Connect with us

രമയുടെ കോളര്‍ ട്യൂണായിരുന്നു അത്, ഇപ്പോഴും അത് കേള്‍ക്കുമ്പോള്‍ ഒരു നൊമ്പരമാണ്; ഭാര്യയ്ക്ക് പ്രിയപ്പെട്ട പാട്ടിനെ കുറിച്ച് ജഗദീഷ്‌

Malayalam

രമയുടെ കോളര്‍ ട്യൂണായിരുന്നു അത്, ഇപ്പോഴും അത് കേള്‍ക്കുമ്പോള്‍ ഒരു നൊമ്പരമാണ്; ഭാര്യയ്ക്ക് പ്രിയപ്പെട്ട പാട്ടിനെ കുറിച്ച് ജഗദീഷ്‌

രമയുടെ കോളര്‍ ട്യൂണായിരുന്നു അത്, ഇപ്പോഴും അത് കേള്‍ക്കുമ്പോള്‍ ഒരു നൊമ്പരമാണ്; ഭാര്യയ്ക്ക് പ്രിയപ്പെട്ട പാട്ടിനെ കുറിച്ച് ജഗദീഷ്‌

മലയാളികള്‍ക്കേറെ പ്രിയങ്കരനായ നടനാണ് ജഗദീഷ്. അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങളിലെ കോമഡികള്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാറുണ്ട്. അഭിനയത്തിന് പുറമെ തിരക്കഥ, കഥ, സംവിധാനം തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട് ജഗദീഷ്. ഓഫ് സ്‌ക്രീനില്‍ നല്ലൊരു അധ്യാപകന്‍ കൂടിയാണ് ജഗദീഷ്. അവതാരകന്‍ എന്ന നിലയിലും ശ്രദ്ധ നേടിയിട്ടുള്ള ജഗദീഷ് രാഷ്ട്രീയത്തിലും ഒരു കൈ നോക്കിയിട്ടുണ്ട്. കോമഡിയാണ് ജഗദീഷിനെ താരമാക്കുന്നതെങ്കിലും നായകനായും വില്ലനായുമെല്ലാം കയ്യടി നേടിയിട്ടുണ്ട് ജഗദീഷ്. ഇപ്പോള്‍ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമകളില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് നടന്‍.

ജഗദീഷിന്റെ ഭാര്യ ഡോ.പി രമയുടെ വിയോഗം സിനിമാലോകത്തെയും ആരാധകരെയും ഒന്നടങ്കം ഞെട്ടിച്ച ഒന്നാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്ന രമ അസുഖ ബാധിതയായി ഏറെ നാളുകളായി കിടപ്പിലായിരുന്നു. 2022 ഏപ്രില്‍ ഒന്നാം തീയതിയാണ് രമ അന്തരിച്ചത്. കേരളത്തിലെ പ്രമാദമായ പല കേസുകളിലും ഫോറന്‍സിക് രംഗത്ത് രമ നടത്തിയിട്ടുള്ള കണ്ടെത്തലുകള്‍ നിര്‍ണായകമായിരുന്നു.

മറ്റ് നടന്മാരുടെ ഭാര്യമാരെപ്പോലെ എപ്പോഴും പൊതുവേദികളില്‍ ജഗദീഷിനൊപ്പം രമ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നില്ല. താന്‍ ഭാര്യയ്‌ക്കൊപ്പം എന്തുകൊണ്ട് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നില്ലെന്നതിന്റെ കാരണം ജഗദീഷും അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ ജീവിതത്തില്‍ ഭാര്യ രമ വഹിക്കുന്ന പങ്കിനെ കുറിച്ച് മുമ്പ് പല അഭിമുഖങ്ങളിലും താരം തുറന്ന് പറഞ്ഞിരുന്നു.

സമ്പന്നമായ കുടുംബത്തില്‍ നിന്നും തന്നോടൊപ്പം ജീവിക്കാന്‍ എത്തിയപ്പോഴും പരാതികള്‍ പറയാതെ എല്ലാത്തിനോടും പൊരുത്തപ്പെടാനാണ് രമ ശ്രമിച്ചിരുന്നത് എന്നാണ് ജഗദീഷ് പറഞ്ഞത്. ഭാര്യയുടെ വിയോഗത്തിനുശേഷം ജഗദീഷ് ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു. ഭാര്യയുടെ വേര്‍പാട് സംഭവിച്ച് രണ്ടുവര്‍ഷത്തോട് അടുക്കുമ്പോഴും ഇപ്പോഴും രമയെ കുറിച്ച് സംസാരിക്കുമ്പോള്‍ ജഗദീഷിന്റെ കണ്ണ് നിറയും.

ഇപ്പോഴിതാ ഭാര്യയ്ക്ക് പ്രിയപ്പെട്ട പാട്ടിനെ കുറിച്ചും ഗായികയെ കുറിച്ചും ജഗദീഷ് വെളിപ്പെടുത്തിയ വീഡിയോയാണ് വൈറലാകുന്നത്. ഏഷ്യനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന സംഗീത പരിപാടിയായ ഐഡിയ സ്റ്റാര്‍ സിങറില്‍ അതിഥിയായി എത്തിയപ്പോഴാണ് നടന്‍ മനസ് തുറന്നത്.

‘രമ നല്ലൊരു പാട്ട് ആസ്വാദകയായിരുന്നു. രമയുടെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകാരി ചിത്രയാണ്. ചിത്രയുടെ പാട്ടായിരുന്നു രമയുടെ ഫോണിലെ കോളര്‍ ട്യൂണ്‍. കാതില്‍ തേന്മഴയായി എന്ന ചിത്രയുടെ പാട്ടായിരുന്നു രമയുടെ കോളര്‍ ട്യൂണ്‍. ആ പാട്ട് ഇപ്പോഴും എന്റെ മനസില്‍ ഇഷ്ടം എന്നതിന് അപ്പുറം എനിക്ക് ഒരു നൊമ്പരമാണ്. ആ പാട്ട് കേള്‍ക്കുമ്പോള്‍ എനിക്ക് സന്തോഷം ഒക്കെ തോന്നും.’

‘പക്ഷെ അതേസമയം തന്നെ എന്റെ മനസിലേക്ക് ഓടി എത്തുന്നത് രമയുടെ മുഖമാണ്. സംഗീതത്തിന് നമ്മളെ എന്നും വേറെ ഒരു ലോകത്തിലേക്ക് ഉയര്‍ത്താന്‍ കഴിയും. രമ ചിത്രയുടെ ഒരു വലിയ ഫാന്‍ ആയിരുന്നു’, എന്നാണ് ജഗദീഷ് പറഞ്ഞത്. ശേഷം ചിത്ര അതേ ഗാനം ആലപിച്ചപ്പോള്‍ കണ്ണ് നിറഞ്ഞുകൊണ്ട് ആ ഗാനം ജഗദീഷ് ആസ്വദിക്കുന്നതും വീഡിയോയില്‍ കാണാം.

അടുത്തിടെയും അദ്ദേഹം ഭാര്യയെ കുറിച്ച് പറഞ്ഞിരുന്നു. ഞാന്‍ കൂടുതല്‍ ക്യാരക്ടര്‍ വേഷം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നയാളാണ് ഭാര്യ രമ. ഇപ്പോള്‍ അത്തരം കഥാപാത്രങ്ങള്‍ കൂടുതല്‍ വന്നപ്പോള്‍ കാണാന്‍ അവളില്ല. ഞാന്‍ രാത്രി കിടക്കുമ്പോഴും രാവിലെ എഴുന്നേല്‍ക്കുമ്പോഴും രമ മനസിലേക്ക് കടന്ന് വരും. എന്റെ കഴിവില്‍ എന്നെക്കാള്‍ വിശ്വസിച്ചിരുന്നത് അവളായിരുന്നു. നല്ല ക്യാരക്ടര്‍ വേഷങ്ങള്‍ ഉറപ്പായും തേടി വരും എന്നവള്‍ക്ക് ഉറപ്പായിരുന്നു. സിനിമയുടെ പ്രശസ്തിയോ സിനിമാനടന്റെ ഭാര്യയെന്ന പേരോ രമ ഒരിക്കലും ആഗ്രഹിച്ചില്ല.

മക്കളുടെ കല്യാണത്തിന് അതിഥികള്‍ വരുമ്പോള്‍ ഞാന്‍ രാഷ്ട്രീയക്കാരെയും സിനിമാക്കറെയും സ്വീകരിക്കാന്‍ നില്‍ക്കുമ്പോള്‍ രമ അവളുടെ ജോലിയുമായി ബന്ധപ്പെട്ട സ്റ്റാഫിനെയും പഴയ കൂട്ടുകാരെയും സ്വീകരിക്കാന്‍ ആണ് മുന്നില്‍ നിന്നത്. തനിക്ക് പിടിപെട്ട രോഗാവസ്ഥയെ കുറിച്ച് ഡോക്ടറെന്ന നിലയില്‍ രമയ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. എന്നാല്‍ ഒരിക്കല്‍ മാത്രമേ രമയുടെ കണ്ണ് നിറഞ്ഞ് ഞാന്‍ കണ്ടിട്ടുള്ളൂവെന്നും അദ്ദേഹം കണ്ണിരോടെ പഞ്ഞിരുന്നു.

More in Malayalam

Trending