആയിഷ, വെള്ളരിപട്ടണം തുടങ്ങിയവയാണ് മഞ്ജുവിന്റെ ഒടുവില്‍ പുറത്തിറങ്ങിയ മലയാള സിനിമകള്‍. ഇപ്പോള്‍ ‘മിസ്റ്റര്‍ എക്‌സ്’ എന്ന തമിഴ് സിനിമയിലാണ് മഞ്ജു വാര്യര്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ കൂടെ ‘തലൈവര്‍ 170’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലും മഞ്ജു പ്രധാന കഥാപ്ത്രമായി എത്തുന്നുണ്ട്. ബോളിവുഡിലും നടി ചുവടുവെയ്ക്കുന്നതായി വാര്‍ത്തകളുണ്ട്. ഫൂട്ടേജ് ആണ് ആരാധകര്‍ കാത്തിരിക്കുന്ന മഞ്ജുവിന്റെ മലയാള ചിത്രം.
